കോട്ടയം അതിരൂപതയ്‌ക്കെതിരെ നവീകരണ സമിതി ഫയല്‍ ചെയ്ത കേസിന്റെ നിജസ്ഥിതി

ക്‌നാനായ നവീകരണ സമിതി എന്ന സംഘടന കോട്ടയം സബ് കോടതിയില്‍ 2015 ല്‍ കോട്ടയം അതിരൂപതയ്ക്കും അതിരൂപതാദ്ധ്യക്ഷനും എതിരെ കേസ് ഫയല്‍ ചെയ്യുകയുണ്ടായി. കോട്ടയം അതിരൂപതയില്‍ അംഗമായി നിലനിര്‍ത്തിക്കൊണ്ടുതന്നെ ക്‌നാനായേതരസമൂഹത്തില്‍നിന്നും വിവാഹം നടത്തിക്കൊടുക്കണമെന്നും ഇങ്ങനെ വിവാഹം കഴിക്കുന്നവരുടെ ജീവിത പങ്കാളികളെയും അവരുടെ മക്കളെയും കോട്ടയം അതിരൂപതയില്‍ അംഗങ്ങളാക്കണം എന്നു തുടങ്ങി അഞ്ച് ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണു നവീകരണ സമിതി കേസ് ഫയല്‍ ചെയ്തത്. ഈ കേസില്‍ നവീകരണസമിതിക്ക് അനുകൂലമായി വിധിയുണ്ടായി.
ഈ വിധിക്കെതിരെ അതിരൂപത ജില്ലാ കോടതിയില്‍ അപ്പീല്‍ നല്‍കുകയും വിധി സ്റ്റേ ചെയ്യണമെന്നു കോടതിയില്‍ അപേക്ഷിക്കുകയും ചെയ്തു. അപ്പീല്‍ ഫയലില്‍ സ്വീകരിച്ച കോടതി ഈ വിധി നടപ്പിലാക്കുന്നതിനു താല്‍ക്കാലികമായി സ്റ്റേ അനുവദിക്കുകയും തുടര്‍ന്ന്, വിശദമായി വാദം കേട്ടതിനുശേഷം അപ്പീലില്‍ തീരുമാനമാകുന്നതുവരെ സബ്‌കോടതി വിധി നടപ്പിലാക്കുന്നതു സ്റ്റേ ചെയ്യുകയും ചെയ്തു.
ഈ സ്റ്റേ നിലനില്‍ക്കെ വാദി ഹൈക്കോടതിയില്‍ ഒറിജിനല്‍ പെറ്റീഷന്‍ സമര്‍പ്പിച്ച് 30 ദിവസത്തേക്ക് ജില്ലാകോടതിയുടെ ഉത്തരവു സ്റ്റേ ചെയ്യുവാന്‍ വിധി സമ്പാദിച്ചു. തുടര്‍ന്ന്, ഈ ഒറിജിനല്‍ പെറ്റീഷനുമേല്‍ ഹൈക്കോടതിയില്‍ വിശദമായ വാദം നടന്നു. അതിരൂപതയ്ക്കുവേണ്ടി അഡ്വ. ബി. കൃഷ്ണനും കെ.സി.സി.ക്കുവേണ്ടി അഡ്വ. കൃഷ്ണനുണ്ണിയും മറ്റൊരു വ്യക്തിക്കുവേണ്ടി അഡ്വ. എസ് . ശ്രീകുമാറും ഹാജരായി. നാലുദിവസം നീണ്ടുനിന്ന വാദം കേട്ട ഹൈക്കോടതി, നേരത്തെ ജില്ലാകോടതി നല്‍കിയ സ്റ്റേ ഉത്തരവ് പൊതുവായി തുടരുവാന്‍ അനുവദിച്ചുവെങ്കിലും ക്‌നാനായ ഇടവകക്കാരനായ ഒരാള്‍ ക്‌നാനായക്കാരനല്ലാത്ത ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹിച്ച് രൂപതാദ്ധ്യക്ഷന് എന്‍.ഒ.സി/ വിവാഹക്കുറി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയാല്‍ പ്രസ്തുത വ്യക്തിയോട് രൂപതാംഗത്വം മാറുന്നതിനുള്ള അപേക്ഷ വാങ്ങാതെ തന്നെ എന്‍.ഒ.സി/ വിവാഹക്കുറി നല്‍കണമെന്നു കോട്ടയം രൂപതാദ്ധ്യക്ഷനോടു ഉത്തരവായി.
