ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സ്വാശ്രയ സംഘ രൂപീകരണ രജത ജൂബിലി ആഘോഷങ്ങള്‍ക്കു തുടക്കമായി

ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയുടെ സ്വാശ്രയസംഘ രൂപീകരണ രജതജൂബിലി ആഘോഷങ്ങള്‍ക്ക് തുടക്കമായി. ഇടുക്കിജില്ലയിലെ 14 പഞ്ചായത്തുകളിലെ അവികസിത മേഖലകളിലെ എല്ലാവിഭാഗം വനിതകളെയും പ്രത്യേകിച്ച് പിന്നാക്കാവസ്ഥയിലുള്ളവരെ ഉള്‍ച്ചേര്‍ത്ത് സ്വാശ്രയസംഘങ്ങളിലൂടെ സമഗ്രവികസനം എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് 1999 ഒക്ടോബറില്‍ പ്രാഥമിക പഠനങ്ങള്‍ക്കുശേഷം സ്വയംസഹായസംഘങ്ങള്‍ക്കു തുടക്കം കുറിച്ചത്. കോട്ടയം അതിരൂപതയുടെ ഹൈറേഞ്ചിലുള്ള എല്ലാ ഇടവകകളിലെയും പ്രാദേശിക സാമൂഹ്യസേവനയൂണിറ്റുകളുടെ നേതൃത്വത്തില്‍ ഗ്രാമതലത്തില്‍ അനിമേറ്റര്‍മാരെ നിയോഗിച്ച് ആദ്യം വനിതകള്‍ക്കായി സ്വാശ്രയസംഘങ്ങള്‍ രൂപീകരിച്ചതിനുശേഷം കര്‍ഷകര്‍, ഭിന്നശേഷിയുള്ളവര്‍, വയോജനങ്ങള്‍, വിധവകള്‍, അവിവാഹിതരായ യുവതികള്‍, സ്‌കൂള്‍കുട്ടികള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്കായുള്ള സ്വാശ്രയസംഘങ്ങള്‍ രൂപീകരിക്കുകയുണ്ടായി.

സ്വാശ്രയസംഘാംഗങ്ങള്‍ക്കു പരിശീലനം നല്‍കിയതോടൊപ്പം ഓരോ സ്വാശ്രയസംഘത്തിനും നിയതമായ പ്രവര്‍ത്തനശൈലിക്കും രൂപം നല്‍കി. ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സ്വാശ്രയസംഘ ഭാരവാഹികള്‍ക്ക് നേതൃപരിശീലനം നല്‍കുകയും ഓരോ ഗ്രാമത്തിലും ഗ്രാമവികസനസമിതികള്‍ രൂപീകരിച്ച് സമിതിയുടെ മേല്‍നോട്ടത്തില്‍ ഗ്രാമതലത്തില്‍ വിവിധങ്ങളായ സമഗ്രവികസനമുന്നേറ്റപ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്തു. തുടര്‍ന്ന് കോട്ടയം അതിരൂപതയുടെ ഇടുക്കി ജില്ലയിലെ സാമൂഹ്യസേവന പ്രവര്‍ത്തനങ്ങള്‍ പ്രാദേശികപഠനം നടത്തി കൂടുതല്‍ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി 2010 ല്‍ ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിക്കു രൂപം നല്‍കുകയും സൊസൈറ്റിയുടെ നേതൃത്വത്തില്‍ വൈവിധ്യങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുകയും ചെയ്യുന്നു.

