കേരളം വിറങ്ങലിച്ചുനിന്ന നാളുകളാണ് കടന്നു പോയത്. വയനാട്ടിലെ മുണ്ടകൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് 224 പേര്‍ മരിച്ചുവെന്നും 152 പേരെ കാണാതായെന്നുമാണ് ഇതെഴുതുന്നതുവരെ ഔദ്യോഗിക സ്ഥിരികരണം ഉണ്ടായിരിക്കുന്നത്. മരണപ്പെട്ടവരുടെയോ കാണാതായവരുടെയോ എണ്ണത്തെ സംബന്ധിച്ച് ഇനിയും കