കോട്ടയം: തോള്‍ സന്ധിയുടെ താക്കോല്‍ദ്വാര ശസ്ത്രക്രിയയില്‍ അതിനൂതനമായ ‘ആര്‍ത്രോസ്‌കോപ്പി അസിസ്റ്റഡ് ലോവര്‍ ട്രപീസീയസ് ട്രാന്‍സ്ഫര്‍’ ആദ്യമായി മധ്യകേരളത്തില്‍ അവതരിപ്പിച്ച് കാരിത്താസ് ആശുപത്രിയിലെ ഓര്‍ത്തോപീഡിക് വിഭാഗം. കേരളത്തില്‍ തന്നെ അപൂര്‍വ്വമായി കണ്ടുവരുന്ന ഏറ്റവും പുതിയ ശാസ്ത്രക്രീയാരീതിയാണ് കാരിത്താസ് വിജയകരമായി പൂര്‍ത്തിയാക്കിയത്. രണ്ട് വര്‍ഷം പഴക്കമുള്ള പരിക്കിനെ തുടര്‍ന്ന് അസഹ്യമായ തോള്‍ വേദന, ബലക്കുറവ് എന്നീ ലക്ഷണങ്ങളുമായിട്ടാണ് അന്‍പത് വയസുള്ള രോഗി കാരിത്താസ് ആശുപത്രിയിലെ അസ്ഥിരോഗ വിഭാഗത്തില്‍ എത്തിയത്. ഡോ.ആനന്ദ് കുമരോത്തിന്റെ നേതൃത്വത്തില്‍ അഡ്വാന്‍സ്ഡ് ആര്‍ത്രോസ്‌കോപ്പി യൂണിറ്റിലെ വിദഗ്ധ പരിശോധനയില്‍ തോള്‍ സന്ധിയിലെ എല്ലാ മാംസപേശികളും പൂര്‍ണമായും മുറിഞ്ഞു പോയിരിക്കുന്നതായും (മാസ്സീവ്‌റൊട്ടേറ്റര്‍ കഫ് ടെയര്‍) കാലപ്പഴക്കം ചെന്ന പരിക്ക് മൂലം മാംസപേശികളുടെ ഗുണനിലവാരം വളരെയധികം മോശമായതായും കണ്ടെത്തി. ഇത്തരം സന്ദര്‍ഭങ്ങളില്‍ സാധാരണയായി താക്കോല്‍ ദ്വാര ശസ്ത്രക്രിയ വഴി നടത്തുന്ന ‘റൊട്ടേറ്റര്‍ കഫ് റിപയര്‍’ ടെക്‌നിക്കുകള്‍ തീരെ ഫലപ്രദമല്ല.
ഈ അവസരത്തിലാണ് നൂതന താക്കോല്‍ദ്വാര ശസ്ത്രക്രിയയായ ‘ലോവര്‍ ടപീസിയസ് ട്രാന്‍സ്ഫര്‍’ രോഗിക്ക് നിര്‍ദ്ദേശിച്ചത്. ഈ ശസ്ത്രക്രിയയുടെ ഭാഗമായി, രോഗിയുടെ തോള്‍പ്പലക,നട്ടെല്ലിന്റെ വശങ്ങള്‍ എന്നിവിടങ്ങളിലുള്ള ഗപീസിയാസ് എന്ന വലിയ മാംസപേശിയുടെ ഒരു ഭാഗം എടുത്തശേഷം, കണങ്കാലില്‍ നിന്ന് എടുക്കുന്ന മറ്റൊരു മാംസപേശി ഗ്രാഫ്റ്റ് ആയി ബന്ധിപ്പിച്ച് നീളം കൂട്ടി ഷോള്‍ഡര്‍ ജോയിന്റിലേക്ക് എത്തിച്ച ശേഷം നഷ്ടമായ റൊട്ടേറ്റര്‍ കഫ് പേശികളുടെ സ്ഥാനത്ത് താക്കോല്‍ദ്വാര ടെക്‌നിക്ക് ഉപയോഗിച്ച് റിപ്പയര്‍ ചെയ്യുന്നു. ഈ പുതിയ മാംസപേശി കാലക്രമേണ പ്രവര്‍ത്തനക്ഷമത കൈവരിച്ച് റൊട്ടേറ്റര്‍ കഫ് പേശികളുടെ പ്രവര്‍ത്തനം ഏറ്റെടുക്കുന്നു. വളരെ ചെറിയ മുറിവുകളിലൂടെ നടത്തുന്ന ശസ്ത്രക്രിയ ആയതിനാല്‍ രോഗിയെ രണ്ടാം ദിവസം തന്നെ ഡിസ്ചാര്‍ജ് ചെയ്യാന്‍ സാധിച്ചു. പുതിയ പേശികളുടെ പ്രവര്‍ത്തനക്ഷമത കൈവരാന്‍ ഏകദേശം മൂന്ന് മാസം എടുക്കുമെന്നും ചിട്ടയായ ഫിസിയോതെറപ്പി ആവശ്യമാണെന്നും ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയ ഡോ.ആനന്ദ് കുമരോത്ത് പറഞ്ഞു. താക്കോല്‍ദ്വാര ശസ്ത്രക്രിയ രംഗത്ത് നിരവധി നൂതന സാങ്കേതിക വിദ്യകള്‍ ആദ്യമായി അവതരിപ്പിച്ച കാരിത്താസ് ആശുപത്രിയുടെ ഈ സുപ്രധാന നേട്ടം പഴക്കം ചെന്ന മാംസ പേശികളുടെ പരിക്കുകളുടെ ചികിത്സയില്‍ പുതിയ പ്രതീക്ഷ നല്‍കുന്നതാണെന്ന് ആശുപത്രി ഡയറക്ടര്‍ റവ.ഫാ.ഡോ.ബിനു കുന്നത്ത് അഭിപ്രായപ്പെട്ടു.