സൈബര്‍ സെല്ലുകള്‍ കാര്യക്ഷമമോ? ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ യഥേഷ്ടം നടക്കുന്നു…സിബിഐ ഉദ്യോഗസ്ഥരുടെയും, ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പേരുപയോഗിച്ച് തന്നെ വന്‍ തട്ടിപ്പുകള്‍ നടക്കുമ്പോള്‍, സുരക്ഷാ സംവിധാനങ്ങള്‍ വന്‍ പരാജയം എന്ന് വിലയിരുത്തണ്ടി വരും
വൈസ് ചാന്‍സിലര്‍ പദവിയിലുള്ളവര്‍, മതമേലധ്യക്ഷന്മാര്‍, രാഷ്ട്രീയ നേതാക്കള്‍, അധ്യാപകര്‍, ഡോക്ടര്‍മാര്‍, എന്‍ജിനീയര്‍മാര്‍ അടക്കം ഉന്നത സ്ഥാനീയര്‍ വരെ ഇരകളാകുമ്പോള്‍ സാധാരണക്കാരുടെ സുരക്ഷ ത്രീശങ്കുവില്‍ തന്നെ. ദേശ സുരക്ഷ പോലും അപകടാവസ്ഥയിലാണ് എന്ന് വിലയിരുത്തേണ്ടി വരും.
സിബിഐ ഉന്നത ഉദ്യോഗസ്ഥരുടെ പേരില്‍ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസില്‍ അറിയിക്കണം എന്നുള്ള ഔദ്യോഗിക അറിയിപ്പ് പുറത്തു വന്നതിന്റെ തൊട്ടടുത്ത ദിവസം തന്നെ കേരളത്തില്‍ മകള്‍ എംഡി എം എ ഉപയോഗിച്ചു എന്ന് പറഞ്ഞുകൊണ്ട് സിബിഐ ഉദ്യോഗസ്ഥന്റെ പേര് പറഞ്ഞു ഒരു അമ്മയെ കബളിപ്പിക്കുവാനുള്ള ശ്രമം നടന്നു. ഒരു മുന്‍ മത മേലധ്യക്ഷന്‍ രണ്ടു ദിവസങ്ങള്‍ക്കു മുന്‍പ് 15 ലക്ഷം രൂപയുടെ തട്ടിപ്പില്‍ കുടുങ്ങി. കുടുക്കിയത് നരേഷ് ഗോയല്‍ എന്ന സുരക്ഷാ ഉദ്യോഗസ്ഥന്റെ പേരിലുള്ള തട്ടിപ്പ് സംഘം. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് കുസാറ്റിലെ വൈസ് ചാന്‍സലര്‍ ആയിരുന്ന ഐടി പ്രൊഫസര്‍ ലക്ഷങ്ങളുടെ തട്ടിപ്പില്‍ അകപ്പെട്ടിരുന്നു .ഗവേഷണ പ്രൊജക്റ്റുകളുടെ പേരില്‍ 100 കണക്കിന് ഉന്നത വിദ്യാഭ്യാസ മേഖലയിലെ പ്രൊഫസര്‍മാര്‍ അടക്കമുള്ള അധ്യാപകര്‍ തട്ടിപ്പില്‍ അകപ്പെടുന്നു.
