കര്‍ത്താവീശോമിശിഹായുടെ സ്വര്‍ഗ്ഗാരോഹണ (സുലാക്കാ) തിരുനാള്‍; നമുക്കു സ്വര്‍ഗ്ഗം ഉറപ്പാക്കുന്ന തിരുനാള്‍

വിശ്വാസജീവിതത്തില്‍ വളരെ പ്രാധാന്യമുള്ള ഒരു തിരുനാളാണു സ്വര്‍ഗ്ഗാരോഹണ തിരുനാള്‍. ഉത്ഥാനത്തിന്റെ 40-ാം ദിവസം ഉത്ഥിതനായ നാഥന്‍ ശിഷ്യന്മാരൊരുമിച്ചായിരിക്കെ സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു. ശിഷ്യന്മാര്‍ ഉത്ഥാനത്തിനു സാക്ഷികളല്ലായിരുന്നു; ദൃഷ്ടിഗോചരമായിരുന്നില്ല ഉത്ഥാനം. എന്നാല്‍, സ്വര്‍ഗ്ഗാരോഹണത്തിന് അവരെല്ലാം സാക്ഷികളായി. ക്രിസ്തുശാസ്ത്രപരമായി നിരവധി അര്‍ത്ഥങ്ങള്‍ അടങ്ങിയിരിക്കുന്ന തിരുനാളാണിത്. അതോടൊപ്പം ക്രിസ്തുവിലുള്ള വിശ്വാസത്തെ ആഴപ്പെടുത്തുന്നതും മരണാനന്തര ജീവിതത്തെക്കുറിച്ചുള്ള പ്രതീക്ഷ വളര്‍ത്തുന്നതും അതേക്കുറിച്ചുള്ള പല ചോദ്യങ്ങള്‍ക്കും ഉത്തരം നല്‍കുന്നതുമാണു സ്വര്‍ഗ്ഗാരോഹണം.
ഉത്ഥാനാനന്തര പ്രത്യക്ഷപ്പെടല്‍
ശിഷ്യന്മാര്‍ തങ്ങളുടെ പ്രതീക്ഷ ഈശോയില്‍ അര്‍പ്പിച്ചു. എന്നാല്‍, ഈശോയുടെ ദാരുണമായ കുരിശുമരണം അവരെ ദുഖത്തിലാഴ്ത്തി. അവര്‍ നിരാശരായി. കൂട്ടുപിരിഞ്ഞ് ഒറ്റപ്പെട്ട് ഓടിയൊളിച്ചു. ഈ അവസ്ഥയില്‍നിന്നും ശിഷ്യരെ രക്ഷിക്കാനായി ഉത്ഥിതനായ ഈശോ അവരുടെ മുന്‍പില്‍ പ്രത്യക്ഷനായി. കുരിശില്‍ മരിച്ച താന്‍ ഉത്ഥാനം ചെയ്തുവെന്നു തന്റെ പ്രത്യക്ഷപ്പെടലിലൂടെ ഈശോ അവര്‍ക്കു വെളിപ്പെടുത്തിക്കൊടുത്തു. സുവിശേഷങ്ങള്‍ക്കു മുന്‍പുതന്നെ എ.ഡി 50 കളില്‍ എഴുതിയ കോറിന്തിലെ സഭയ്ക്കുളള ലേഖനത്തില്‍ വി. പൗലോസ് ഉത്ഥിതനായ കര്‍ത്താവിന്റെ ആറു പ്രത്യക്ഷപ്പെടലിനെക്കുറിച്ചു രേഖപ്പെടുത്തുന്നു; കേപ്പായ്ക്കും, പന്ത്രണ്ടു ശിഷ്യന്മാര്‍ക്കും അഞ്ഞൂറിലധികം പേര്‍ക്ക് ഒരുമിച്ചും, യാക്കോബിനും, എല്ലാ അപ്പസ്‌തോലന്മാര്‍ക്കും, അവസാനമായി വി. പൗലോസിനും (15: 4-8) മറ്റു സുവിശേഷങ്ങളുടെ അടിസ്ഥാനത്തില്‍ ഉത്ഥാനം മുതല്‍ സ്വര്‍ഗ്ഗാരോഹണംവരെ ഉത്ഥിതനായ കര്‍ത്താവു പത്തു പ്രാവശ്യം പ്രത്യക്ഷപ്പെട്ടതായി രേഖപ്പെടുത്തിയിരിക്കുന്നു.
