കേരളത്തിലെ ഉദ്യോഗാര്‍ത്ഥികളുടെ ഏറ്റവും വലിയ ആഗ്രഹം പലപ്പോഴും തങ്ങള്‍ക്കു സര്‍ക്കാര്‍ സര്‍വ്വീസില്‍ ഒരു തൊഴില്‍ ലഭിക്കണം എന്നുള്ളതാണ്. മെച്ചപ്പെട്ട വേതനവും ഇതര ആനുകൂല്യങ്ങളും അവകാശങ്ങളും സര്‍ക്കാര്‍ സര്‍വ്വീസിനെ ആകര്‍ഷകമാക്കുന്നു. ഭരണഘടനാ സ്ഥാപനമായ പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ വഴിയാണ് യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ സര്‍ക്കാര്‍ സര്‍വ്വീസില്‍ കണ്ടെത്തുന്നത്. പി.എസ്.സി നടത്തുന്ന എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും മാര്‍ക്കിന്റെ അടിസ്ഥാനത്തിലായിരിക്കും അത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ചു കേരളത്തില്‍ സാമാന്യേന കൂടുതല്‍ നിയമനങ്ങള്‍ പി.എസ്.സി. വഴി നടക്കുന്നുണ്ട് എന്ന കാര്യം പരിഗണിക്കേണ്ടതായിട്ടുണ്ട്. കേന്ദ്ര സര്‍വ്വീസിലെ നിയമനങ്ങള്‍ യു.പി.എസ്.സി വഴിയാണു നടത്തുന്നത്. പല തസ്‌തികകളും കേന്ദ്രത്തില്‍ നികത്തപ്പെടുന്നില്ല എന്ന ആരോപണം ബാക്കി നില്‌ക്കുമ്പോഴും രാജ്യത്താകമാനം യോഗ്യരായ ഉദ്യോഗാര്‍ത്ഥികളെ കണ്ടെത്താന്‍ ചുമതലയുള്ള യു.പി.എസ്.സിയില്‍ കേവലം ഒന്‍പതു അംഗങ്ങള്‍ മാത്രമുള്ളപ്പോള്‍, കേരളത്തിലാകട്ടെ ചെയര്‍മാനടക്കം 21 പേരാണുള്ളത്. രാഷ്‌ട്രീയ പാര്‍ട്ടികളില്‍ പാര്‍ലമെന്റ് രംഗത്തേക്കു കടന്നുവരാന്‍ പറ്റാത്തവര്‍ക്കും മുന്നണി സംവിധാനത്തില്‍ നീക്കുപോക്കുകള്‍ക്കുമായി കൂടുതല്‍ പേരെ നിയമിക്കുന്ന രീതി ആശാസ്യമല്ല. പി.എസ്.സിയുടെ അംഗബലം ഇപ്പോഴുള്ള 21 ആയി വര്‍ദ്ധിപ്പിച്ചത് യു.ഡി.എഫ് സര്‍ക്കാര്‍ ആണ്. 20 അംഗങ്ങളില്‍ പത്തു പേരെ പൊതുപ്രവര്‍ത്തകരില്‍ നിന്നും ബാക്കി 10 പേരെ സര്‍വ്വീസ് മേഖലയില്‍ നിന്നുമാണ് കണ്ടെത്തുന്നത്. പ്രത്യേക യോഗ്യതാമാനദണ്ഡം ഒന്നും പറയുന്നില്ല. 6 വര്‍ഷമാണ് കാലാവധി. പി.
എസ്.സി അംഗത്തിനു 70290 രൂപ പ്രതിമാസ ശമ്പളവും 223 ശതമാനം കേന്ദ്ര നിരക്കില്‍ ഡി.എ.യും എച്ച്.ആര്‍.എ 10000 രൂപയും യാത്ര ബത്തയായി 5000 രൂപയും ചേര്‍ത്ത് 242036 രൂപ ശമ്പളം ലഭിക്കും. സ്വന്തം വാഹനത്തിലെ യാത്രക്കു കിലോമീറ്ററിനു 15 രൂപ യാത്രാബത്തയും ഡ്രൈവറുടെ ശമ്പളവും വാഹനം വാങ്ങിക്കുവാന്‍ പലിശരഹിത വായ്‌പയും അംഗത്തിന്റെയും പങ്കാളിയുടെയും ആജീവനാന്ത ചികിത്സാ ചെലവും ലഭിക്കും. 6 വര്‍ഷം പൂര്‍ത്തിയാക്കുന്നവര്‍ക്ക് പ്രതിമാസം 1.2 ലക്ഷം ആജീവനാന്ത പെന്‍ഷനായി ലഭിക്കുന്നതും ഇതിലേക്കുള്ള ആകര്‍ഷണം കൂട്ടുന്നു. ചെയര്‍മാന്റെ അടിസ്ഥാന ശമ്പളം 76450 രൂപയായതിനാല്‍ അദ്ദേഹത്തിന ് ഇതിലും കൂടുതല്‍ തുക ലഭിക്കും. ഈ ശമ്പളവും ആനുകൂല്യവും ഇനിയും വര്‍ദ്ധിപ്പിക്കണമെന്ന ശിപാര്‍ശ
പാവപ്പെട്ടവരുടെ മുഖത്തു നോക്കി കൊഞ്ഞനം കുത്തുന്നതിനു
തുല്യമാണ്.