2006 മുതലാണ് കേരളത്തില്‍ ചില ആഫ്രിക്കന്‍ തട്ടിപ്പുകള്‍ തലപൊക്കി തുടങ്ങുന്നത്. ലോട്ടറി അടിച്ചു എന്ന പേരില്‍ അന്നു തുടങ്ങിയ തട്ടിപ്പുകള്‍ ഒരെണ്ണം പോലും തെളിയിക്കുവാന്‍ കേരള പോലീസിന്റെ സൈബര്‍ സെല്ലിന് കഴിഞ്ഞതായി വിവരമില്ല. 2008 വര്‍ഷത്തില്‍ കൊക്കക്കോള ലോട്ടറി അടിച്ചു എന്നുവന്ന ഈമെയിലിന്റെ വിശദാംശങ്ങള്‍ കണ്ണൂര്‍ ജില്ലയിലെ കേളകം ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ നല്‍കുവാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവം രസകരമാണ്. അന്നും പത്രങ്ങളിലൂടെ സൈബര്‍ സെല്ല് എന്ന വാക്ക് അറിഞ്ഞിരുന്നു . ലോക്കല്‍ പോലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് അതിന്റെ നടപടിക്രമങ്ങളെക്കുറിച്ച് യാതൊരു വിവരവും ഇല്ലാത്തതിനാല്‍ നിരാശനായി മടങ്ങേണ്ടി വന്നു. പിന്നീട് നൂറുകണക്കിന് വ്യക്തികള്‍ ലോട്ടറി തട്ടിപ്പില്‍ കുടുങ്ങിയത് പത്രങ്ങളിലൂടെ വായിച്ചിരുന്നു. തട്ടിപ്പില്‍ കുടുങ്ങുമ്പോള്‍ അത് വാര്‍ത്തയാവും. പക്ഷേ നാളിതുവരെ ഒരു കുറ്റവാളിയെയും അറസ്റ്റ് ചെയ്തതിന്റെ വാര്‍ത്ത ശ്രദ്ധയില്‍പ്പെട്ടിട്ടില്ല. ഇന്റര്‍നെറ്റിലൂടെയും, ഫോണ്‍കോളിലൂടെയും, മെസ്സേജിലൂടെയും വരുന്ന ഇത്തരം മോഹന വാഗ്ദാന തട്ടിപ്പുകള്‍ ദിനംപ്രതി രാജ്യത്ത് വര്‍ദ്ധിച്ചുവന്നു. തട്ടിപ്പുകള്‍ പുറത്താകുമ്പോള്‍, വാര്‍ത്ത വരുമ്പോള്‍ ഉണ്ടാകുന്ന മാനഹാനി ഓര്‍ത്ത് വലിയൊരു വിഭാഗം പുറത്തു പറയാതെ നഷ്ടം സഹിച്ച് ജീവിക്കുന്നു. രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാന്‍സ് സ്റ്റഡീസ് ഷിംലയില്‍ റിസര്‍ച്ച് അസോസിയേറ്റായി പ്രവര്‍ത്തിച്ചപ്പോള്‍ ഗവേഷണ പ്രോജക്റ്റിന്റെ രൂപത്തില്‍ ഈമെയില്‍ വന്നതും, തട്ടിപ്പാണെന്ന് അറിഞ്ഞുകൊണ്ട് തന്നെ തട്ടിപ്പ് കാരിയെ കൊടുക്കുവാന്‍ നടത്തിയ ശ്രമങ്ങളും ഓര്‍മ്മ വരുന്നു. കോടിക്കണക്കിന് രൂപയുടെ ഗവേഷണ പ്രോജക്ട് മിഷനറി പാക്കേജ് എന്ന പേരില്‍ അനുവദിക്കുന്നു എന്ന് പറഞ്ഞ തട്ടിപ്പുകാരിയുടെ വിശദാംശങ്ങള്‍ സൈബര്‍ സെല്ലിലൂടെ നല്‍കുവാന്‍ ശ്രമിച്ചിരുന്നു. 2008 വര്‍ഷത്തില്‍ ഉണ്ടായ അതേ അനുഭവമാണ് സൈബര്‍ സെല്ലില്‍ നിന്നും ഉണ്ടായത്. ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ പോയി പരാതി പറയണം എന്നുള്ള സൈബര്‍ സെല്ലിന്റെ ഉപദേശം, ഒപ്പം ഇത്തരം കുറ്റവാളികളെ കണ്ടെത്തുവാന്‍ സാധിക്കില്ല എന്നുള്ള പരസ്യ നിലപാടും തെല്ലും അതിശയോക്തി ഇല്ലാതെ ആണ് കേട്ടത് . പിന്നീട് ധാരാളം സഹപ്രവര്‍ത്തകരായ അധ്യാപകര്‍ക്ക് പണം നഷ്ടപ്പെടുന്ന സാഹചര്യങ്ങള്‍ പോലും ഉണ്ടായതും, അവര്‍ പരാതി നല്‍കുന്ന സാഹചര്യം ഉടലെടുത്തതും, കുറ്റവാളികളുടെ പരിസരത്തുപോലും അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് എത്താന്‍ പറ്റാത്ത സാഹചര്യം ഉണ്ട് എന്ന് അറിഞ്ഞതും സുരക്ഷാ സംവിധാനത്തിന്റെ നിസംഗതയായി മാത്രം കാണാന്‍ കഴിയില്ല. ഇപ്പോള്‍ സിബിഐ ഉദ്യോഗസ്ഥരുടെയും, ഡല്‍ഹിയിലെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെയും പേരില്‍ ഈമെയിലൂടെ വരുന്ന ഭീഷണി കത്തുകളും, പോലീസ് അറിയിപ്പും കണ്‍മുന്നില്‍ നില്‍ക്കുമ്പോള്‍ എന്തുകൊണ്ട് സ്വന്തം പേര് തട്ടിപ്പ് സംഘം ഉപയോഗിക്കുമ്പോള്‍ ശക്തമായ നടപടികള്‍ ഫലപ്രദമായി കൈക്കൊള്ളുവാന്‍ സുരക്ഷാ സംവിധാനത്തിന് ആകുന്നില്ല എന്നുള്ളത് വലിയൊരു ചോദ്യമാണ്. ഈ അന്താരാഷ്ട്ര തട്ടിപ്പ് സംഘത്തിന്റെ മുന്നില്‍ രാജ്യത്തിന്റെ പ്രതിരോധ സംവിധാനം പോലും സുരക്ഷിതമല്ല എന്ന് വിലയിരുത്തേണ്ടി വരും. കള്ളപ്പണം ഇടപാടിന്റെ പേരില്‍ ബന്ധപ്പെട്ട തട്ടിപ്പ് സംഘത്തിന് കഴിഞ്ഞ ദിവസം ഒരു മതമേലധ്യക്ഷന്‍ നല്‍കിയത് 15 ലക്ഷം രൂപയാണ്. ഡെപ്പോസിറ്റ് തുക തട്ടിയെടുക്കുവാന്‍ വയോധികനെ വാഹനം ഇടിച്ചു കൊലപ്പെടുത്തിയ ബാങ്ക് ഉദ്യോഗസ്ഥ കുടുങ്ങിയത് അന്വേഷണ സംഘത്തിന്റെ കഴിവുകൊണ്ടല്ല, മകള്‍ക്ക് ഉണ്ടായ സംശയവും പരാതിയും അടിസ്ഥാനപ്പെടുത്തി മാത്രമാണ് എന്നതും ഓര്‍ക്കുക . കേരളത്തിലെ ഏറ്റവും പ്രശസ്തമായ സര്‍വകലാശാലയായ കൊച്ചിന്‍ ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയിലെ മുന്‍ വൈസ് ചാന്‍സലര്‍ ആയിരുന്ന ഐടി പ്രൊഫസര്‍ പോലും ഇങ്ങനെ തട്ടിപ്പില്‍ ഉള്‍പ്പെടുമ്പോള്‍, പ്രസ്തുത ഉന്നത ഉദ്യോഗസ്ഥയെ പരിഹസിക്കുന്നതിന് പകരം സുരക്ഷാ സംവിധാനത്തിന്റെ വീഴ്ചയെ വിമര്‍ശിക്കുവാന്‍ സമൂഹം തയ്യാറാകണം.കണ്ണൂര്‍ സര്‍വ്വകലാശാലയുടെ വെബ്‌സൈറ്റ് പോലും രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹാക്ക് ചെയ്യപ്പെട്ടു എന്നതും ഓര്‍മ്മ വരുന്നു .