കര്‍ത്താവിന്റെ ഉത്ഥാനാനന്തര പ്രത്യക്ഷപ്പെടലിനു പ്രത്യേക ലക്ഷ്യമുണ്ടായിരുന്നു. ഈശോ പ്രത്യക്ഷപ്പെട്ടപ്പോഴെല്ലാം മുറിപ്പാടുകളുള്ളവനായിട്ടാണു പ്രത്യക്ഷപ്പെട്ടത്. ഇതില്‍നിന്നുള്ള നിഗമനങ്ങളിങ്ങനെയാണ്.
1. ക്രൂശിക്കപ്പെട്ട ഈശോ തന്നെയാണ് ഉത്ഥാനം ചെയ്തിരിക്കുന്നത് എന്നു ബോദ്ധ്യപ്പെടുത്താന്‍
2. ഉത്ഥാന സത്യത്തില്‍ ശിഷ്യന്മാരെയും മറ്റുള്ളവരേയും ഉറപ്പിച്ചു നിര്‍ത്താന്‍
3. നിരാശയില്‍ ആയിരുന്ന ശിഷ്യന്മാരെ പ്രത്യാശയുള്ളവരായി വളര്‍ത്താന്‍
4. ഉത്ഥാനത്തിന്റെ സന്തോഷം പങ്കിടാന്‍
5. കുരിശുമരണത്തോടെ സംഭവിച്ച വിശ്വാസതകര്‍ച്ച ഇല്ലാതാക്കാന്‍
6. ഈശോ ദൈവമാണെന്നു ബോദ്ധ്യപ്പെടുത്താന്‍
7. ഉത്ഥാനത്തിലൂടെ മരണത്തെ ഇല്ലാതാക്കിയ ഈശോ മരണത്തിന്റേയും ജീവന്റെയും നാഥനാണെന്നു പഠിപ്പിക്കാന്‍

സ്വര്‍ഗ്ഗാരോഹണ വിവരണങ്ങള്‍
ഈശോയുടെ സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ചുള്ള പരാമര്‍ശങ്ങളെല്ലാംതന്നെ ദൃക്‌സാക്ഷി വിവരണങ്ങളാണ്. പിതാവായ ദൈവം തന്നെ ഏല്പിച്ച ദൗത്യം പൂര്‍ത്തിയാക്കി ഉത്ഥാനത്തിന്റെ 40-ാം നാള്‍ അവിടുന്നു സ്വര്‍ഗ്ഗത്തിലേക്ക് ആരോഹണം ചെയ്തു. ജറുസലേമിനു മൂന്നു കിലോമീറ്റിര്‍ കിഴക്ക് ഒലിവുമലയുടെ താഴ്‌വരയിലെ ബഥാനിയായിലെ ഒരു ഉയര്‍ന്ന മലയില്‍ നിന്നാണ് ഈശോ സ്വര്‍ഗ്ഗാരോഹണം ചെയ്തത്. ഈ സംഭവം രേഖപ്പെടുത്തിയിരിക്കുന്നത് ഇങ്ങനെയാണ്.
”അവന്‍ അവരെ ബഥാനിയാവരെ കൂട്ടിക്കൊണ്ടുപോയി. കൈകളുയര്‍ത്തി അവരെ അനുഗ്രഹിച്ചു. അനുഗ്രഹിച്ചുകൊണ്ടിരിക്കെ അവന്‍ അവരില്‍നിന്നു മറയുകയും സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു”(ലൂക്ക 24: 50-51). ഈ സുവിശേഷഭാഗം ചെറിയ വ്യത്യാസങ്ങളോടെ മറ്റിടങ്ങളിലും രേഖപ്പെടുത്തിയിരിക്കുന്നു.
മര്‍ക്കോ 16, 19-20
സ്വര്‍ഗ്ഗസ്ഥനനായ കര്‍ത്താവ് ഒരേസമയം സ്വര്‍ഗത്തിലും ഭൂമിയില്‍ ശിഷ്യരോടൊപ്പവും ഉണ്ടെന്ന് ഈ സുവിശേഷ ഭാഗം പഠിപ്പിക്കുന്നു. അതോടൊപ്പം ഈ വിവരണം ഈശോയുടെ സ്വര്‍ഗ്ഗാരോഹണവും പിതാവിന്റെ വലതുഭാഗത്തുള്ള അവിടുത്തെ സ്ഥാനവും, അവിടുന്നു ശിഷ്യോരോടൊപ്പം വചനപ്രഘോഷണത്തില്‍ പ്രവര്‍ത്തിക്കുന്നവനാണെന്നും ഓര്‍മ്മിപ്പിക്കുന്നു.
അപ്പസ്‌തോല നടപടി (1, 9-11)
സ്വര്‍ഗ്ഗാരോഹണത്തെക്കുറിച്ചുള്ള ഈ വിശുദ്ധ ഗ്രന്ഥഭാഗം ഈശോയുടെ സ്വര്‍ഗ്ഗാരോഹണവും മഹത്വത്തിലുള്ള അവിടുത്തെ വരവും തമ്മില്‍ യോജിപ്പിക്കുന്നു. കര്‍ത്താവു വരും എന്ന് ദൈവദൂതന്മാര്‍ക്ക് ഉറപ്പു നല്‍കുന്നു.
ഫിലി 2, 9
സ്വര്‍ഗ്ഗാരോഹണത്തില്‍ ദൈവം കര്‍ത്താവിനെ ഉയര്‍ത്തി; അവനെ എല്ലാവരേയുംകാള്‍ ഉയര്‍ത്തി; എല്ലാ നാമത്തേക്കാളും ഉപരിയായ നാമം നല്‍കി. എല്ലാവരും അവനെ വണങ്ങണമെന്ന് ഈ ലേഖനഭാഗത്തു രേഖപ്പെടുത്തിയിരിക്കുന്നു. സ്വര്‍ഗ്ഗാരോഹണത്തെ കര്‍ത്താവിന്റെ മഹത്വത്തോടും അധികാരത്തോടും ചേര്‍ത്തു കാണണമെന്ന് ഈ ലേഖനഭാഗം പഠിപ്പിക്കുന്നു.
ഹെബ്രാ 4,14
കര്‍ത്താവിന്റെ പൗരോഹിത്യവും സ്ര്‍ഗ്ഗാരോഹണവും തമ്മില്‍ ബന്ധിക്കുന്ന ലേഖനഭാഗമാണിത്. അവിടുന്നു നിത്യപുരോഹിതനാണെന്നും അവനില്‍ വിശ്വസിക്കുന്നവന്‍ പ്രത്യാശയുള്ളവരാകണമെന്നും ഈ ലേഖനഭാഗം ഉപദേശിക്കുന്നു.
ഈശോ എന്തിനു സ്വര്‍ഗ്ഗാരോഹണം ചെയ്തു
‘സ്വര്‍ഗത്തില്‍ നിന്നിറങ്ങി പരിശുദ്ധാത്മാവിനാല്‍ കന്യകാമറിയത്തില്‍നിന്നും ശരീരം സ്വീകരിച്ചു മനുഷ്യനായി പിറന്നവനാണു’ ദൈവപുത്രനായ ഈശോ. കുരിശില്‍ മരിച്ച് ഉത്ഥാനം ചെയ്ത് മനുഷ്യനു നിത്യരക്ഷ ഉറപ്പാക്കിയ ഈശോ എന്തിനാണു വീണ്ടും സ്വര്‍ഗ്ഗത്തിലേക്കു കരേറിയതെന്നതിനു സുവിശേഷം ഉത്തരം നല്‍കുന്നു.
