കോട്ടയം : ക്രിസ്തുരാജാ ക്നാനായ കത്തോലിക്കാ മെത്രാപ്പോലീത്തന്‍ കത്തീഡ്രലിന്റെ തീര്‍ത്ഥാടന സഹായി കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് കത്തീഡ്രല്‍ ട്രസ്റ്റി ടീമോന്‍ മറ്റത്തിപ്പറമ്പിലിനു നല്കി പ്രകാശനം ചെയ്തു. ക്രിസ്തുരാജന്റെ നാമത്തില്‍ ശിലാ സ്ഥാപനം നടത്തി പണികഴിപ്പിക്കപ്പെട്ട ലോകത്തിലെ മൂന്നാമത്തേതും ഏഷ്യയിലെ ആദ്യത്തേതുമായ കത്തീഡ്രലാണു കോട്ടയം ക്രിസ്തുരാജാ കത്തീഡ്രല്‍. കോട്ടയം പട്ടണത്തെ കരങ്ങളുയര്‍ത്തി ആശീര്‍വ്വദിക്കുന്ന ക്രിസ്തുരാജന്റെ സന്നിധിയില്‍ നാനാജാതി മതസ്ഥര്‍ പ്രാര്‍ത്ഥനയ്ക്കായി എത്തുന്നു. കത്തീഡ്രലിനോടു ചേര്‍ന്നു സ്ഥിതി ചെയ്യുന്ന ലൂര്‍ദ്ദ് ഗ്രോട്ടോ കോട്ടയം നഗരത്തിലെ തന്നെ ആദ്യ ഗ്രോട്ടോയാണ്. 1986 ഫെബ്രുവരി 8 ന് വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പ്പാപ്പ ക്രിസ്തുരാജാ കത്തീഡ്രല്‍ സന്ദര്‍ശിച്ചിരുന്നു. വി. പത്താം പിയൂസ് മാര്‍പ്പാപ്പയുടെ തിരുശേഷിപ്പുകള്‍ സൂക്ഷിക്കപ്പെടുന്നതും കോട്ടയം രൂപതയിലെ മെത്രാന്മാരുടെ കബറിടങ്ങള്‍ സ്ഥിതിചെയ്യുന്നതുമായ ക്രിസ്തുരാജാ കത്തീഡ്രലില്‍ തീര്‍ത്ഥാടകരായെത്തുന്നവര്‍ക്ക് കത്തീഡ്രലിന്റെ സവിശേഷകള്‍ പൂര്‍ണ്ണതയില്‍ ഗ്രഹിക്കാന്‍ ഉതകുംവിധം തയ്യാറാക്കിയിട്ടുള്ളതാണ് തീര്‍ത്ഥാടന സഹായി. തീര്‍ത്ഥാടന സഹായിയുടെ ഇംഗ്ലീഷ് വിവര്‍ത്തനമായ Cathedral Pilgrim’s Guide ഉം ലഭ്യമാണ്.