2025 ആഗോള കത്തോലിക്ക സഭ ജൂബിലി വര്‍ഷമായി കൊണ്ടാടുന്നതിന്റെ ഭാഗമായി 2024 പ്രാര്‍ത്ഥനാ വര്‍ഷമായി ആചരിക്കാന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ആഹ്വാനം ചെയ്തതിന്റെ വെളിച്ചത്തിലും, KCBC ഈ വര്‍ഷം യുവജന വര്‍ഷമായി പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിലും, കോട്ടയം അതിരൂപത ജീസസ് യൂത്തും കരിസ്മാറ്റിക് കമ്മീഷനും, സംയുക്തമായി 2024 ഓഗസ്റ്റ് മാസം പതിനഞ്ചാം തീയതി മുതല്‍ 2025 ഓഗസ്റ്റ് 15 വരെ -Route 2 Roots-എന്ന പേരില്‍ കോട്ടയം അതിരൂപതയ്ക്ക് വേണ്ടിയും പ്രത്യേകിച്ച് യുവജനങ്ങള്‍ക്കും കുട്ടികള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുവാനുള്ള വര്‍ഷമായി ആചരിക്കുകയാണ്.
Route 2 Roots ന്റെ ഔദ്യോഗികമായ ഉദ്ഘാടനം തുവാനിസ പ്രാര്‍ഥനനലയത്തില്‍ അഖണ്ഡ ജപമാലയുടെ സമാപനത്തോട് ചേര്‍ന്ന്,മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത നിര്‍വഹിച്ചു. Route 2 Roots ന്റെ ലോഗോയും ജീസസ് യൂത്ത് അതിരൂപത ടീം തയ്യാറാക്കിയ കോട്ടയം അതിരൂപതക്കായുള്ള പ്രാര്‍ത്ഥനാ കാര്‍ഡും പിതാവ് പ്രകാശനം ചെയ്തു.
കര്‍ത്താവ് ഒരുക്കുന്ന ഈ ആത്മീയ വിരുന്നില്‍ എല്ലാവരെയും ഉള്‍പ്പെടുത്താനും വ്യതിചലിച്ചു നില്‍ക്കുന്നവരെയും സ്‌നേഹത്തോടെ ചേര്‍ത്ത് നിര്‍ത്തി ഒന്നായി പ്രാര്‍ത്ഥനയുടെ ഒരു വലിയ സമൂഹമായി മാറുവാനും പിതാവ് ആഹ്വാനം ചെയ്തു. അനേകം വൈദീകരും സന്യസ്തരും യുവജനങ്ങളും അല്‍മായരും ഈ ധന്യനിമിഷത്തിന്
സാക്ഷിയായി .
Route 2 Roots ലൂടെ ഈ വര്‍ഷം ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍:
1. കോട്ടയം അതിരൂപതയ്ക്ക് വേണ്ടിയുള്ള പ്രാര്‍ത്ഥന കാര്‍ഡ് (വ്യക്തിപരമായും കുടുംബ പ്രാര്‍ത്ഥനയിലും ഉപയോഗിക്കുവാന്‍)
2. എല്ലാ ഇടവകകളിലും ജീസസ് യൂത്തിന്റെയും, കരിസ്മാറ്റിക് കമ്മീഷന്റെയും നേത്രത്വത്തില്‍ ഇടവകയിലുള്ള എല്ലാവരെയും ഉള്‍പ്പെടുത്തിക്കൊണ്ട് ഒരു മണിക്കൂര്‍ സമയം യുവജനങ്ങള്‍ക്ക് വേണ്ടിയും കുട്ടികള്‍ക്കും വേണ്ടിയും ഉള്ള ആരാധന.
3. ഈ വര്‍ഷം മുഴുവന്‍ യുവജനങ്ങള്‍ക്ക് വേണ്ടിയും കുട്ടികള്‍ക്ക് വേണ്ടിയും പ്രാര്‍ത്ഥിക്കുവാന്‍ പറ്റുന്ന തരത്തിലുള്ള കമ്മിറ്റ്‌മെന്റ് സ്വീകരിക്കല്‍.
4. എല്ലാ ദിവസവും വിശുദ്ധ കുര്‍ബാനയുടെ മുമ്പില്‍ ഒരു മണിക്കൂര്‍ സമയം പ്രാര്‍ത്ഥിക്കുന്ന അനേകം വ്യക്തികളെ കണ്ടെത്തല്‍.
5. ഫൊറോന തലത്തില്‍ 8 മുതല്‍ 10 വരെ ക്‌ളാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വേണ്ടിയുള്ള Teens Retreat.