ച്ച ദൈവത്തിന്റെ പരിശുദ്ധാത്മാവിനെ നമുക്കായി അയയ്ക്കാന്‍,
ആത്മാവിലൂടെ കര്‍ത്താവു വീണ്ടും നമ്മിലും ലോകത്തിലും പ്രവര്‍ത്തന നിരതനാകാനാണ് അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്കു കരേറിയത്. ‘നിങ്ങളുടെ നന്മയ്ക്കുവേണ്ടിയാണു ഞാന്‍ പോകുന്നത്. ഞാന്‍ പോകുന്നില്ലെങ്കില്‍ സഹായകന്‍ നിങ്ങളുടെ അടുത്തേക്കു വരികയില്ല. ഞാന്‍ പോയാല്‍ അവനെ നിങ്ങളുടെ അടുത്തേക്കു ഞാന്‍ അയയ്ക്കും’ (യോഹ 16,7)
ച്ച സ്വര്‍ഗ്ഗം നമുക്ക് ഉറപ്പാക്കാനും സ്വര്‍ഗ്ഗത്തില്‍ കര്‍ത്താവിനോടൊപ്പം നാമും ആയിരിക്കേണ്ടതിനുമാണ് അവിടുന്ന് സ്വര്‍ഗ്ഗത്തിലേക്കു കരേറിയത് ”ഞാന്‍ ആയിരിക്കുന്നിടത്ത് നിങ്ങളും ആകാന്‍ ഞാന്‍ വീണ്ടും വന്ന് നിങ്ങളെ കൂട്ടിക്കൊണ്ടുപോകും” (യോഹ 14,3) എന്നു കര്‍ത്താവ് ഉറപ്പു നല്‍കുന്നു.

സ്വര്‍ഗ്ഗാരോഹണം വെളിപ്പെടുത്തുന്ന സത്യങ്ങള്‍
‘സ്വര്‍ഗ്ഗാരോഹണം ചരിത്രത്തില്‍ നടന്ന ഒരു യാഥാര്‍ത്ഥ്യം ആണ്. എന്നാല്‍ അതു യൂഗാന്ത്യോന്മുഖമായ അര്‍ത്ഥമുള്‍ക്കൊള്ളുന്നതുമാണ്. മരണാനന്തരജീവിതവും യുഗാന്ത്യോന്മുഖമായ മറ്റുപല യാഥാര്‍ത്ഥ്യങ്ങളും കര്‍ത്താവിന്റെ സ്വര്‍ഗ്ഗാരോഹണം വെളിപ്പെടുത്തുന്നു.
1. സ്വര്‍ഗ്ഗം ഉണ്ട് എന്നതാണ്. ആ സ്വര്‍ഗ്ഗത്തിലേക്കാണ് ഈശോ കരേറിയത്. സുവിശേഷം അതു വ്യക്തമായി പറയുന്നു. ”അവന്‍ അവരില്‍നിന്നു മറയുകയും സ്വര്‍ഗ്ഗത്തിലേക്കു സംവഹിക്കപ്പെടുകയും ചെയ്തു”(ലൂക്ക 24,50; മര്‍ക്കോ 16, 13, അപ്പ. നട. 1, 3-11, ഹെബ്രാ 4,14)
2. എന്താണ്- എവിടെയാണു സ്വര്‍ഗ്ഗം
സ്വര്‍ഗ്ഗം പിതാവിന്റെ ഭവനമാണ് (യോഹ 14,2). സ്വര്‍ഗ്ഗം പിതാവിന്റെ വലതുഭാഗമാണ് (മര്‍ക്കോ 16,19). സ്വര്‍ഗ്ഗം പിതാവിനോടൊപ്പമായിരുന്നുകൊണ്ട് പിതാവിന്റെ മഹത്വത്തിലായിരിക്കുന്ന ജീവിതമാണ്. ഇതിനായിട്ടാണ് എല്ലാവരും വിളിക്കപ്പെട്ടിരിക്കുന്നത് ( 2 പത്രോ 1, 4).