ഇത്രയും ആകര്‍ഷകത്വമുള്ള ശമ്പളവും ആനുകൂല്യങ്ങളും ലഭിക്കുന്ന ഈ തസ്‌തികയിലെ നിയമനം സംബന്ധിച്ചാണ് ഇപ്പോള്‍ കമ്യൂണിസ്റ്റ് മാര്‍കിസ്റ്റു പാര്‍ട്ടിയിലും പൊതു സമൂഹത്തിലും വിവാദം ഉണ്ടായിരിക്കുന്നത്. കോഴിക്കോട്ടെ സി.പി.എം പ്രാദേശിക നേതാവ്, വനിതാ ഹോമിയോ ഡോക്‌ടറെ പി.എസ്.സി അംഗമാക്കാമെന്നു പറഞ്ഞു അവരുടെ ഭര്‍ത്താവില്‍ നിന്നു അറുപതു ലക്ഷം രൂപ ആവശ്യപ്പെട്ടുവെന്നും 22 ലക്ഷം രൂപ കൈപറ്റിയെന്നുമാണ് പരാതി. ഇതിനെ സംബന്ധിച്ച പരാതി പ്രതിപക്ഷം നിയമസഭയില്‍ ഉന്നയിച്ചപ്പോള്‍ അതൊരു മാധ്യമവാര്‍ത്തയാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഒപ്പം നാട്ടില്‍ പലവിധ തട്ടിപ്പുകള്‍ നടക്കുന്നുണ്ടെന്നും അതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തുക കൊടുത്ത ഡോക്‌ടര്‍ക്കു പി.
എസ്.സി അംഗത്വം ലഭിക്കാതെ വരികയും പിന്നീടവര്‍ക്ക് ആയുഷില്‍ ഉന്നത തസ്‌തിക വാഗ്‌ദാനം ചെയ്യപ്പെടുകയും എന്നാല്‍ അതും നടക്കാതെ വരികയും ചെയ്‌തപ്പോഴാണ് പാര്‍ട്ടി ഫോറത്തില്‍ പരാതിപ്പെട്ടതും മാധ്യമങ്ങള്‍ വഴി ഇക്കാര്യങ്ങള്‍ പുറത്തായതും. ഏറ്റവും ഒടുവിലായി പത്രത്തില്‍ വന്ന വാര്‍ത്തയനുസരിച്ച് സി.പി.എം നേതാവ് വാങ്ങിയ തുക തിരികെ ലഭിച്ചെന്ന് ആരോപണം ഉന്നയിച്ച സ്‌ത്രീയുടെ ഭര്‍ത്താവ് പറഞ്ഞതായാണ് പത്രദാര അറിയാന്‍ കഴിഞ്ഞത്. കൊടുക്കല്‍ വാങ്ങലുകള്‍ പാര്‍ട്ടിഫോറത്തില്‍ പരിഹരിച്ചതുകൊണ്ടു മാത്രം തീരുന്ന ഗൗരവം കുറഞ്ഞ ഒരു പ്രശ്‌നമല്ല ഇത്. ജനതാദള്‍ എസ്-നു ലഭിച്ച പി.എസ്.സി അംഗത്വം ഇടതുമുന്നണിയിലെ ഘടകകക്ഷിയായ ജനതാദള്‍ എസ് കോഴ നേട്ടത്തിനു ഉപയോഗപ്പെടുത്തിയതായി ആ പാര്‍ട്ടിയില്‍ തന്നെ വിവാദം ഉയര്‍ന്നിരുന്നു. ഉയര്‍ന്ന മൂല്യങ്ങളും തത്വദീക്ഷയും മുറുകെ പിടിച്ചു നിഷ്‌പക്ഷമായും സുതാര്യമായും പ്രവര്‍ത്തിക്കേണ്ട ഭരണഘടന സ്ഥാപനമായ പി.എസ്.സി യിലേക്കുള്ള നിയമനം എല്ലാ അര്‍ത്ഥത്തിലും വിവാദത്തിനു അതീതമാകണം. പണം മേടിച്ച് ഒരാള്‍ പി.എസ്.സി അംഗത്വം വാങ്ങിയാല്‍ അങ്ങനെയുള്ള ആള്‍ ആ തസ്‌തികയില്‍ ഇരുന്നു പണം ഉണ്ടാക്കാനുള്ള വഴികള്‍ തേടുമെന്നതു സ്വഭാവിക യുക്തിക്കു നിരക്കുന്നതാണ്. അങ്ങനെ വരുമ്പോള്‍ അര്‍ഹതയുള്ളവര്‍ അവഗണിക്കപ്പെട്ടേക്കാം. അര്‍ഹതയില്ലാത്തവര്‍ തിരഞ്ഞെടുക്കപ്പെട്ടേക്കാം. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വലിയ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സി.പി.എം തിരുത്തലുകള്‍ക്കും മാറ്റങ്ങള്‍ക്കും മുതിരുന്നെങ്കില്‍ അതു സ്വാഗതാര്‍ഹമാണ്. എന്നാല്‍ അതു കേവലം വാക്കുകളില്‍ ഒതുങ്ങിയാല്‍ പോരാ പ്രവര്‍ത്തികളില്‍ കാണിച്ചു തരണം. സാമ്പത്തിക നേട്ടത്തിനുവേണ്ടി കമ്യൂണിസ്റ്റു പാര്‍ട്ടിയില്‍ പലരും അടുത്തകാലത്തു കടന്നു വരുന്നുണ്ടെന്നുള്ള പാര്‍ട്ടി സെക്രട്ടറി എം. വി. ഗോവിന്ദന്റെ പ്രതികരണം ഇത്തരുണത്തില്‍ കൂട്ടി വായിക്കേണ്ടതാണ്. ഒപ്പം പി.എസ്.സിയുടെ അംഗബലം കുറയ്‌ക്കുന്നതു സംബന്ധിച്ചു ഗവണ്‍മെന്റ് നയപരമായ തീരുമാനം എടുക്കണം. പാവപ്പെട്ടവരോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ അടയാളമായി അതു മനസിലാക്കപ്പെട്ടേക്കാം.