സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ സമൂഹത്തിന്റെ നന്മക്കും നിരാലംബരായ രോഗികളുടെ ആശ്വാസത്തിനും ഉതകുന്നതാണെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യ സേവന വിഭാഗമായ ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സാന്ത്വന പരിചരണ പ്രവര്‍ത്തന യൂണിറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. വേദനിക്കുന്ന സഹോദരനൊപ്പം ചെലവഴിക്കുന്ന ഓരോ നിമിഷവും പുണ്യം നിറഞ്ഞതാണെന്നും കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കുന്നത് കാണപ്പെടാത്ത ദൈവത്തെ സ്‌നേഹിക്കുന്നതിനു തുല്യം ആണെന്നും അദ്ദേഹം പറഞ്ഞു.ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്‌മെന്റ്‌റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഫാ. ബിബിന്‍ ചക്കുങ്കല്‍, പ്രോഗ്രാം ഓഫീസര്‍ സിറിയക് പറമുണ്ടയില്‍, പ്രോഗ്രാം കോ- ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ജിജി വെളിഞ്ചായില്‍, മെറിന്‍ എബ്രഹാം, എല്‍സി സൈജു, പുഷ്പ സുനില്‍, ഷിബി ഷാജി, എന്നിവര്‍ പ്രസംഗിച്ചു. പാലിയേറ്റീവിന് സഹായകമാകുന്ന ഓക്‌സിജന്‍ കോണ്‍സെന്ററേറ്ററുകള്‍, പാലിയേറ്റീവ് കട്ടിലുകള്‍, എയര്‍ ബെഡ്, വീല്‍ ചെയറുകള്‍, മറ്റു ഉപകരണങ്ങള്‍ എന്നിവ ഗ്രീന്‍വാലി പാലിയേറ്റീവ് കെയര്‍ സെന്ററില്‍ നിന്ന് ലഭിക്കുന്നതാണ് .