വന്യമൃഗങ്ങളില്‍ നിന്ന് കേരളത്തിലെ മലയോരജനത നിരന്തരമായി ആക്രമണവും വിള നശീകരണവും നേരിടുന്ന ഈ കാലയളവില്‍ തന്നെ, 1961 ലെ കേരള വനനിയമത്തില്‍ സമഗ്രമായ ഭേദഗതികള്‍ നിര്‍ദ്ദേശിച്ചുകൊണ്ട്, 2024 നവംബര്‍ 1 ന് കേരള ഗസറ്റില്‍ വിജ്ഞാപനം ചെയ്‌തിരിക്കുകയാണ്, കേരള വനനിയമ ഭേദഗതി 2024. അതനുസരിച്ച് വനം കുറ്റങ്ങള്‍ക്കുള്ള ശിക്ഷ പത്തിരട്ടി വരെ കൂടും. അറസ്റ്റ് വാറണ്ടോ കേസോ ഇല്ലാതെ ആരെയും അറസ്റ്റ് ചെയ്യാന്‍ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ തസ്‌തിക മുതലുള്ള ഉദ്യോഗസ്ഥര്‍ക്ക് അനുമതിയുണ്ടാകും. ജീവനക്കാരന്റെ ഡ്യൂട്ടി തടസപ്പെടുത്തിയെന്നോ വനത്തിലെ പുഴയില്‍ നിന്നോ തോട്ടില്‍ നിന്നോ മീന്‍ പിടിച്ചെന്നോ, വിറക് ശേഖരിച്ചുവെന്നോ, വഴി നടന്നുവെന്നോ കാട്ടില്‍ പ്ലാസ്റ്റിക് ഇട്ടെന്നോ ഒക്കെ പറഞ്ഞു ആരെയും അറസ്റ്റു ചെയ്യാവുന്ന സാഹചര്യം സംജാതമാകും. പ്രത്യക്ഷത്തില്‍ നല്ലതെന്നു തോന്നുന്ന ഇക്കാര്യങ്ങള്‍ വ്യാപകമായി ദുരുപയോഗിക്കുവാനുള്ള സാഹചര്യമാണ് ഉണ്ടാവുക. 2023 ലെ സംസ്ഥാന വനം സ്റ്റാറ്റിസ്റ്റിക്‌സ് പ്രകാരം 430 പഞ്ചായത്തുകള്‍ കേരളത്തില്‍ വനാതിര്‍ത്തി പങ്കിടുന്നു. ഏകദേശം 1.3 കോടി ജനങ്ങള്‍ വനാതിര്‍ത്തിയില്‍ താമസിക്കുന്നു. ദേശീയതലത്തില്‍ വനാവരണം 24.6 ശതമാനമാണെങ്കില്‍ കേരളത്തില്‍ അത് 54.7 ശതമാനമാണ്. റിസര്‍വ് വനവും വന്യജീവി സങ്കേതങ്ങളും ജനവാസ കേന്ദ്രങ്ങളും അതിര്‍ത്തി പങ്കിടുന്ന മേഖലകളില്‍ വര്‍ഷം തോറും വന്യജീവി ആക്രമണം കൂടിക്കൂടി വരുന്നു. കേരളത്തിന്റെ വനം മന്ത്രി, 2024 ഫെബ്രുവരിയില്‍ നിയമസഭയില്‍ വച്ച കണക്കനുസരിച്ച് 2016 നും 2023 നും ഇടയില്‍ എട്ടു വര്‍ഷത്തിനിടെ കേരളത്തില്‍ വന്യജീവി ആക്രമണത്തില്‍ 909 പേര്‍ കൊല്ലപെട്ടിട്ടുണ്ട്. ഈ വര്‍ഷത്തെ കണക്കു വന്നിട്ടില്ല. എട്ടു വര്‍ഷത്തിനിടെ 55839 വന്യജീവി ആക്രമണങ്ങളുണ്ടായി. 7492 പേര്‍ക്കു ഗുരുതരമായ പരിക്കുണ്ടായി. 909 പേര്‍ കൊല്ലപ്പെട്ടെങ്കിലും നഷ്‌ട പരിഹാരം ലഭിച്ചത് 706 പേര്‍ക്കാണ്. കര്‍ഷരുടെ ആയിരക്കണക്കിനു ഏക്കറിലെ കൃഷി നഷ്‌ടമായി. 2021 മുതല്‍ 2024 ജൂലൈ വരെ 1644 വളര്‍ത്തു മൃഗങ്ങളെ വന്യജീവികള്‍ കൊന്നുതിന്നു. 20006 കൃഷിയിടങ്ങളിലെ വിളവുകള്‍ നശിപ്പിച്ചു. ഇതൊന്നും വന്യജീവികളുമായി പാവപ്പെട്ട കര്‍ഷകര്‍ ഒരു സംഘര്‍ഷം ഉണ്ടാക്കിയതിന്റെ പേരിലല്ല. മനുഷ്യര്‍ സ്വന്തം നിലയില്‍ പരമാവധി ജാഗ്രത പുലര്‍ത്തുന്നതുകൊണ്ടാണ് കൂടുതല്‍ പേര്‍ കൊല്ലപ്പെടാത്തത്.
