ഹൂസ്റ്റണ്‍: ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ് (AI) ഉപയോഗിച്ചു ബൈബിള്‍ പഠനത്തിനു തയ്യാറാക്കിയ പുതിയ പ്ലാറ്റ്ഫോം, ബൈബിള്‍ ഇന്റര്‍പ്രിട്ടേഷന്‍. എഐ (BibleInterpretation.ai), ഹൂസ്റ്റണിലെ ക്‌നാനായ കത്തോലിക്കാ ദൈവാലയത്തിലെ മുഖ്യ തിരുന്നാളിന്റെ കലോത്സവത്തോടനുബന്ധിച്ച് പൂനയിലെ സീറോ-മലങ്കര കത്തോലിക്കാ രൂപതാദ്ധ്യക്ഷന്‍ ബിഷപ്പ് മാത്യൂസ് മാര്‍ പാകോമിയോസ് ഉദ്ഘാടനം ചെയ്തു. ഈ പ്ലാറ്റ്ഫോം, വിശുദ്ധ ഗ്രന്ഥത്തെ കൂടുതല്‍ എളുപ്പത്തില്‍ അപഗ്രധിക്കുവാനും പഠിപ്പിക്കുവാനും എല്ലാവര്‍ക്കും സഹായകമാണ്.
കത്തോലിക്കാ പ്രബോധനങ്ങള്‍ക്കധിഷ്ടിതമായ ബൈബിള്‍ വിശദീകരണങ്ങള്‍ കൂടുതല്‍ എളുപ്പമാക്കുന്ന ഈ സൈറ്റ് വികസിപ്പിക്കുന്നതിനു തയ്യാറായ റവ. ഫാ. ഏബ്രഹാം മുത്തോലത്തിന്റെ ദീര്‍ഘവീക്ഷണത്തെ ഉദ്ഘാടന പ്രസംഗത്തില്‍ ബിഷപ്പ് പക്കോമിയോസ് പ്രശംസിച്ചു. ”ബൈബിള്‍ ഇന്റര്‍പ്രട്ടേഷന്‍. എഐ സഭാമക്കളുടെയും പ്രബോധകരുടെയും ആത്മീയ യാത്രയില്‍ പുതിയൊരു വഴിത്തിരിവായിരിക്കും,” അദ്ദേഹം പറഞ്ഞു. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ലക്ഷ്യം വച്ചുകൊണ്ട്, മതാദ്ധ്യാപകര്‍, പ്രാര്‍ത്ഥനാ ഗ്രൂപ്പുകള്‍, വൈദികര്‍, ബൈബിള്‍ പ്രഭാഷകര്‍ തുടങ്ങിയവര്‍ക്ക് ഈ പ്ലാറ്റ്ഫോം വളരെ സഹായകരമായിരിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
BibleInterpretation.ai പ്രയോജനപ്പെടുത്തുന്നതിന്റെ വിവിധ സാധ്യതകള്‍:
– മതാധ്യാപകര്‍: മതബോധനക്ലാസ്സുകള്‍ ഒരുങ്ങുന്നതിനും അത് ആകര്‍ഷകമാക്കുന്ന പാഠ്യപദ്ധതികള്‍ തയ്യാറാക്കുന്നതിനും ഈ ആധുനിക സാങ്കേതിക മാര്‍ഗം ഏറെ സഹായിക്കും. ബൈബിള്‍ ക്വിസ്, റോള്‍പ്ലേ, കഥകള്‍, ഹോംവര്‍ക്ക്, പവര്‍പോയന്റ് പ്രസന്റേഷന്‍ തയ്യാറാക്കല്‍ തുടങ്ങി ഒട്ടേറെ സാധ്യതകള്‍ ഇതിനുണ്ട്.
– വൈദികര്‍ക്കും ബൈബിള്‍ പ്രഘോഷകര്‍ക്കും: വചനപ്രഘോഷണം ഒരുങ്ങുന്നതിനും അതിനു വേണ്ട ബൈബിള്‍ പശ്ചാത്തലം മനസ്സിലാക്കുന്നതിനും പ്രസംഗ സംഗ്രഹം തയ്യാറാക്കുന്നതിനും ബൈബിള്‍ ഇന്റര്‍പ്രട്ടേഷന്‍.എഐ പ്രയോജനപ്പെടുന്നു.
– പ്രാര്‍ത്ഥനാ ഗ്രൂപ്പ് നേതാക്കള്‍ക്ക്: പ്രാര്‍ത്ഥനാ ഗ്രൂപ്പുകളുടെ നേതാക്കള്‍ക്ക് ബൈബിള്‍ സന്ദേശങ്ങള്‍ വിശദീകരിക്കുന്നതിനായി സാങ്കേതിക പിന്തുണ നല്‍കുന്നു. ബൈബിള്‍ പാരമ്പര്യവും സഭാപ്രബോധനങ്ങളും സംയോജിപ്പിച്ച ആകര്‍ഷകമായ അവതരണത്തിന് ഇതു സഹായിക്കുന്നു.
