കോട്ടയം: ജീവിതമെന്ന പോരാട്ടത്തില്‍ ഏറ്റവും വലിയ വില്ലനായി മാറുന്നത് രോഗങ്ങളാണ്. അതിലും ഭീകരമായി പലപ്പോഴും മാറുന്നത് ചികിത്സയുടെ അമിത ചിലവുകളാണ്. ഈ ഭീതിയുടെ കരിനിഴലില്‍ കഷ്ടപ്പെടുന്ന നിര്‍ധനരായ ക്യാന്‍സര്‍ രോഗികള്‍ക്ക് കരുണയുടെ കൈത്താങ്ങ് നല്‍കുകയാണ് കാരിത്താസ് ആശുപത്രിയും SDM കാന്‍സര്‍ റിലീഫും. ആശുപത്രിയുടെ പാലിയേറ്റീവ് മെഡിസിന്‍ വിഭാഗവും SDM കാന്‍സര്‍ റിലീഫ് ഫണ്ടും ചേര്‍ന്ന് നടത്തിയ പരിപാടിയില്‍ 40 ക്യാന്‍സര്‍ രോഗികള്‍ക്ക് 10 ലക്ഷം രൂപ വിതരണം ചെയ്തു. ഫാ. ജിനു കാവില്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
ഒരോ രോഗിക്കും 25,000 രൂപ വീതം നല്‍കിയ ഈ സംരംഭം നിരവധി കുടുംബങ്ങള്‍ക്ക് ആശ്വാസത്തിന്റെ കിരണമായി മാറി. ചികിത്സയുടെയും മരുന്നുകളുടെയും ചെലവില്‍ തളര്‍ന്നുപോകുന്നവര്‍ക്ക് പുതിയ പ്രതീക്ഷകള്‍ നല്‍കുന്ന ഈ പദ്ധതി കാരിത്താസ് ആശുപത്രിയുടെ സമൂഹ്യപ്രതിബദ്ധതയുടെ ഉജ്ജ്വല തെളിവാണ്. പാവപ്പെട്ടവര്‍ക്കും ആവശ്യമുള്ളവര്‍ക്കും മികച്ച ചികിത്സയും പരിചരണവും നല്‍കുന്നതിനുള്ള ആശുപത്രിയുടെ ദീര്‍ഘകാല പ്രതിബദ്ധതയുടെ തുടര്‍ച്ചയാണിത്. രോഗികളുടെ ശാരീരിക സംരക്ഷണത്തോടൊപ്പം മാനസിക പിന്തുണയും നല്‍കുന്ന പാലിയേറ്റീവ് പരിചരണത്തിലൂടെയും ഇത്തരം സാമ്പത്തിക സഹായ പദ്ധതികളിലൂടെയും കരുണയുടെ മാതൃകയായി നിറഞ്ഞുനില്‍ക്കുകയാണ് കാരിത്താസ് ആശുപത്രി.
40 ഓളം കുടുംബങ്ങള്‍ക്ക് ചെറുതെങ്കിലും ഒരു സഹായമാകുന്ന ഈ ശ്രെഷ്ഠ കര്‍മ്മത്തില്‍ ഭഗവാക്കാകുവാന്‍ സാധിച്ചതില്‍ കാരിത്താസിന് അഭിമാനമുണ്ടെന്നും ‘കേനോട്ടിക് ലവ്’ എന്ന കാരിത്താസിന്റെ തന്നെ ആപ്തവാക്യത്തിന് അനുസരിച്ച് വിവിധങ്ങളായ കാരുണ്യ പ്രവര്‍ത്തങ്ങളിലൂടെ സമൂഹത്തോടുള്ള പ്രതിബദ്ധത ഇനിയും കാരിത്താസ് നിറവേറ്റുമെന്നും ആശുപത്രി ഡയറക്ടര്‍ ഫാ. ഡോ ബിനു കുന്നത്ത് പറയുകയുണ്ടായി.കാരിത്താസ് ഹോസ്പിറ്റലിലെ ഡോ. ബോബി (മെഡിക്കല്‍ ഡയറക്ടര്‍), ഡോ. ജോസ് ടോം (HOD, ഓങ്കോളജി), ഡോ. അജിത്ത് കുമാര്‍, ഡോ. മനു ജോണ്‍ (പാലിയേറ്റീവ് ഓണ്‍കോളജിസ്‌റ്) എന്നിവര്‍ പരിപാടിയില്‍ സന്നിഹിതരായിരുന്നു.