ഇപ്രകാരം വിവാഹകാരണത്താല്‍ അംഗത്വം ഒഴിവാകാതെ വിവാഹിതരാകുന്നവരുടെ ഇടവകാംഗത്വം സംബന്ധിച്ച തീരുമാനം ജില്ലാകോടതിയുടെ വിധിതീര്‍പ്പിനുശേഷം മാത്രമായിരിക്കുമെന്നും ഉത്തരവായിട്ടുണ്ട്. കൂടാതെ, ഹൈക്കോടതി സ്റ്റേ അനുവദിച്ച അവസരത്തില്‍ നടത്തിയ നിരീക്ഷണങ്ങള്‍ ജില്ലാകോടതി അപ്പീല്‍ കേള്‍ക്കുമ്പോള്‍ പരിഗണിക്കേണ്ടതില്ലായെന്നും ഹൈക്കോടതി ഉത്തരവില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. അതോടൊപ്പം മൂന്നുമാസത്തിനകം അപ്പീലില്‍ തീര്‍പ്പാക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
ജില്ലാ കോടതിയില്‍ പ്രസ്തുത കേസ് 11/11/2021 ല്‍ വീണ്ടും വിളിക്കുകയും നോട്ടീസ് കിട്ടാത്ത കക്ഷികള്‍ക്ക് നോട്ടീസ് അയക്കണമെന്ന് ഉത്തരവിടുകയും ചെയ്തു. തുടര്‍ന്ന് 15/12/2021 ലേക്ക് കേസു വച്ചിരിക്കുകയാണ്. ജില്ലാകോടതിയില്‍ ഹൈക്കോടതിയിലെ അഡ്വ. ബി. കൃഷ്ണന്റെ നേതൃത്വത്തിലുള്ള അഭിഭാഷകര്‍ കേസു വാദിക്കുന്നതാണ്.
സബ്‌കോടതി വിധിയിലെ ഉത്തരവുകള്‍ ജില്ലാ കോടതി സ്റ്റേ ചെയ്തത് പൊതുവായി നിലനിര്‍ത്തിക്കൊണ്ട് ഹൈക്കോടതി ഭാഗിക ഭേദഗതിയാണ് വരുത്തിയിട്ടുള്ളത്. കേസ് തീര്‍പ്പാക്കുന്നതുവരെയുള്ള കാലയളവില്‍ ക്‌നാനായക്കാരന്‍ ക്‌നാനായേതര പങ്കാളിയെ വിവാഹം കഴിച്ചാല്‍ അവരുടെ അംഗത്വം കോട്ടയം അതിരൂപതയില്‍നിന്നു റദ്ദാവുമോ ഇല്ലയോ എന്നത് അപ്പീലില്‍ ജില്ലാ കോടതിയുടെ വിധി പ്രകാരമായിരിക്കുമെന്നാണ് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളത്.

ഫാ. ജോര്‍ജ്ജ് കറുകപ്പറമ്പില്‍
പി.ആര്‍.ഒ

Previous Post

പ്രളയ പുനരധിവാസ പ്രവര്‍ത്തനങ്ങളുമായി ഓക്സ്ഫാം ഇന്‍ഡ്യയും കെ.എസ്.എസ്.എസും

Next Post

പാസ്റ്ററല്‍ കൗണ്‍സില്‍ തീരുമാനങ്ങള്‍

Total
0
Share
error: Content is protected !!