– വ്യക്തിഗത പഠനത്തിനും ബൈബിള്‍ ഗ്രൂപ്പുകള്‍ക്കുമായി: ഏവര്‍ക്കും ഉപയോഗിക്കാന്‍ എളുപ്പമുള്ള ഈ പ്ലാറ്റ്‌ഫോം, ബൈബിള്‍ സ്വതന്ത്രമായി പഠിക്കാന്‍ അവസരം നല്‍കുന്നു. ജീവിത പ്രശ്‌നങ്ങള്‍ക്ക് ഉത്തരങ്ങള്‍ കണ്ടെത്താനും വിശുദ്ധ ഗ്രന്ഥത്തിന്റെ അടിസ്ഥാനത്തില്‍ ധ്യാനിച്ചു പ്രാര്‍ത്ഥിക്കാനും ഇത് പ്രയോജനപ്രദമാണ്.
ബൈബിള്‍ ഇന്റര്‍പ്രെട്ടേഷന്‍.ഏ ഐ യുടെ പ്രധാന സവിശേഷതകളെക്കുറിച്ച് ബിജോ കരാക്കാട്ട് വിശദീകരിച്ചു. തന്റെ അറിവില്‍ ആര്‍ട്ടിഫിഷല്‍ ഇന്റെലിജെന്‍സ് ഉപയോഗിച്ച് ബൈബിള്‍ അധിഷ്ടിതമായ ഇത്രയും നല്ലൊരു ഓണ്‍ലൈന്‍ പ്ലാറ്റ് ഫോം നാളിതുവരെ ഉണ്ടായിട്ടില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു.
നൂതന സാങ്കേതിക വിദ്യ ഉപയോഗിച്ച് ഈ പ്ലാറ്റ്‌ഫോം തുടര്‍ന്നും വികസിപ്പിക്കുകയും ആത്മീയ വളര്‍ച്ചയ്ക്ക് സഹായകമാക്കുകയും ചെയ്യും എന്ന് അദ്ദേഹം ഉറപ്പുനല്‍കി.
ബൈബിള്‍ ഇന്റര്‍പ്രിട്ടേഷന്‍. എഐ പ്രദാനം ചെയ്യുന്ന പ്രധാന പ്രയോജനങ്ങള്‍:
1. വേഗത്തില്‍ ലഭ്യമായ ഉത്തരങ്ങള്‍: AI-യുടെ സഹായത്തോടെ ജീവിത ചോദ്യങ്ങള്‍ക്ക് ചുരുങ്ങിയ സമയത്തിനുള്ളില്‍ മറുപടി നല്‍കുന്നു.
2. കത്തോലിക്കാ ഉപദേശങ്ങള്‍ സ്വീകരിച്ച് പഠനം: കത്തോലിക്കാ ആശയങ്ങളെ പൂര്‍ണ്ണമായി പിന്തുടര്‍ന്ന്, വിശുദ്ധ ഗ്രന്ഥത്തെ കൂടുതല്‍ എളുപ്പത്തില്‍ മനസ്സിലാക്കാന്‍ ഈ ഓണ്‍ലൈന്‍ സഹായിക്കുന്നു.
3. ഇന്ററാക്ടീവ് പഠനം: പാഠങ്ങള്‍ വ്യക്തിഗത പ്രയോഗത്തിലൂടെ കൈകാര്യം ചെയ്യുകയും, കൂടുതല്‍ പ്രായോഗികമാക്കുകയും ചെയ്യുന്നു.
4. സമയലാഭം: പ്രഭാഷകര്‍, ഉപദേശകര്‍, മതാധ്യാപകര്‍, വൈദികര്‍ എന്നിവര്‍ക്ക് സമയ ലാഭത്തോടെ എളുപ്പത്തില്‍ തങ്ങളുടെ സേവനത്തിന് ഒരുങ്ങാന്‍ കഴിയും.
ബൈബിള്‍ ഇന്റര്‍പ്രിട്ടേഷന്‍. എഐ സാധ്യമാക്കുന്നത് ഫാ. ഏബ്രഹാം മുത്തോലത്ത് ഫൗണ്ടേഷനാണ്. ജീവകാരുണ്യ-അജപാലന ശുശ്രൂഷകള്‍ക്ക് പിന്തുണനല്കുന്നതിന് ഹൂസ്റ്റണ്‍ ക്‌നാനായ ഫൊറോനാ വികാരി ഫാ. ഏബ്രഹാം മുത്തോലത്ത് സ്ഥാപിച്ചതാണ് ഈ ഫൗണ്ടേഷന്‍. ഫാ. ഏബ്രഹാം മുത്തോലത്ത്, അദ്ദേഹത്തിന്റെ സഹോദരന്‍ എം.സി. ജേക്കബ്, ഫാ. ജോഷി വലിയവീട്ടില്‍, ഇടവക ട്രസ്റ്റിമാര്‍, മറ്റ് കമ്മറ്റിക്കാര്‍ തുടങ്ങിയവരുടെ സാന്നിധ്യത്തിലാണ് bibleinterpretation.ai ഉല്‍ഘാടനം ചെയ്തത്.