മണിപ്പൂരില്‍ വീണ്ടും കലാപ തീ ആളുന്നുവോ?

മാസങ്ങളുടെ ഇടവേളകള്‍ക്കുശേഷം മണിപ്പൂരില്‍ വീണ്ടും കലാപ തീ ആളുന്നതിന്റെ അസ്വസ്ഥതയിലാണ്‌ രാജ്യം. ഒത്തിരി പേരുടെ ജീവന്‍ അപഹരിക്കുകയും ഭവനങ്ങള്‍ ചുട്ടെരിക്കുകയും രാജ്യം ലജ്ജ കൊണ്ടു തലകുനിക്കുകയും ചെയ്യേണ്ടവിധത്തില്‍, സ്‌ത്രീജനങ്ങളെ അപമാനിക്കുകയും ചെയ്‌തതിനുശേഷം, സ്ഥിതി കുറച്ചൊന്നു ശാന്തമായതിനുശേഷം വീണ്ടും അക്രമവും ഹിംസയും നടക്കുന്നത്‌ സംസ്ഥാന ഭരണകൂടത്തിന്റെ അതിദയനീയ പരാജയമാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌. നവംബര്‍ പകുതിയോടുകൂടി മണിപ്പൂരില്‍ കുക്കി ഹമാര്‍ ഗോത്രവര്‍ഗക്കാര്‍ തട്ടിക്കൊണ്ടുപോയ മെയ്‌തെയ്‌ വിഭാഗക്കാരായ ആറു പേരെകൂടി വധിച്ചു. എട്ടുമാസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിന്റെയും മറ്റു രണ്ടു കുട്ടികളുടെയും മൂന്നു സ്‌ത്രീകളുടെയും മൃതദേഹങ്ങള്‍ ആസാമിനോടു ചേര്‍ന്ന്‌ കിടക്കുന്ന ജിരിബാം ജില്ലയിലെ ബറാക്‌ നദിയില്‍ നിന്നാണ്‌ വീണ്ടെടുത്തത്‌. സമീപ ദിവസങ്ങളില്‍ കലാപത്തിന്റെ കേന്ദ്രബിന്ദുവായ ജിരിബാമില്‍ ഒരു പ്രതിഷേധക്കാരനുള്‍പ്പെടെ ഏഴു പേരാണ്‌ നവംബര്‍ 18-ാം തീയതി കൊല്ലപ്പെട്ടത്‌. ജിരിബാം ആക്രമണത്തില്‍ പ്രതിഷേധം ശക്തമാക്കി മെയ്‌തെയ്‌ വിഭാഗക്കാര്‍ സര്‍ക്കാര്‍ ഓഫിസുകള്‍ ഉള്‍പ്പെടെ ആക്രമിച്ചു. സുരക്ഷാസേനക്കെതിരെ കുക്കികളും മെയ്‌തെയ്‌കളും പലയിടത്തും ഏറ്റുമുട്ടിയതായി റിപ്പോര്‍ട്ടുകളുണ്ട്‌. അതിനിടെ മണിപ്പൂര്‍ ബി.ജെ.പിയില്‍ നിന്നു എട്ടു നേതാക്കള്‍ രാജി വച്ചു. ജിരിബാമിലെയും മണിപ്പൂരിലെയും സംഘര്‍ഷാവസ്ഥ ലഘൂകരിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടുവെന്നു രാജി വെച്ചവര്‍ ആരോപിച്ചിട്ടുണ്ട്‌. ബിരേന്‍ സിംഗ്‌ സര്‍ക്കാരിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച്‌ നാഷണല്‍ പീപ്പിള്‍സ്‌ പാര്‍ട്ടിയും സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിച്ചിട്ടുണ്ട്‌. കലാപം രൂക്ഷമായ മണിപ്പൂരിലേക്ക്‌ നേരത്തെ അയച്ച 20 കമ്പനി സായുധസേനക്കു പുറമെ അയ്യായിരത്തിലേറെ സായുധഭടന്മാര്‍ ഉള്‍പ്പെടെ അമ്പതു കമ്പനി കേന്ദ്രസേനെയെക്കൂടി പുതുതായി അയക്കുമെന്ന്‌ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കി. ഇതോടെ കരസേന, ആസാം റൈഫില്‍ഡ്‌, കമാന്‍ഡോകള്‍, പോലീസ്‌ എന്നിവ കൂടാതെ 218 കമ്പനി സായുധസേന മണിപ്പൂരിലുണ്ട്‌. