കോട്ടയം : കാരിത്താസ് ഹോസ്പിറ്റല്‍ അണിയിച്ചൊരുക്കുന്ന കോട്ടയം പട്ടിത്താനം റൗണ്ടാനയിലെ അക്ഷര ആരോഗ്യശില്പം ഇനി കോട്ടയത്തേക്ക് സ്വാഗതമരുളും. കോട്ടയത്തെ ഗതാഗതക്കുരുക്കിന് പരിഹാരവും നഗരത്തിന്റെ മുഖച്ഛായയ്ക്ക് പുത്തന്‍ മാറ്റവുമായി പട്ടിത്താനം ജങ്ഷനില്‍ കാരിത്താസ് റൗണ്ടാന 24 ന് നാടിന് സമര്‍പ്പിക്കപ്പെടും .
എറണാകുളത്തെയും കോട്ടയത്തെയും ബന്ധിപ്പിക്കുന്ന സംസ്ഥാന പാതയിലെ തിരക്കേറിയ ജങ്ഷനുകളില്‍ ഒന്നാണ് കാണക്കാരി . എന്നാല്‍ കൃത്യമായ ഗതാഗത നിയന്ത്രണ സംവിധാനങ്ങളുടെ അഭാവം ഇവിടെ അപകടസാധ്യത വര്‍ധിപ്പിച്ചിട്ടുണ്ട്. . കാരിത്താസ് റൗണ്ടാനയുടെ നിര്‍മ്മിതിയോട് കൂടി ഈ സ്ഥിതിഗതികള്‍ക്ക് മാറ്റമുണ്ടാകും. വാഹന വേഗത നിയന്ത്രിക്കാനും അപകടങ്ങള്‍ കുറയ്ക്കുവാനും ഓരോ ഭാഗങ്ങളിലേയ്ക്കുള്ള വാഹനങ്ങള്‍ക്ക് സുരക്ഷിതയാത്ര സാധ്യമാക്കാനും ഈ സംവിധാനം സഹായകരമാകും .
കേരളത്തിന്റെ അക്ഷരനഗരി എന്ന പേരില്‍ പ്രശസ്തമായ സാംസ്‌കാരിക നഗരമാണ് കോട്ടയം . അതുകൊണ്ട് തന്നെ കോട്ടയത്തിന്റെ അക്ഷരപൈതൃകത്തിന്റെ പ്രതീകമായ ഈ മനോഹര ശില്പം റൗണ്ടാനയില്‍ വഴികാട്ടിയാവും . അക്ഷരനഗരി എന്നപോലെ തന്നെ ആരോഗ്യനഗരി കൂടിയാണ് കോട്ടയം . വിദേശത്തും സ്വദേശത്തു നിന്നുമായി ലക്ഷക്കണക്കിന് ആളുകളാണ് ഓരോ വര്‍ഷവും കോട്ടയത്തിന്റെ ആതുരസേവന പാരമ്പര്യത്തിന്റെ ഗുണഭോക്താക്കളാകുന്നത് . അതുകൊണ്ട് തന്നെ കോട്ടയത്തിന്റെ ശ്രേഷ്ഠമായ ആരോഗ്യ സംരക്ഷണ പ്രതിബദ്ധത കൂടി ഈ റൗണ്ടാന അടയാളപ്പെടുത്തുന്നു . തുറന്നു വച്ചിരിക്കുന്ന പുസ്തകം അറിവിന്റെ അനന്തമായ വാതായനങ്ങളെയും പുസ്തകത്തില്‍ നിന്ന് പിരമിഡിക്കല്‍ രൂപത്തില്‍ പുറത്തേയ്ക്ക് ചിതറുന്ന അക്ഷരങ്ങള്‍ അറിവിന്റെ സ്വാതന്ത്ര്യത്തെയും കൈക്കുടന്നയിലെ ഹൃദയം സുരക്ഷിതമായ ആരോഗ്യത്തെയും പ്രതീകവല്‍കരിക്കുന്നു. പുസ്തകം അറിവിന്റെയും സൃഷ്ടിയുടെയും അടയാളമാകുമ്പോള്‍ ബലിഷ്ഠമായ കരങ്ങളിലെ ഹൃദയം കരുതലിനെയും ആരോഗ്യത്തെയും സൂചിപ്പിക്കുന്നു .ജീവന്റെ സ്പന്ദനമണ് ഹൃദയം . അതിന്റെ മിടിപ്പിലാണ് ലോകം മുന്നോട്ട് സഞ്ചരിക്കുന്നത് . ഹൃദയങ്ങള്‍ ഒന്നാകുമ്പോള്‍ ലോകം സ്‌നേഹനിര്‍ഭരമാകുന്നു.
ദശകങ്ങളായി കരുതലിന്റെയും പരിചരണത്തിന്റെയും കര്‍മനിരതമായ സ്‌നേഹത്തിന്റെയും ആരോഗ്യനികേതനമാണ് കാരിത്താസ് ഹോസ്പിറ്റല്‍. അതുകൊണ്ട് തന്നെ ഈ അക്ഷരശില്പം കാരിത്താസിന്റെ തന്നെ പ്രതിരൂപ ശില്‍പം കൂടിയാണ് .
കോട്ടയത്തിന്റെ പ്രവേശനകാവടമായ കാണക്കാരി കൂടുതല്‍ പച്ചപ്പോടെ കൂടുതല്‍ ഗരിമയോടെ കൂടുതല്‍ സൗന്ദര്യത്തോടെ ഇനി യാത്രികര്‍ക്ക് വഴിയൊരുക്കും . കോട്ടയത്തിന്റെ അഭിമാനകരമായ നാള്‍വഴികളില്‍ അക്ഷരം പോലെ തന്നെ ആരോഗ്യവും സുരക്ഷിതമാണെന്നാണ് ഈ കാരിത്താസ് റൗണ്ടാന വിളിച്ചോതുന്നത്.
കുന്നേരം 5 .00 മണിക്ക് നാടിന് സമര്‍പ്പിക്കും . സഹകരണ തുറമുഖ വകുപ്പ് മന്ത്രി വി . എന്‍ .വാസവന്‍ ഉദ്ഘാടനം ചെയ്യും . കോട്ടയം അതിരൂപത ആര്‍ച്ചു ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട് ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കോട്ടയത്തിന് പുതിയൊരു മുഖച്ഛായ സൃഷ്ടിക്കാന്‍ സാധിച്ചതില്‍ അഭിമാനമുണ്ടെന്നും നാടിന്റെ വികസനത്തോടൊപ്പം കാരിത്താസ് എന്നും ഉണ്ടെന്നും ആശുപത്രി ഡയറക്ടര്‍ ഫാ ഡോ ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.