കേരള സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു എന്നതു വസ്‌തുതയാണ്. കാരണങ്ങളെക്കുറിച്ചു പലരും പല തരത്തില്‍ വിലയിരുത്തല്‍ നടത്തുന്നുണ്ടാകാം. സംസ്ഥാന സര്‍ക്കാര്‍ പറയുന്നതനുസരിച്ചു കേന്ദ്ര സര്‍ക്കാര്‍ കേരളത്തിനു ആവശ്യമായ ജി.എസ്.ടി വിഹിതം തരാത്തതുകൊണ്ടും കേരളത്തിന്റെ കടമെടപ്പു പരിധി വെട്ടി കുറച്ചതുകൊണ്ടുമാണ് ഇത്തരത്തിലുള്ള സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടാവുന്നത്. എന്നാല്‍ കേന്ദ്ര ധനമന്ത്രി ഇത്തരത്തിലുള്ള ആരോപണങ്ങളെ നിഷേധിച്ചിരുന്നു. കേരളത്തിനു അര്‍ഹമായ വിഹിതം നിഷേധിച്ചില്ലെന്ന നിലപാടാണ് കേന്ദ്രസര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. സര്‍ക്കാറിന്റെ കെടുകാര്യസ്ഥതയും നികുതി പിരിവിലെ വീഴ്‌ചയും ധൂര്‍ത്തുമാണ് സര്‍ക്കാരിന്റെ സാമ്പത്തിക നില മോശമാകുവാന്‍ കാരണമെന്ന വാദമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്. കേരളത്തിനു കേന്ദ്രത്തില്‍ നിന്നു ലഭിച്ചുകൊണ്ടിരുന്ന വിഹിതത്തില്‍ കുറവുണ്ടായി എന്നതു സംസ്ഥാന സര്‍ക്കാര്‍ കണക്കുകള്‍ സഹിതം വിശദീകരിക്കുമ്പോള്‍ അതു നിഷേധിക്കുവാന്‍ സാധിക്കുമെന്നു തോന്നുന്നുമില്ല. സാമ്പത്തിക പരാധീനതകൊണ്ടാണ് കേരളത്തിന്റെ പല ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കും വികസന പ്രവര്‍ത്തനങ്ങള്‍ക്കും ഇന്നു തടസം ഉണ്ടാകുന്നത്. ഇങ്ങനെയുള്ള സാഹചര്യത്തില്‍ പൂക്കോട് വെറ്ററിനറി സര്‍വ്വകലാശാലയില്‍ തസ്‌തിക സൃഷ്‌ടിച്ച് 156 അദ്ധ്യാപകരെ നിയമിക്കുന്നതിനു നീക്കം നടക്കുന്നതായി പത്രത്തിലൂടെ വായിച്ചറിയുവാന്‍ ഇടയായി. ജനുവരി ഒമ്പതാം തീയതി നടന്ന സര്‍വ്വകലാശാലയുടെ ബോര്‍ഡ് ഓഫ് മാനേജ്‌മെന്റ് യോഗത്തിലാണ് വന്‍ അഴിമതിക്കു കളമൊരുക്കുന്ന ഈ തീരുമാനം ഉണ്ടായതെന്നാണ് ആക്ഷേപം.
വെറ്ററിനറി സര്‍വ്വകലാശാലയുടെ സ്റ്റാറ്റിയൂട്ടില്‍ ഉള്‍പ്പെടുത്താതെ പുതുതായി ഏഴു വകുപ്പുകള്‍ രൂപീകരിച്ചു. അസിസ്റ്റന്റ് പ്രൊഫസര്‍മാരുടെ ഇല്ലാത്ത തസ്‌തികളിലേക്കാണ് നിയമനത്തിനു ശുപാര്‍ശയുള്ളതെന്നു കേള്‍ക്കുന്നു. ഏറ്റവും തമാശയായി തോന്നുന്നത് നിലവിലുള്ള അസിസ്റ്റന്റ് പ്രൊഫസര്‍മാര്‍ക്കു സ്ഥാനക്കയറ്റം