രണ്ടാഴ്‌ച മുന്‍പു കോതമംഗലത്തു കൂട്ടമ്പുഴയില്‍ ആന ചവിട്ടിക്കൊന്ന എല്‍ദോസും തൃശൂരില്‍ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിനിടയില്‍ കൊല്ലപ്പെട്ട ആദിവാസി സ്‌ത്രീ മീനാക്ഷിയുമൊക്കെ ആനയോട് എന്തെങ്കിലും ബലപ്രയോഗം ചെയ്‌തിട്ടാണോ കൊല്ലപ്പെട്ടത്. വികസിത രാജ്യങ്ങളില്‍ വനത്തിന്റെ വിസ്‌തൃതിക്കനുസരിച്ച് കാലാകാലങ്ങളില്‍ മൃഗങ്ങളുടെ എണ്ണം നിയന്ത്രിക്കുന്ന പദ്ധതിയുണ്ട്. എന്നാല്‍ നമ്മുടെ രാജ്യത്ത് അങ്ങനെ ഒന്നില്ല. അതുകൊണ്ടുതന്നെ കാട്ടിലും നാട്ടിലും വന്യമൃഗങ്ങളും തെരുവുനായ്‌ക്കളും മറ്റു ഉരഗങ്ങളും കൂടിയിട്ടുണ്ട്. കാട്ടിലെ മൃഗങ്ങള്‍ ആവാസ വ്യവസ്ഥ തേടി മനുഷ്യവാസമുള്ള ഇടങ്ങളില്‍ ഇറങ്ങി കൃഷി നശിപ്പിക്കുകയും മനുഷ്യരെ കൊല്ലുകയുമാണ് ചെയ്യുന്നത്. ഇതൊക്കെ കാണാതെയാണോ ഭരണകൂടം ജനങ്ങളുടെ നേരെ കൊഞ്ഞനം കുത്തി കാണിച്ചുകൊണ്ടു അവരുടെ ജീവിതത്തെ കൂടുതല്‍ ദുസഹമാക്കുന്ന വന നിയമ നിര്‍മ്മാണത്തിന് ഒരുങ്ങുന്നത്. പലപ്പോഴും മന്ത്രിസഭയില്‍ ചര്‍ച്ചക്കു വരുന്ന നിയമ നിര്‍മ്മാണ നിര്‍ദ്ദേശങ്ങളിലെ ജനവിരുദ്ധത മനസിലാക്കാന്‍ മന്ത്രിമാര്‍ക്കു കഴിയുന്നില്ല. അല്ലെങ്കില്‍ ഉത്തരവാദിത്വപൂര്‍വ്വം ജനപക്ഷത്തു നിന്നുകൊണ്ടു ആവശ്യമായ വിലയിരുത്തലുകള്‍ നടത്താനും ഭേദഗതികള്‍ വരുത്താനും മനസു കാണിക്കാതിരിക്കുകയോ അല്ലെങ്കില്‍ പരാജയപ്പെടുകയോ ചെയ്യുന്നു. ഇന്ത്യയില്‍ 1971 ല്‍ പാസാക്കിയ വനം വന്യജീവി നിയമമുണ്ട്. അതനുസരിച്ച് എത്ര പേരെ കൊന്നാലും വന്യജീവിയെ കൊല്ലാന്‍ നൂറുനൂറു നടപടി ക്രമങ്ങളാണ്. മനുഷ്യനു ആവശ്യത്തിന് വില നല്‍കുകയും അവന്റെ ജീവനെയും അന്തസിനെയും പരമോന്നതമായി കാണുകയും ചെയ്യുന്ന ഒരു വ്യവസ്ഥിതിയില്‍ മാത്രമേ ഇതിനു മാറ്റം വരികയുള്ളൂ. കോടതി ഉത്തരവു പ്രകാരമുള്ള സെന്‍ട്രല്‍ ഫോറസ്റ്റ് ആക്‌ട് 1-17 ഉം അതിലെ മാര്‍ഗനിര്‍ദ്ദേശങ്ങളും വിശദീകരണങ്ങളും പ്രകാരം വനത്തോടനുബന്ധിച്ചു താമസിക്കുന്ന കൃഷിക്കാര്‍ക്ക് അനുബന്ധമായി മീന്‍ പിടിത്തം, മണല്‍ വാരല്‍, വിറകു ശേഖരണം, വഴി നടപ്പ്, പുഴയിലെ കുളി മുതലായവ ചെയ്യാമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിലവിലെ കേന്ദ്ര നിയമത്തിന് എതിരായുള്ള ഭേദഗതി നിര്‍ദ്ദേശങ്ങളാണ് പുതിയ നിയമത്തിലുള്ളത്. ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള സംസ്ഥാനം കേരളമാണ്. ആകെ ഭൂവിസ്‌തൃതിയില്‍ 29 ശതമാനം വരെയുള്ള ജനവാസ മേഖലകളെപോലും വനമാക്കാനുള്ള കുത്സിത ശ്രമമാണ് ഇതുപോലുള്ള നീക്കത്തിനു പിന്നിലെന്ന് ആരോപിക്കപ്പെടുന്നു. പാവങ്ങള്‍ക്ക് സമാധാനത്തോടെ ജോലി ചെയ്യാനോ ആഹാരം കഴിക്കാനോ ഉറങ്ങാനോ കുഞ്ഞുങ്ങളെ സ്‌കൂളില്‍ വിടാനോ പോലും പറ്റാത്ത സാഹചര്യമാണ് കേരളത്തില്‍ നിലവിലുള്ളത്. കാട്ടുമൃഗങ്ങള്‍ മനുഷ്യനെ കൊല്ലുമ്പോള്‍ ആവര്‍ത്തിക്കാതിരിക്കാനുള്ള നടപടി സ്വീകരിക്കുമെന്നു പറയുന്ന വനം വകുപ്പിന്റെ വാക്കുകളില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്‌ടപ്പെട്ടുവെന്നു മാത്രമല്ല പരിഹാസവും തോന്നി തുടങ്ങിയിരിക്കുന്നു. വനം വകുപ്പിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ തയ്യാറാക്കുന്ന കര്‍ഷകവിരുദ്ധ ജനവിരുദ്ധ നിയമങ്ങള്‍ അപ്പാടെ അംഗീകരിക്കുന്നതല്ല ഒരു ജനപക്ഷ സര്‍ക്കാരില്‍ നിന്നു ജനം പ്രതീക്ഷിക്കുക. നിരാലംബരായ ജനത്തിനുവേണ്ടി നിലകൊള്ളുന്ന ബിഷപ്പുമാരുടെ ഇടപെടലുകളില്‍ കൂടുതല്‍ പക്വത പ്രതീക്ഷിക്കുകയും ആഗ്രഹിക്കുകയും ചെയ്യുന്ന വന മന്ത്രി ജനത്തിന്റെ ന്യായമായ ആവശ്യങ്ങളോടു കാണിക്കുന്ന നിരുത്തരവാദിത്വപരമായ നിലപാടില്‍ പ്രതിഷേധമുള്ളവര്‍ ഏറെയാണ്.
റവ. ഡോ. മാത്യു കുരിയത്തറ