ബെന്‍സന്‍വില്‍ തിരുഹൃദയ ദൈവാലയത്തിലെ പ്രധാന തിരുനാള്‍ മെയ് 27 മുതല്‍ ജൂണ്‍ 3 വരെ

ചിക്കാഗോ: പ്രവാസി ക്‌നാനായ കത്തോലിക്കരുടെ പ്രഥമദൈവാലയമായ തിരുഹൃദയദൈവാലയത്തിലൂടെ കഴിഞ്ഞ പതിനെട്ടു വര്‍ഷങ്ങളായി ലഭിച്ചിട്ടുള്ള ദൈവാനുഗ്രഹങ്ങള്‍ക്ക് നന്ദിയര്‍പ്പിക്കാനും, പുതിയ സ്ഥലത്തേയ്ക്ക് മാറിയശേഷം പുതിയ ദൈവാലയത്തില്‍ ആദ്യമായി നടക്കുന്ന പ്രധാന തിരുനാളിനായി ബെന്‍സന്‍വില്‍ തിരുഹൃദയക്‌നാനായ കത്തോലിക്കാ ദൈവാലയം ഒരുങ്ങുകയാണ്. മെയ് 27മുതല്‍30 വരെ തീയതികളില്‍ വൈകുന്നേരം 6:30 മുതല്‍ ആരാധനയും തിരുഹുദയജപമാലയും ലദീഞ്ഞും ഉണ്ടായിരിക്കും. അതെത്തുടര്‍ന്ന് 7 മണിക്ക് വിശുദ്ധ കുര്‍ബാനയും തിരുഹൃദയനൊവേനയും നടക്കും. ഇടവകയിലെ വിവിധ കൂടാരയോഗങ്ങളുടെ സജീവനേതൃത്വത്തിലായിരിക്കും ഈ ദിവസങ്ങളിലെ ശുശ്രൂഷകള്‍ ക്രമീകരിക്കപ്പെടുന്നത്.

മെയ്31 വെള്ളിയാഴ്ച വൈകുന്നേരം 6.30 ന് വികാരി ഫാ. തോമസ് മുളവനാല്‍ പ്രധാന തിരുനാളിന് തുടക്കം കുറിച്ചു കൊണ്ട് പതാക ഉയര്‍ത്തും. തുടര്‍ന്ന് ദൈവാലയത്തില്‍ ലദീഞ്ഞും ഉണ്ടായിരിക്കും. അതേതുടര്‍ന്ന് ഇംഗ്ലീഷില്‍ അര്‍പ്പിക്കപ്പെടുന്ന വി.ബലിയില്‍ ഫാ. മെല്‍വിന്‍ മംഗലത്ത് മുഖ്യകാര്‍മികനായിരിക്കും. ഫാ. കെവിന്‍ മുണ്ടയ്ക്കല്‍ വചനസന്ദേശം നല്‍കും. ഇടവകയിലെ യുവജനങ്ങളുടെ പൂര്‍ണ്ണപങ്കാളിത്തത്തോടെയാണ് വെള്ളിയാഴ്ചത്തെ തിരുക്കര്‍മങ്ങള്‍ നടക്കുന്നത്. ഇടവകയിലെ സ്ത്രീജനങ്ങളുടെ നേതൃത്വത്തില്‍ നടക്കുന്ന ചെണ്ടമേളം തിരുന്നാളാഘോഷങ്ങള്‍ക്ക് മോടി കൂട്ടും. മിഷന്‍ലീഗിലെ കുഞ്ഞു മിഷനറിമാര്‍ മിഷന്‍പ്രവര്‍ത്തനങ്ങള്‍ക്കായി പണം സ്വരൂപിക്കാനായി ഫുഡ് ഫെസ്റ്റും അന്നേ ദിവസം സംഘടിപ്പിച്ചിട്ടുണ്ട്.