നല്‌കിയെന്ന് സങ്കല്‌പിച്ച് അതിലൂടെ സൃഷ്‌ടിക്കപ്പെടുന്ന അധിക ഒഴിവുകളിലേക്കാണ് നിയമനത്തിനു ഒരുങ്ങുന്നത്. വെറ്ററിനറി സര്‍വ്വകലാശാലയുടെ ദൈനംദിന ചെലവുകള്‍ക്കും ശമ്പളം – പെന്‍ഷന്‍ വിതരണത്തിനും സര്‍വ്വസകലാശാല സാമ്പത്തികമായി ബുദ്ധിമുട്ട് അനുഭവിക്കുമ്പോഴാണ് പ്രതിവര്‍ഷം 20 കോടിയലധികം രൂപ അധിക ബാധ്യത ഉണ്ടാക്കുന്ന ഈ നീക്കം. യോഗത്തില്‍ സര്‍ക്കാരിന്റെ പ്രതിനിധികള്‍ നാമമാത്രമായ എതിര്‍പ്പ് ഉന്നയിച്ചു എന്നതിനപ്പുറം ഈ അധികാര ദുര്‍വിനിയോഗത്തെ തടയുവാന്‍ ആവശ്യമായ നീക്കം ഉണ്ടായില്ലെന്നു പറയപ്പെടുന്നു. ഇഷ്‌ടക്കാരെ നിയമിക്കുന്നതിനുവേണ്ടി നിയമന നടപടികളിലും കാര്യമായ വെള്ളം ചേര്‍ക്കല്‍ നടന്നതായി ആരോപണം ഉണ്ട്. അതു പ്രകാരം ചില വിഷയങ്ങളില്‍ ഉദ്യോഗാര്‍ത്ഥികള്‍ നെറ്റ് പാസ്സാവണമെന്ന വ്യവസ്ഥപോലും ഒഴിവാക്കപ്പെട്ടതായി ആരോപണം ഉണ്ടായിട്ടുണ്ട്. യൂണിവേഴ്‌സിറ്റി ഗ്രാന്‍ഡ് കമ്മീഷന്റെ മാനദണ്ഡമനുസരിച്ച് അദ്ധ്യാപക വിദ്യാര്‍ത്ഥി അനുപാതം 1:20 ആണ്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ വെറ്ററിനറി സര്‍വ്വകലാശാലയുടെ കീഴിലുള്ള മൂന്നു ഫാക്കല്‍റ്റികളിലും ഏഴു അനുബന്ധ കോളജുകളിലുമായി 335 അദ്ധ്യാപകരും 2510 വിദ്യാര്‍ത്ഥികളുമാണുള്ളത്. അതായത് അനുപാതം 1:8 ആണ് മാനദണ്ഡമനുസരിച്ച് ഇപ്പോള്‍തന്നെ അദ്ധ്യാപകര്‍ അധികമായിരിക്കുന്നിടത്താണ് സര്‍ക്കാരിനു അധിക ബാധ്യതയുണ്ടാക്കുന്ന മുന്‍-പിന്‍ നോട്ടമില്ലാത്ത ഈ നടപടി. വെറ്ററിനറി വിഭാഗത്തില്‍ 85 ഉം ഡയറി വിഭാഗത്തില്‍ 71 ഉം തസ്‌തികളിലേക്കാണ് നിയമന നടപടികള്‍ നടക്കുന്നതെന്നാണ് വിവരം. സാമ്പത്തിക ബാധ്യത വരുത്തുന്ന തീരുമാനമായിട്ടും നിയമന നിര്‍ദ്ദേശത്തില്‍ സര്‍വ്വകലാശാലയുടെ ഫിനാന്‍സ് ഓഫിസറുടെ അഭിപ്രായം രേഖപ്പെടുത്തിയില്ല. ലോ ഓഫിസറുടെ അഭിപ്രായം നേടാതെയുമാണ് അജന്‍ണ്ട പാസാക്കിയത്. കാലാകാലങ്ങളില്‍ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ തങ്ങള്‍ക്കിഷ്‌ടപ്പെട്ടവരെ കുടിയിരുത്തുവാന്‍ വേണ്ടി സര്‍വ്വകലാശാലകളുടെ എണ്ണം പെരുപ്പിച്ചതുകൊണ്ടാണ് ഇതുപോലുള്ള പ്രതിസന്ധി ഉണ്ടായത്. നിലവില്‍ 2510 വിദ്യാര്‍ത്ഥികള്‍ക്കുവേണ്ടി ഒരു വേറിട്ട