പ്രേഷിത പ്രവര്‍ത്തനം ദൈവവിളിയും ഉത്തരവാദിത്വവും : മാര്‍ മാത്യു മൂലക്കാട്ട്

കോട്ടയം: പ്രേഷിത പ്രവര്‍ത്തനം ദൈവവിളിയും ഉത്തരവാദിത്വവുമാണെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. ചെറുപുഷ്പ മിഷന്‍ലീഗ് കോട്ടയം അതിരൂപതാ പ്രവര്‍ത്തന വര്‍ഷ ഉദ്ഘാടനവും വൈസ് ഡയറക്ടേഴ്സ് മീറ്റും നീണ്ടൂരില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്രിസ്തുവിനോടുള്ള സ്നേഹമാണ് പ്രേഷിത പ്രവര്‍ത്തനത്തിന്റെ പ്രേരകശക്തിയെന്നും കോട്ടയം അതിരൂപത പ്രേഷിത ദൈവവിളികളാല്‍ അനുഗ്രഹീതമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മിഷന്‍ലീഗ് കോട്ടയം അതിരൂപതാ പ്രസിഡന്റ് അജീഷ് കൊണ്ടാടുംപടവില്‍ അദ്ധ്യക്ഷനായിരുന്നു. കോട്ടയം അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് മുഖ്യപ്രഭാഷണം നടത്തി. നീണ്ടൂര്‍ ശാഖാ ഡയറക്ടര്‍ ഫാ. ജോര്‍ജ് പുതുപ്പറമ്പില്‍, കോട്ടയം അതിരൂപതാ സി.എം.എല്‍ ഡയറക്ടര്‍ ഫാ. ജിതിന്‍ വല്ലര്‍കാട്ടില്‍, വൈസ് ഡയറക്ടര്‍ സിസ്റ്റര്‍ അനു, മേഖല പ്രതിനിധി അബ്രാം എം. ജോര്‍ജ്, ശാഖാ പ്രതിനിധി അബിയാ തോമസ്, ജനറല്‍ സെക്രട്ടറി സജി പഴുമ്യാലില്‍, അതിരൂപതാ ഓര്‍ഗനൈസര്‍ ബിബിന്‍ ബെന്നി തടത്തില്‍ എന്നിവര്‍ പ്രസംഗിച്ചു. മിഷന്‍ലീഗ് പ്രവര്‍ത്തനങ്ങള്‍ക്ക് സമഗ്ര സംഭാവനകള്‍ നല്‍കിയ എ.സി. ലൂക്കോസ് ആണ്ടൂരിനെ ചടങ്ങില്‍ ആദരിച്ചു. ചെറുപുഷ്പ മിഷന്‍ലീഗിന്റെ അടുത്ത ഒരു വര്‍ഷത്തേക്കുള്ള പ്രവര്‍ത്തന മാര്‍ഗരേഖയും പ്രകാശനം ചെയ്തു. രാവിലെ 9.30 ന് കൈപ്പുഴ ഫൊറോന വികാരി ഫാ. സാബു മാലിത്തുരുത്തേലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ അര്‍പ്പിക്കപ്പെട്ട കൃതജ്ഞതാബലിയോടെയാണ് പരിപാടികള്‍ക്കു തുടക്കമായത്. തുടര്‍ന്ന് അതിരൂപതാ പ്രസിഡന്റ് പതാക ഉയര്‍ത്തി. വിവിധ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികള്‍ പരിപാടികളില്‍ പങ്കെടുത്തു.

 

Previous Post

ഉഴവൂര്‍: ചേറ്റുകുളം കുളക്കാട്ട് എന്‍.എം മത്തായി

Next Post

കൈപ്പുഴ: ചാമക്കാലായില്‍ ടോമി മാത്യു

Total
0
Share
error: Content is protected !!