കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച 25-ാമത് ചൈതന്യ കാര്‍ഷിക മേളയോടും സ്വാശ്രയസംഘ മഹോത്സവത്തോടും അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ കാരുണ്യ ശ്രേഷ്ഠ പുരസ്‌ക്കാരം കെ.എസ്.എസ്.എസ് മുന്‍ ഡയറക്ടറും അമേരിക്കയിലെ ഹ്യൂസ്റ്റണ്‍ സെന്റ് മേരീസ് ക്നാനായ കാത്തലിക് ചര്‍ച്ച് വികാരിയുമായ ഫാ. അബ്രഹാം മുത്തോലത്തിന് സമ്മാനിച്ചു. കെ.എസ്.എസ്.എസ് സ്വാശ്രയസംഘ പ്രവര്‍ത്തനങ്ങള്‍ക്കും കാര്‍ഷിക മേളയ്ക്കും ഭിന്നശേഷിക്കാര്‍ക്കായുള്ള സമൂഹാധിഷ്ഠിത പുനരധിവാസ പദ്ധതിയ്ക്കും തുടക്കം കുറിച്ചത് ബഹു. അബ്രഹാം മുത്തോലത്ത് അച്ചനാണ്. കൂടാതെ ഭിന്നശേഷിയുള്ള വ്യക്തികളുടെ സമഗ്ര ഉന്നമനത്തിനായി ചേര്‍പ്പുങ്കലില്‍ അഗാപ്പെ സെന്റര്‍ ആരംഭിക്കുകയും കെ.എസ്.എസ്.എസ് സിബിആര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരുന്നതിനായി ചേര്‍പ്പുങ്കലിലുള്ള തന്റെ പൈതൃക സ്വത്ത് നല്‍കുകയും കൂടാതെ ഗുഡ് സമരിറ്റന്‍ റിസോഴ്സ് സെന്ററും മുത്തോലത്ത് എസി ഓഡിറ്റോറിയവും ഇംപാക്ട് സെന്ററും പണി കഴിപ്പിച്ച് നല്‍കിയതും ബഹു. മുത്തോലത്ത് അച്ചനാണ്. കൂടാതെ ഇപ്പോഴും ചെറുതും വലുതുമായ പദ്ധതികളിലൂടെ കെ.എസ്.എസ്.എസ് സാമൂഹ്യ പ്രവര്‍ത്തന മേഖലയില്‍ കര്‍മ്മ നിരതനാണ് ബഹു. മുത്തോലത്ത് അച്ചന്‍. ഭിന്നശേഷിയുള്ളവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗങ്ങളോടും കരുണാര്‍ദ്ര സമീപനം തുടര്‍ന്ന് പോരുന്ന ബഹു. മുത്തോലത്ത് അച്ചന്റെ സേവനങ്ങളെ മാനിച്ചുകൊണ്ടാണ് 25-ാമത് ചൈതന്യ കാര്‍ഷിക മേളയില്‍ കെ.എസ്.എസ്.എസ് കാരുണ്യ ശ്രേഷ്ഠ പുരസ്‌ക്കാരം സമ്മാനിച്ചത്. കാര്‍ഷിക മേളയുടെ സമാപന സമ്മേളനത്തില്‍ കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ടും സഹകരണ തുറമുഖ ദേവസം വകുപ്പ് മന്ത്രി വി.എന്‍ വാസവനും ചേര്‍ന്ന് പുരസ്‌ക്കാരം സമ്മാനിച്ചു.