ജൂണ്‍1 ശനിയാഴ്ച വൈകുന്നേരം 5മണിയ്ക്ക് മോര്‍ട്ടണ്‍ ഗ്രോവ് സെ. മേരീസ് ക്‌നാനായ ഇടവക വികാരി ഫാ. സിജു മുടക്കോടിലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ആഘോഷമായ വി.കുര്‍ബാന അര്‍പ്പിക്കപ്പെടും. സെന്റ് തോമസ് രൂപതാ വികാരി ജനറാളും കത്തീഡ്രല്‍ ഇടവകവികാരിയുമായ ഫാ. തോമസ് കടുകപ്പള്ളില്‍ വചനസന്ദേശം നല്‍കും. മോര്‍ട്ടന്‍ഗ്രോവ് സെ. മേരീസ് ക്‌നാറായ ഇടവക ദൈവാലയാംഗങ്ങളും ഗായകസംഘവും അന്നേദിവസത്തെ തിരുക്കര്‍മങ്ങളില്‍ സജീവസാന്നിദ്ധ്യമേകും. ബെന്‍സന്‍ വില്‍ ഇടവകയിലെ കലാകാരന്മാര്‍ അണിയിച്ചൊരുക്കുന്ന ‘വില്‍ നൈറ്റ്’ ശനിയാഴ്ചത്തെ മറ്റൊരു മുഖ്യ ആകര്‍ഷണമായിരിക്കും. വിന്‍സെന്റ് ഡി പോള്‍ അംഗങ്ങളായിരിക്കും അന്ന് ഫുഡ്‌ഫെസ്റ്റിന് നേതൃത്വം നല്‍കുന്നത്.

പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 10 മണിക്ക് ആഘോഷമായ റാസക്കുര്‍ബാന അര്‍പ്പിക്കപ്പെടും. മിസുറിയിലെ സ്പ്രിങ്ഫീല്‍ഡ് രൂപതയുടെ വികാരിജനറല്‍ ഫാ. ഷോബി ചെട്ടിയാത്ത് മുഖ്യകാര്‍മികനായിരിക്കും. ഫാ. റ്റോം കണ്ണന്താനം OFM Cap വചനസന്ദേശം നല്‍കും. തുടര്‍ന്ന് ആഘോഷമായ പ്രദക്ഷിണവും വി. കുര്‍ബാനയുടെ ആശിര്‍വാദവും ഉണ്ടായിരിക്കും. ലേലവും സ്‌നേഹവിരുന്നും തുടര്‍ന്ന് നടക്കും.

മരിച്ചുപോയവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കാനായി ജൂണ്‍3 ന് വൈകുന്നേരം 5 മണിക്ക് സെമിത്തേരിയില്‍ ഒപ്പീസും തുടര്‍ന്ന് 7 മണിക്ക് ദൈവാലയത്തില്‍ വികാരി ഫാ. തോമസ് മുളവനാലിന്റെ മുഖ്യകാര്‍മികത്വത്തില്‍ ദിവ്യബലിയും ഉണ്ടായിരിക്കുന്നതാണ്. ഇടവകാംഗങ്ങള്‍ തന്നെ പ്രസുദേന്തിമാരായി നടത്തുന്ന തിരുനാളിന് വികാരി ഫാ. തോമസ്മുളവനാല്‍ അസി. വികാരി ഫാ. ബിന്‍സ് ചേത്തലില്‍, ട്രസ്റ്റിമാരായ തോമസ് നെടുവാമ്പുഴ, സാബു മുത്തോലം, മത്തിയാസ് പുല്ലാപ്പള്ളി, കിഷോര്‍ കണ്ണാല, ജെന്‍സണ്‍ ഐക്കരപ്പറമ്പില്‍ എന്നിവര്‍ നേതൃത്വം നല്‍കും.

ലിന്‍സ് താന്നിച്ചുവട്ടില്‍ PRO

 

Previous Post

താമരക്കാട്: തെക്കുംപെരുമാലില്‍ മത്തായി ഒൗസേപ്പ്

Next Post

കുടുംബ ശാക്തീകരണ പദ്ധതിയുമായി ഗ്രീന്‍വാലി ഡെവലപ്പ്‌മെന്റ് സൊസൈറ്റി

Total
0
Share
error: Content is protected !!