ബി.സി.എം കോളേജ് സപ്തതി ഉദ്ഘാടനം നിര്‍വഹിച്ചു

കോട്ടയം: ബി.സി.എം കോളേജിന്റെ സപ്തതി ആഘോഷങ്ങളുടെയും കര്‍മ്മപദ്ധതികളുടെയും ഉദ്ഘാടനം കോളേജ് രക്ഷാധികാരിയും കോട്ടയം അതിരൂപതാ മെത്രാപ്പോലീത്തായുമായ അഭിവന്ദ്യ മാര്‍ മാത്യൂ മൂലക്കാട്ട് നിര്‍വഹിച്ചു. നിര്‍മിതബുദ്ധി, റോബോര്‍ട്ടിക് സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിലും മാനുഷിക മുഖം പകര്‍ന്നു നല്‍കാന്‍ കഴിയുന്നു എന്നതാണ് ആധുനിക കാലഘട്ടത്തിലും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മുഖമുദ്രയെന്ന് മാര്‍ മൂലക്കാട്ട് വ്യക്തമാക്കി.
കോളേജ് മാനേജര്‍ ഫാ അബ്രഹാം പറമ്പേട്ടിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കോട്ടയം എം. പി. അഡ്വ. കെ ഫ്രാന്‍സിസ് ജോര്‍ജ്ജ് മുഖ്യ പ്രഭാഷണം നടത്തി.
‘സിറ്റി ഓഫ് ലെറ്റേഴ്‌സ്’ ആയി യുനെസ്‌കോ കോട്ടയത്തെ പ്രഖ്യാപിക്കുന്നതിനുവേണ്ട സത്വരനടപടികള്‍ കോട്ടയത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തേണ്ടത് അനിവാര്യമാണെന്ന് ശ്രീ ഫ്രാന്‍സിസ് ജോര്‍ജ്ജ് അഭിപ്രായപ്പെട്ടു. ശ്രീ തോമസ് ചാഴികാടന്‍ ‘ജൂബിലി ലോഗോ’ പ്രകാശനം ചെയ്ത് ആശംസകള്‍ നേര്‍ന്നു.


ജൂബിലി കണ്‍വീനര്‍ ശ്രീ അനില്‍ സ്റ്റീഫന്‍ സവിശേഷ കര്‍മ്മ പദ്ധതികള്‍ അവതരിപ്പിച്ചു. ഫാ അലക്‌സ് ആക്കപ്പറമ്പില്‍ സകോളര്‍ഷിപ്പ്, പ്രൊഫ. കണ്ടോത്ത് സ്മാരക അഖില കേരള പ്രസംഗമത്സരം, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും മെഡിക്കല്‍ ഇന്‍ഷ്വറന്‍സ്, അഖില കേരള കബഡി ടൂര്‍ണമെന്റ്, എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും കോളേജില്‍ ഉച്ചഭക്ഷണം ഉറപ്പാക്കല്‍, ഔഷധ സസ്യോദ്യാനനിര്‍മ്മാണം, ടാക്‌സി ഡ്രൈവര്‍മാര്‍ക്കായി ‘ഗൂഗിള്‍ പേ ഡ്രൈവ’് തുടങ്ങിയവയാണ് മുഖ്യ പദ്ധതികള്‍.
പ്രോ മാനേജര്‍ ഡോ. ടി. എം ജോസഫ്, പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റിഫി തോമസ്, ബര്‍സാര്‍ റവ. ഫാ. ഫില്‍മോന്‍ കളത്ര, അദ്ധ്യാപകരായ എലിസബത്ത് ജോണി, ആന്‍സി സിറിയക് എന്നിവര്‍ പ്രസംഗിച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഡോ. അന്നു തോമസ്, ഡോ. രേഷ്മ റേച്ചല്‍ കുരുവിള, ശ്രീമതി പ്രിയാ തോമസ്, ഐ.ക്യൂ.എ.സി. കോര്‍ഡിനേറ്റര്‍ ഡോ. റീജാ പി. എസ്, യൂണിയന്‍ ചെയര്‍പേഴ്‌സന്‍ കുമാരി ഗംഗാ ജയന്‍, കുമാരി ആര്‍ദ്രാ എല്‍സാ രാജു, കുമാരി നന്ദന പി നായര്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

 

Previous Post

അമ്മയെയും മാതൃരാജ്യത്തെയും മറക്കരുത്- ഡോ. ഫെലിക്‌സ് ബാസ്റ്റ്

Next Post

വിമല്‍ ജാക്ക് റോയി ഡോക്ടറേറ്റ് നേടി

Total
0
Share
error: Content is protected !!