സര്‍വ്വകലാശാലയെന്ന നിലയില്‍ പ്രവര്‍ത്തിക്കണമോ അതോ മറ്റു സര്‍വ്വകലാശാലയുമായി ബന്ധപ്പെടുത്തിയോ സംയോജിപ്പിച്ചോ പ്രവര്‍ത്തിക്കുവാന്‍ പറ്റുമോ എന്നതാണ് ചിന്തിക്കേണ്ടത്. കേരളത്തിലെ വിദ്യാര്‍ത്ഥികള്‍ എങ്ങനെയും വിദേശത്തു പഠിക്കുവാനായി പരക്കം പായുമ്പോള്‍, കേരളത്തിലെ യൂണിവേഴ്‌സിറ്റികളിലും കോളജുകളിലും പല വിഷയങ്ങളും പഠിക്കാന്‍ വിരലില്‍ എണ്ണാന്‍ മാത്രം വിദ്യാര്‍ത്ഥികള്‍ ഉള്ളപ്പോള്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഉപേക്ഷിക്കണം. പ്രൊഫസര്‍മാരുടെയും അദ്ധ്യാപകരുടെയും ശമ്പളം മുടങ്ങുന്നില്ല. മുടങ്ങാതിരിക്കട്ടെയെന്നു തന്നെയാണ് ഞങ്ങളുടെയും നിലപാട്. എന്നാല്‍ തുഛമായ വേതനം പറ്റുന്ന ആശാ വര്‍ക്കര്‍മാരുടെയും ക്ഷേമപെന്‍ഷന്‍ വാങ്ങുന്ന പാവപ്പെട്ടവരുമാണ് സാമ്പത്തിക ഞെരുക്കത്തിന്റെ ബുദ്ധിമുട്ടുകള്‍ ഏറ്റവും അനുഭവിക്കുന്നത്. സര്‍വ്വകലാശാലകളെ കേരളത്തില്‍ രാഷ്‌ട്രീയക്കാരുടെ കറവ പശുക്കളാക്കുന്ന നിലപാട് ഉപേക്ഷിച്ചേ മതിയാവൂ. ആഗോള നിലവാരമുള്ള ഒരു സര്‍വ്വകലാശാല പോലും കേരളത്തില്‍ ഇല്ല എന്നതാണ് സത്യം. സര്‍വ്വകലാശാലകളുടെ സ്വയം ഭരണാധികാരത്തിന്റെ പിന്‍ബലത്തില്‍ നടത്തുന്ന അധികാര ദുര്‍വിനിയോഗം ഉന്നത വിദ്യാഭ്യാസ മേഖലയുടെ നിലവാര തകര്‍ച്ചക്കു കാരണമാകുന്നതോടൊപ്പം സാമ്പത്തിക ബാധ്യതക്കും കാരണമാകുന്നു. 2011 ല്‍ കാര്‍ഷിക സര്‍വ്വകലാശാല വിഭജിച്ച് വെറ്ററിനറിക്കും ഫിഷറീസിനുമായി പ്രത്യേക സര്‍വ്വകലാശാലകള്‍ക്കു രൂപം നല്‌കി. എന്നാല്‍ ഈ സര്‍വ്വകലാശാലകള്‍ കൊണ്ടു കേരളത്തില്‍ എന്തുമാത്രം ഗുണമാണുണ്ടായത്, പ്രത്യേകിച്ചും ബന്ധപ്പെട്ട മേഖലയില്‍ എന്നതിനു ഒരു സോഷ്യല്‍ ഓഡിറ്റ് നടത്തുവാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണം. വെറ്ററിനറി സര്‍വ്വകലാശാലയില്‍ ആരംഭിച്ച പല കോഴ്‌സുകള്‍ക്കും ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ റിസേര്‍ച്ചിന്റെ (ഐ.സി.എ.ആര്‍) അംഗീകാരമില്ലാത്തതിനാല്‍ യു.ജി.സി ഉള്‍പ്പെടെയുള്ളവയുടെ ഗ്രാന്റ് ലഭിക്കന്നില്ല. സര്‍വ്വകലാശാലകളുടെ സ്വയംഭരണാധികാരത്തിന്റെ മറവില്‍ നടക്കുന്ന അന്യായങ്ങളെ സര്‍ക്കാര്‍ കണ്ടില്ലെന്നു നടിക്കരുത്.