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ്‌ മോഹന്‍ നേരിട്ട്‌ എത്തി സ്ഥിതി വിശകലനം ചെയ്യും. കുട്ടികളും സ്‌ത്രീകളുമടക്കം ഇരുപതോളം പേര്‍ ക്രൂരമായി കൊല്ലപ്പെട്ടതും മുഖ്യമന്ത്രിയുടെ ഇംഫാലിലെ സ്വകാര്യ വസതിയും രണ്ടു മന്ത്രിമാരുടെയും മൂന്ന്‌ എം.എല്‍.എ മാരുടെയും വീടുകളും സര്‍ക്കാരിനെ അനുകൂലിച്ചിരുന്ന മെയ്‌തെയ്‌ ജനക്കൂട്ടം അടിച്ചു തകര്‍ത്തതും സ്ഥിതി ഗുരുതരമാക്കിയെന്നാണ്‌ ഉന്നതതലയോഗത്തിന്റെ വിലയിരുത്തല്‍. കുക്കിഹമാര്‍ ഗോത്രവനിതയെ ബലാല്‍സംഗം ചെയ്‌തു ചുട്ടുകൊന്നതടക്കമുള്ള മൂന്നു കേസുകള്‍ എന്‍.ഐ.എ ക്ക്‌ നല്‍കിയിട്ടുണ്ട്‌. പൊതുവേ പറഞ്ഞാല്‍ ജിരിമ്പാം ജില്ലയില്‍ 11 കുക്കികളും പിന്നാലെ എട്ടു മെയ്‌തെയ്‌കളും കൊല്ലപ്പെട്ടതിന്റെ പിന്നാലെയാണ്‌ ഒരിടവേളക്കുശേഷം സംഘര്‍ഷം രൂക്ഷമായതും വിദ്യാലയങ്ങള്‍ അടച്ചിടേണ്ടി വന്നതും.
സങ്കീര്‍ണ്ണമാണ്‌ മണിപ്പൂരിലെ വംശീയ പ്രശ്‌നങ്ങള്‍. വ്യത്യസ്‌ത വംശങ്ങള്‍ തമ്മിലുള്ള സ്‌പര്‍ദ്ധയും സംഘര്‍ഷവും അവിടെ പുതിയ കാര്യമല്ലെങ്കിലും അതു കാര്യക്ഷമമായി കൈകാര്യം ചെയ്യുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ വിജയിച്ചിട്ടില്ലെന്നതാണ്‌ വസ്‌തുത. കഴിഞ്ഞ ഒന്നരവര്‍ഷമായി അവിടെ നടക്കുന്ന വംശീയ സംഘര്‍ഷം കേന്ദ്ര സംസ്ഥാന ഗവണ്‍മെന്റുകളുടെ പിന്‍വാങ്ങലിന്റെയും നിരുത്തരവാദിത്വത്തിന്റെയും കര്‍മ്മ നിരാസത്തിന്റെയും കൂടി ഫലമാണെന്നു വിലയിരുത്തുന്നവര്‍ ഏറെയാണ്‌. കഴിഞ്ഞ വര്‍ഷം മെയ്‌ മൂന്നിനു പൊട്ടിപ്പുറപ്പെട്ട വംശീയ സംഘര്‍ഷം ആഴ്‌ചകള്‍ക്കുള്ളില്‍ ആളിക്കത്തുന്നതാണ്‌ കണ്ടത്‌. പ്രബലമായ മെയ്‌തെയ്‌ വംശജരും ഗോത്രവര്‍ഗക്കാരായ കുക്കികളും തമ്മിലായിരുന്നു സംഘര്‍ഷത്തിന്റെ തുടക്കം. ജിരിബാം ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്ന്‌ കുട്ടികളും സ്‌ത്രീകളുമടക്കം ഏതാനും പേരെ തട്ടികൊണ്ടു പോവുകയും ഇവരില്‍ ചിലരുടെ മൃതദേഹം പുഴയില്‍ പൊങ്ങുകയും ചെയ്‌തതാണ്‌ പെട്ടെന്നുള്ള പ്രകോപന