3. കര്‍ത്താവ് എവിടെയാണെന്നു വെളിപ്പെടുത്തുകയാണു സ്വര്‍ഗ്ഗാരോഹണം. കര്‍ത്താവ് സ്വര്‍ഗ്ഗാരോഹണം ചെയ്തതു ശ്ലീഹന്മാര്‍ കണ്ടില്ലായിരുന്നുവെങ്കില്‍ അവര്‍ക്കും കര്‍ത്താവ് എവിടെയാണെന്ന സംശയം ഉണ്ടാകുമായിരുന്നു. കര്‍ത്താവു പിതാവിന്റെ വലതുവശത്തു സ്വര്‍ഗ്ഗത്തില്‍ വസിക്കുന്നു. കര്‍ത്താവിന്റെ ആഗ്രഹപ്രകാരം പിതാവ് അയച്ച പരിശുദ്ധാത്മാവിലൂടെ കര്‍ത്താവ് ഇന്നും ലോകത്തില്‍ സന്നിഹിതനുമാണ്.
4. പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്നു എന്നു പറഞ്ഞാല്‍ ത്രിത്വത്തിന്റെ മഹത്വത്തില്‍ ദൈവത്തോടൊപ്പം ദൈവമായിരിക്കുന്നു എന്ന് അര്‍ത്ഥമാക്കുന്നു.
5. പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ഠനായിരിക്കുന്ന ഈശോ നാഥനും കര്‍ത്താവുമായി തീര്‍ന്നിരിക്കുന്നു. അവിടുന്നു സൃഷ്ടാവും പരിപാലകനുമായിരുന്നെങ്കില്‍ സ്വര്‍ഗ്ഗാരോഹണത്തോടെ പിതാവിന്റെ കര്‍തൃത്വവും സ്വീകരിച്ച് അവിടുന്നു പ്രപഞ്ചത്തിന്റെ ഭരണകര്‍ത്താവും അധികാരിയും ആദിയും അന്ത്യവുമായി തീര്‍ന്നിരിക്കുന്നു.
6. സ്വര്‍ഗ്ഗാരോപിതനായ അവിടുത്തെ ദൈവം ‘അത്യധികം ഉയര്‍ത്തി’. എല്ലാ നാമത്തേയും കാള്‍ ഉപരിയായ നാമം നല്‍കി. അത് ഈശോയുടെ നാമത്തിനു മുന്‍പില്‍ സ്വര്‍ഗ്ഗത്തിലും ഭൂമിയിലും പാതാളത്തിലുമുള്ള സകല മുട്ടുകളും ഏറ്റുപറയുന്നതിനാണ് അവിടുന്ന് സ്വര്‍ഗ്ഗാരോഹിതനായത് (ഫിലി 2, 9-11).
7. സ്വര്‍ഗ്ഗാരോഹണത്തില്‍ ഈശോ സകല സൃഷ്ടികളുടേയും ആരാധനയ്ക്കു യോഗ്യനായി തീര്‍ന്നു.
8. ഈശോ നിത്യപുരോഹിതനാണെന്നും ഏകരക്ഷകനും മദ്ധ്യസ്ഥനുമാണെന്നും സ്വര്‍ഗ്ഗാരോഹണം വെളിപ്പെടുത്തുന്നു. എല്ലാ ബലികളുടേയും പൂര്‍ണ്ണതയായി എന്നേക്കും അതിന്റെ ഫലം നല്‍കുന്ന നിത്യബലിയര്‍പ്പിച്ച് അവിടുന്ന് നിത്യപുരോഹിതനായി. തന്റെ ബലിയിലൂടെ മനുഷ്യവംശത്തെ മുഴുവനായി മരണോത്ഥാനങ്ങളിലൂടെ പാപത്തില്‍നിന്നും മരണത്തില്‍നിന്നും പിശാചില്‍നിന്നും മോചിപ്പിച്ച് നിത്യതയ്ക്കുള്ള ഏകമധ്യസ്ഥനായി അവിടുന്നു പിതാവിന്റെ വലതുഭാഗത്ത് ഉപവിഷ്ടനായിരിക്കുന്നു. മനുഷ്യവംശത്തിനു സ്ഥലമൊരുക്കി കഴിയുമ്പോള്‍ അവടുന്നു വന്നു നമ്മെക്കൂടി കൊണ്ടുപോകും (യോഹ 14,3). അതുവരെ അവിടുന്നു തന്റെ മാദ്ധ്യസ്ഥ്യം തുടര്‍ന്നുകൊണ്ടിരിക്കും.