അടിസ്ഥാനസൗകര്യവികസനം, വനിതാശാക്തീകരണം, കാര്‍ഷിക-കൃഷി-പരിസ്ഥിതി പ്രോത്സാഹന പ്രവര്‍ത്തനങ്ങള്‍, സംരംഭകത്വ പരിശീലനങ്ങള്‍, സ്വയംതൊഴില്‍ പ്രോത്സാഹനപദ്ധതികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളാണ് പ്രധാനമായും ജി.ഡി.എസിന്റെ നേതൃത്വത്തില്‍ നടപ്പിലാക്കിവരുന്നത്. പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തുന്നതിനായി തടിയമ്പാട് കേന്ദ്രമാക്കി മരിയസദന്‍ ആനിമേഷന്‍ സെന്ററും മാതൃകാകാര്‍ഷിക നഴ്സറിയും സ്വാശ്രയസംഘഉല്പന്നങ്ങളുടെ വിപണനകേന്ദ്രവും പ്രവര്‍ത്തിക്കുന്നു. കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സഹായത്തോടെ ഹൈറേഞ്ച് വികസന പാക്കേജ് എന്ന പേരില്‍ നടപ്പിലാക്കുന്ന വിവിധ പദ്ധതികളിലൂടെ പരിമിതമായ ജീവിതസാഹചര്യങ്ങളില്‍ നിന്നും അദ്ധ്വാനത്തിലൂടെയും പരിശീലനത്തിലൂടെയും ആത്മവിശ്വാസത്തോടെ മുന്നേറാന്‍ ഹൈറേഞ്ചിലെ വനിതകള്‍ക്ക് ജി.ഡി.എസ് എല്ലാ പിന്തുണയും നല്‍കിവരുന്നു.

മരിയാപുരം പഞ്ചായത്തില്‍ ഒരു സംഘമായി ആരംഭിച്ച ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റിയിലൂടെ ഇന്ന് 10 ഗ്രാമവികസനസമിതികളുടെ നേതൃത്വത്തില്‍ 360 സംഘങ്ങളും 4500 ഓളം കുടുംബങ്ങളും സുസ്ഥിര വികസനത്തിനായി ഒരുമിച്ച് കൈ കോര്‍ത്ത് പ്രവര്‍ത്തിക്കുന്നു. ജൂബിലി വര്‍ഷത്തിന് തുടക്കം കുറിച്ചുകൊണ്ട് ഇടുക്കി വികസന അതോറിറ്റി മൈതാനിയില്‍ കോട്ടയം അതിരൂപത മെത്രപൊലീത്ത മാര്‍ മാത്യു മൂലക്കാട്ട് തിരി തെളിച്ചു. ചടങ്ങില്‍ ഗ്രീന്‍വാലി ഡെവലപ്പ്മെന്റ് സൊസൈറ്റി പ്രസിഡന്റ് ഫാ മൈക്കിള്‍ വെട്ടിക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. നാഷണല്‍ എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ നാഷണല്‍ കോ-ഓര്‍ഡിനേറ്റര്‍ അനന്തു കൃഷ്ണന്‍, ജി ഡി എസ് വൈസ് പ്രസിഡന്റ് ഫാ. ഷാജി പൂത്തറ, സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത്, ഇടുക്കി റീജിയണല്‍ ട്രാന്‍സ്‌പോര്‍ട് ഓഫീസര്‍ ആര്‍, രമണന്‍, എന്‍ ജി ഒ കോണ്‍ഫെഡറേഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ഡോ. റോസക്കുട്ടി എബ്രാഹം, കെ സി സി ഭാരവാഹി അഭിലാഷ് പതിയില്‍, സ്വാശ്രയ സംഘ ഫെഡറേഷന്‍ കേന്ദ്ര തല പ്രസിഡന്റ് മേഴ്‌സി ജെയിംസ് എന്നിവര്‍ പ്രസംഗിച്ചു. രജതജൂബിലി വര്‍ഷത്തില്‍ നിരവധി വികസന പദ്ധതികളാണ് ജി.ഡി.എസ് വിഭാവനം ചെയ്തിരിക്കുന്നതെന്ന് സെക്രട്ടറി ഫാ. ജോബിന്‍ പ്ലാച്ചേരിപ്പുറത്ത് അറിയിച്ചു.

Previous Post

ചൈതന്യ കാര്‍ഷിക മേളയ്ക്കും സ്വാശ്രയസംഘ മഹോത്സവത്തിനും തിരി തെളിഞ്ഞു

Next Post

കര്‍ഷകരോടും നവസംരംഭകരോടുമുള്ള സര്‍ക്കാര്‍ സമീപനത്തില്‍ മാറ്റമുണ്ടാകണം : ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്

Total
0
Share
error: Content is protected !!