കാരണം. പട്ടികവര്‍ഗ്ഗ പദവി വേണമെന്ന മെയ്‌തെയ്‌ വിഭാഗത്തിന്റെ ദീര്‍ഘകാല ആവശ്യത്തിനു അംഗീകാരം നല്‍കിക്കൊണ്ട്‌ കഴിഞ്ഞവര്‍ഷം ഏപ്രിലില്‍ മണിപ്പൂര്‍ ഹൈക്കോടതി ഉത്തരവു പുറപ്പെടുവിച്ചതാണ്‌ അന്ന്‌ സംഘര്‍ഷത്തിലേക്കു നയിച്ചത്‌. കോടതി വിധിക്കെതിരെ കുക്കികള്‍ അടക്കമുള്ള ഗോത്രവര്‍ഗ്ഗക്കാര്‍ നടത്തിയ സമരം അക്രമാസക്തമായി. അങ്ങനെ ആരംഭമിട്ട കലാപത്തിന്റെ കനലാണ്‌ ഇപ്പോഴും എരിഞ്ഞുകൊണ്ടിരിക്കുന്നത്‌. മലനിരകളില്‍ കുക്കികള്‍ക്കും ഗോത്രവര്‍ഗ്ഗക്കാര്‍ക്കും സ്വാധീനമുള്ളപ്പോള്‍, താഴ്‌വരയില്‍ മെയ്‌തെയ്‌ വിഭാഗത്തിനാണ്‌ സ്വാധീനം. അധികാരത്തിലും വിഭവങ്ങളുടെ നിയന്ത്രണത്തിലുമൊക്കെ മെയ്‌തികള്‍ക്കാണ്‌ സ്വാധീനം. മെയ്‌തെയ്‌കളെ പട്ടികവര്‍ഗമായി പരിഗണിച്ചാല്‍ തങ്ങള്‍ക്കുള്ള സ്വാധീനംപോലും നഷ്‌ടമാകുമെന്നാണ്‌ ഗോത്രവര്‍ഗക്കാരുടെ ഭയം. നീതിപീഠത്തിന്റെ വിധി വിവിധ ഘടകങ്ങളുടെ വസ്‌തുനിഷ്‌ഠമായ അപഗ്രഥനത്തിന്റെ പശ്ചാത്തലത്തിലാകാമെങ്കിലും അതേതുടര്‍ന്നുണ്ടായ അക്രമത്തെ അവധാനതയോടെ പരിഹരിക്കുന്നതിലും ക്രിയാത്മകമായി ഇടപെടുന്നതിലും ഭരണകൂടം പരാജയപ്പെട്ടു. മെയ്‌തെയ്‌ കുക്കി വിഭാഗങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടു സമാധാന ചര്‍ച്ച നടത്താനും നഷ്‌ടപ്പെട്ട പരസ്‌പര വിശ്വാസം വീണ്ടെടുക്കാനും ആവശ്യമായ സത്വര നടപടികള്‍ കേന്ദ്ര സംസ്ഥാന നേതൃത്വത്തിന്റെ ഭാഗത്തുനിന്നു ഉണ്ടായേ തീരൂ. ഉത്തരവാദിത്വത്തിന്റെ താക്കോല്‍ സൂക്ഷിപ്പുക്കാര്‍ മൗനം വെടിഞ്ഞു ക്രിയാത്മകമായി ഇടപെട്ടാല്‍ ഇനിയും മണിപ്പൂര്‍ പ്രശ്‌നം പരിഹരിക്കാനാകും. മണിപ്പൂരിന്റെ വേദന രാജ്യത്തിന്റെ മൊത്തം വേദനയായതിനാല്‍ ഈ പ്രതിസന്ധി എത്രയും പെട്ടെന്നു പരിഹരിച്ച്‌ സമാധാനത്തിന്റെ വെള്ളരിപ്രാവു മണിപ്പൂരില്‍ ചിറകടിച്ചു പറക്കട്ടെ.

                                                                                                                                         റവ. ഡോ. മാത്യു കുരിയത്തറ

Previous Post

ചുള്ളിക്കര: ഉമ്മംകുന്നേല്‍ അന്നമ്മ മത്തായി

Next Post

ഒളശ: പൂങ്കശ്ശേരില്‍ മാത്യു

Total
0
Share
error: Content is protected !!