ഗാന്ധിജിയുടെ കോട്ടയം അരമന സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം ആചരിച്ചു

1911-ല്‍ സ്ഥാപിതമായ കോട്ടയം രൂപതയുടെ ആസ്ഥാന കേന്ദ്രമായ കോട്ടയം മെത്രാസന മന്ദിരത്തില്‍ ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി 1925 മാര്‍ച്ച് 15 ന് സന്ദര്‍ശനം നടത്തുകയും അഭിവന്ദ്യ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവുമായി അക്കാലത്തെ നവോത്ഥാന പ്രവര്‍ത്തനങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തതിന്റെ നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ മെത്രാസന മന്ദിരത്തില്‍ ഗാന്ധിസ്മൃതിയും അനുസ്മരണ ചടങ്ങും സംഘടിപ്പിച്ചു. ഗാന്ധിജിയുടെ അരമന സന്ദര്‍ശനത്തെ അനുസ്മരിച്ച് അക്കാലത്ത് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പുകളടങ്ങിയ ഗാന്ധിജിയുടെ ഛായാചിത്രം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനാച്ഛാദനം ചെയ്തു പ്രസംഗിച്ചു. ഗാന്ധിയന്‍ മൂല്യങ്ങള്‍ നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുമ്പോള്‍ മാത്രമേ ഗാന്ധിയന്‍ അനുസ്മരണം അര്‍ത്ഥപൂര്‍ണ്ണമാകുകയുള്ളൂവെന്ന് മൂലക്കാട്ട് പിതാവ് പറഞ്ഞു. സമൂഹത്തിലെ എല്ലാ മനുഷ്യരെയും തുല്യരായി കാണാനുള്ള അദ്ദേഹത്തിന്റെ ജീവിതശൈലി പ്രാവര്‍ത്തികമാക്കാന്‍ എല്ലാവരും പരിശ്രമിക്കണമെന്നും പിതാവ് ഉദ്ബോധിപ്പിച്ചു. ബഹു. കേരള സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍ ഗാന്ധിയന്‍ അനുസ്മരണ പ്രഭാഷണം നടത്തി. ഗാന്ധിയന്‍ ദര്‍ശനങ്ങള്‍ എല്ലാകാലത്തും പ്രസക്തമാണെന്ന് അദ്ദേഹം പറഞ്ഞു. ഫ്രാന്‍സിസ് ജോര്‍ജ്ജ് എം.പി, തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ, അതിരൂപതാ വികാരി ജനറാള്‍ ഫാ. തോമസ് ആനിമൂട്ടില്‍, പ്രൊക്കുറേറ്റര്‍ ഫാ. എബ്രാഹം പറമ്പേട്ട് തുടങ്ങിയവര്‍ പ്രസംഗിച്ചു. തോമസ് ചാഴികാടന്‍ എക്സ്.എം.പി, സ്റ്റീഫന്‍ ജോര്‍ജ് എക്സ് എം.എല്‍.എ, അഡ്വ. അജി കോയിക്കല്‍, ഷെവ. ജോയി ജോസഫ്, കെ.സി.സി ജനറല്‍ സെക്രട്ടറി ബേബി മുളവേലിപ്പുറം, കെ.സി.ഡബ്ല്യു.എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, മുനിസിപ്പല്‍ കൗണ്‍സിലര്‍മാരായ ടി.സി റോയി, സിന്‍സി പാറേല്‍, ജയമോള്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ ഗാന്ധിജി തിരുവിതാംകൂറിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ചിരുന്ന അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവിനെ അരമനയിലെത്തി സന്ദര്‍ശിച്ചതിന്റെ നൂറാം വാര്‍ഷികമാണ് ആചരിച്ചത്.

Previous Post

ക്‌നാനായ കത്തോലിക്കാ കോണ്‍ഗ്രസ് വാര്‍ഷിക ജനറല്‍ബോഡി

Total
0
Share
error: Content is protected !!