9. സ്വര്‍ഗ്ഗരോഹണം കര്‍ത്താവിന്റെ വരവ് ഉറപ്പാക്കുന്നു. സ്വര്‍ഗ്ഗാരോഹണസമയത്തു ‘നിങ്ങളില്‍ നിന്നു സ്വര്‍ഗ്ഗത്തിലേയ്ക്കു സംവഹിക്കപ്പെട്ട ഈശോ സ്വര്‍ഗ്ഗത്തിലേക്കു പോകുന്നതായി നിങ്ങള്‍കണ്ടതുപോലെ തിരിച്ചു വരും’ എന്ന മാലാഖമാരുടെ വാക്കുകള്‍ (അപ്പ് നട. 1,11) യുഗാന്ത്യത്തിലുള്ള കര്‍ത്താവിന്റെ വരവിനെ (മത്ത 25,31) ഉറപ്പാക്കുന്നു. കര്‍ത്താവിന്റെ വരവിനെ പ്രതീക്ഷയോടെ കാത്തിരിക്കാനും അവിടുത്തോടൊപ്പം നാം എടുക്കപ്പെടാന്‍ യോഗ്യരായ രീതിയില്‍ ജീവിതം ക്രമപ്പെടുത്താനും സ്വര്‍ഗ്ഗാരോഹണം ഓര്‍മ്മിപ്പിക്കുന്നു.
10. സ്വര്‍ഗ്ഗസ്ഥനായ പിതാവിനെക്കുറിച്ചുള്ള വെളിപ്പെടുത്തലിന്റെ പൂര്‍ണ്ണതയാണു സ്വര്‍ഗ്ഗാരോഹണം. കര്‍ത്താവു തന്റെ പഠനങ്ങളിലൂടെ വെളിപ്പെടുത്തിയ സത്യം സ്വര്‍ഗ്ഗാരോഹണത്തില്‍ പൂര്‍ണ്ണമാരുന്നു. നമുക്ക് ഒരു പിതാവുണ്ട്. ആ പിതാവ് സ്വര്‍ഗ്ഗത്തിലാണ്. അവന്റെ മഹത്വത്തില്‍ ഇടം കണ്ടെത്തുകയാണു സ്വര്‍ഗ്ഗം.

സ്വര്‍ഗ്ഗാരോഹണം നല്‍കുന്ന സമ്മാനം
സ്വര്‍ഗ്ഗാരോഹണത്തിലൂടെ രക്ഷകനും നാഥനുമായ കര്‍ത്താവു മനുഷ്യവംശത്തിനു നല്‍കുന്ന സമ്മാനം ‘സ്വര്‍ഗ്ഗ’മാണ്. സ്വര്‍ഗ്ഗം ഉണ്ടെന്നും അതു പിതാവായ ദൈവത്തോടുള്ള നിത്യജീവനാണെന്നും അതിനുള്ള വഴി താന്‍ തന്നെയാണെന്നും കര്‍ത്താവു പഠിപ്പിച്ചു. സ്വര്‍ഗ്ഗാരോഹണത്തിലൂടെ ഈ സമ്മാനം അവിടുന്നു നല്‍കുന്നു. ഈ സമ്മാനം ഉറപ്പുവരുത്തുന്നു. ആദിമാതാപിതാക്കള്‍ പാപം ചെയ്തപ്പോള്‍ അടയ്ക്കപ്പെട്ട പറുദീസ കര്‍ത്താവു കുരിശുകൊണ്ടു തുറന്ന് അവിടുന്നുതന്നെ അതില്‍ പ്രവേശിച്ചു. കര്‍ത്താവു നമുക്കായി സ്വര്‍ഗ്ഗം തുറന്നു തന്നു. കര്‍ത്താവിന്റെ ഭവനം നമ്മുടെയും ഭവനമായി. കര്‍ത്താവില്‍ വിശ്വസിച്ച് അവനെ നാഥനും ദൈവവുമായി ഏറ്റുപറയുന്നവര്‍ക്കു സ്വര്‍ഗ്ഗം അവകാശമാണ്.