പ്ലസ് ടു യോഗ്യതയുള്ള പോലീസ് ഉദ്യോഗസ്ഥരില്‍ നിന്നും കമ്പ്യൂട്ടര്‍ അറിയാം എന്നുള്ളതിന്റെ പേരില്‍ ഐടി സെല്ലിലേക്ക് നിയമിക്കുന്ന സംവിധാനം മാറണം . പോലീസ് സംവിധാനത്തിന്റെ ഭാഗമേ അല്ലാത്ത പുതിയ ഒരു ഐടി സെല്‍ രൂപീകൃതമാകേണ്ടത് അനിവാര്യതയാണ്. സാങ്കേതിക തികവുള്ള, മികച്ച സ്ഥാപനങ്ങളില്‍ നിന്നും പഠിച്ചിറങ്ങുന്ന എന്‍ജിനീയര്‍മാരെ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ട് രഹസ്യ സ്വഭാവമുള്ള സുരക്ഷാ സംവിധാനങ്ങളുമായി ബന്ധപ്പെടുത്തി തന്നെ ഐടി സെല്ലുകള്‍ വിവിധ സംസ്ഥാനങ്ങളില്‍ ആരംഭിക്കേണ്ടത് ഇന്നിന്റെ അനിവാര്യതയാണ്. ഓണ്‍ലൈന്‍ തട്ടിപ്പുകളെ നേരിടുവാന്‍ ഓണ്‍ലൈന്‍ പരാതി നല്‍കുവാനുള്ള സാഹചര്യം സൃഷ്ടിക്കപ്പെടണം. ലോക്കല്‍ പോലീസ് സ്റ്റേഷനില്‍ കയറിയിറങ്ങി സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്ക് വെള്ളപേപ്പറില്‍ എഴുതി കൊടുക്കേണ്ട പരാതികളുടെ ഗണത്തില്‍ പെടുന്നതല്ല സൈബര്‍ തട്ടിപ്പുകള്‍ എന്ന് സര്‍ക്കാരുകള്‍ മനസ്സിലാക്കണം. സിബിഐ ഉദ്യോഗസ്ഥരുടെ പേരില്‍ തട്ടിപ്പ് ശ്രദ്ധയില്‍പ്പെട്ടാല്‍ പോലീസില്‍ അറിയിക്കണം എന്നുള്ള അറിയിപ്പിനേക്കാള്‍, പോലീസിനെ അറിയിച്ചാല്‍ നിങ്ങള്‍ക്ക് എന്ത് ചെയ്യാന്‍ കഴിയും എന്ന് സമൂഹത്തെ ബോധ്യപ്പെടുത്തുവാനും സുരക്ഷാ സംവിധാനത്തിന് ഉത്തരവാദിത്തമുണ്ട്. ഇനിയും മടിച്ചു നിന്നാല്‍ രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന സ്ഥിതിവിശേഷം ഉണ്ടാകും എന്നത് യാഥാര്‍ത്ഥ്യമാണ്. നൈജീരിയന്‍ – ആഫ്രിക്കന്‍ തട്ടിപ്പുകള്‍ ഫലപ്രദമായി തടയാന്‍ സാധിക്കാത്തത് കൊണ്ട് മാത്രമാണ് ദിനംപ്രതി സാങ്കേതിക തികവോടെ തട്ടിപ്പുകാര്‍ കളം വാഴുന്നത്. നിര്‍മ്മിത ബുദ്ധിയുടെ കാലഘട്ടത്തില്‍ കാര്യങ്ങള്‍ കൈവിട്ടു പോകാതിരിക്കുവാന്‍ സര്‍ക്കാര്‍ ശക്തമായി ഇടപെടേണ്ടിയിരിക്കുന്നു.