കണ്ണൂര്‍: മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി രാജപുരം ഫൊറോനയിലെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസിന്റെ സഹകരണത്തോടെ രാജപുരം ഹോളിഫാമിലി പാരിഷ്ഹാളില്‍ നടന്ന കര്‍ഷകരുടെ യോഗത്തില്‍ വച്ച് രാജപുരം ഫാര്‍മേഴ്സ് ക്ലബ്ബ് എന്ന പേരില്‍ കര്‍ഷക കൂട്ടായ്മ രൂപീകരിച്ചു. കൃഷിയെ പ്രോത്സാഹിപ്പിക്കുക, കാര്‍ഷിക വിളകള്‍ക്ക് ഉയര്‍ന്ന വില ലഭ്യമാക്കുവാന്‍ ശ്രമിക്കുക, കൃഷിയുടെ പ്രാധാന്യത്തെക്കുറിച്ച് ആളുകള്‍ക്ക് ബോധവത്ക്കരണം നടത്തുക, കൃഷി വകുപ്പ്, മറ്റ് ഗവണ്മെന്റ് ഡിപ്പാര്‍ട്ട്മെന്റുകള്‍ എന്നിവ മുഖേന കര്‍ഷകര്‍ക്ക് സബ്സിഡികളും ഗുണമേന്മയുള്ള നടീല്‍ വസ്തുക്കള്‍ ലഭ്യമാക്കുക, ജൈവകൃഷി പ്രോത്സാഹിപ്പിക്കുക തുടങ്ങിയ കാര്യങ്ങള്‍ സാധാരണ കൃഷിക്കാരന് ലഭ്യമാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ക്ലബ്ബ് പ്രവര്‍ത്തിക്കുക. കര്‍ഷക ക്ലബ്ബ് രൂപീകരണ യോഗത്തില്‍ മലബാര്‍ സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി സെക്രട്ടറി ഫാ. സിബിന് കൂട്ടകല്ലുങ്കല്‍ സ്വാഗതം ആശംസിച്ചു. മാര്‍. ജോസഫ് പണ്ടാരശ്ശേരില്‍ ഉദ്ഘാടനം ചെയ്തു.
രാജപുരം ഫൊറോന പള്ളിവികാരി. ഫാ. ജോസ് അരീച്ചിറ അദ്ധ്യക്ഷത വഹിച്ചു. നബാര്‍ഡ് കാസര്‍ഗോഡ് ജില്ലാ ഡവലപ്പ്മെന്റ് മാനേജര്‍. ഷാരോണ്‍ കര്‍ഷക ക്ലബ്ബുകളുടെയും, ഭാവിയില്‍ രൂപീകരിക്കാന്‍ ഉദ്ദേശിക്കുന്ന ഫാര്‍മേഴ്സ് പ്രൊഡ്യൂസര്‍ കമ്പനി എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിശദികരിക്കുകയുണ്ടായി. തുടര്‍ന്ന് രാജപുരം ഫാര്‍മേഴ്സ് ക്ലബ്ബിന് രൂപം നല്‍കുകയും, പ്രസിഡന്റായി ഫിലിപ്പ് കൊട്ടോടി, സെക്രട്ടറിയായി ബേബി ഏറ്റിയേപ്പള്ളി, ട്രഷററായി ജോര്‍ജ്ജ് കൊടുന്നാകുഴിയേയും, 7-എക്സിക്യൂട്ടിവ് അംഗങ്ങളെയും തെരഞ്ഞെടുക്കുകയുണ്ടായി. കെ. സി. സി രാജപുരം ഫൊറോന പ്രസിഡന്റ്. ജെയിംസ് ഒരപ്പങ്കല്‍, മാസ്സ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ അബ്രാഹം ഉള്ളാടപ്പുള്ളില്‍ എന്നിവര്‍ നേതൃത്വം നല്കി. യോഗത്തില്‍ 35-കര്‍ഷകര്‍ പങ്കെടുത്തു.