നമ്മുടെ മുന്‍പില്‍ സ്വര്‍ഗ്ഗമോ നരകമോ എന്ന രണ്ടു വഴികള്‍ കര്‍ത്താവു കാണിച്ചുതരുന്നില്ല. ‘തന്നെ സ്‌നേഹിച്ചു തന്റെ വിശുദ്ധ പ്രമാണങ്ങള്‍ കാത്തുകൊണ്ട് തനിക്കു ശുശ്രൂഷ ചെയ്ത് സ്വര്‍ഗ്ഗത്തിലെത്താനുള്ള വിളിയാണു നമുക്കുള്ളത്. സ്വര്‍ഗ്ഗാരോഹണത്തിലൂടെ കര്‍ത്താവു സ്വര്‍ഗ്ഗം നമുക്ക് ഉറപ്പാക്കി.
സ്വര്‍ഗ്ഗാരോഹണത്തിലൂടെ കര്‍ത്താവു നമ്മെ ഓര്‍മ്മിപ്പിക്കുന്ന മറ്റൊരു വലിയ സത്യം നമ്മുടെ ശരീരത്തെക്കുറിച്ചാണ്. നമ്മുടെ ശരീരം ദൈവം നമുക്കു നല്‍കിയ വലിയ ദാനമാണ്. ഉത്ഥിതനായ കര്‍ത്താവിന്റെ മഹത്വീകരിക്കപ്പെട്ട ശരീരത്തോടൊപ്പം മഹത്വീകരിക്കപ്പെടാനുള്ളതാണു നമ്മുടെ ശരീരം. നമ്മുടെ ശരീരം മഹത്വീകരിച്ച് സ്വര്‍ഗ്ഗത്തിലേക്ക് എടുക്കപ്പെടാനുള്ളതാണ്. ദൈവം തന്റെ ഛായയില്‍ സൃഷ്ടിച്ചതാണു നമ്മള്‍. നമ്മുടേതുപോലുള്ള ശരീരം സ്വീകരിച്ചു മനുഷ്യനായി പിറന്ന ഈശോ, അതിലൂടെ നമ്മുടെ ശരീരം വിശുദ്ധീകരിച്ചു, വിശുദ്ധമായും സുന്ദരമായും നമ്മുടെ ശരീരം സൂക്ഷിക്കുകയും മറ്റുള്ളവരുടെ ശരീരത്തിന്റെ വിശുദ്ധിയും സുരക്ഷിതത്വവും ഉറപ്പുവരുത്തുകയും ചെയ്യാനുള്ള ഉത്തരവാദിത്വം ഈ തിരുനാള്‍ നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
മേല്‍പ്പറഞ്ഞ നിത്യസത്യങ്ങള്‍ പഠിപ്പിക്കുന്ന സംഭവമാണു സ്വര്‍ഗ്ഗാരോഹണം. ഉയിര്‍പ്പുതിരുനാള്‍ സഭയില്‍ ആഘോഷിച്ചു തുടങ്ങിയതുമുതല്‍ സ്വര്‍ഗ്ഗാരോഹണ തിരുനാളും ആഘോഷിക്കാന്‍ തുടങ്ങി. സീറോമലബാര്‍ സഭയില്‍ സ്വര്‍ഗ്ഗാരോഹണ തിരുനാള്‍ കടമുള്ള തിരുനാളായി ആചരിച്ചു വരുന്നു.
എല്ലാവര്‍ക്കും സുലാക്കാ – സ്വര്‍ഗ്ഗാരോഹണ തിരുനാളിന്റെ മംഗളങ്ങള്‍ !

ഫാ. ജോര്‍ജ് കറുകപ്പറമ്പില്‍

Previous Post

Knai Thoma Day celebration in Atlanta

Next Post

പ്രഥമ കാനഡാ ക്‌നാനായ സംഗമത്തിന ്മെയ് 19ന് തുടക്കം

Total
0
Share
error: Content is protected !!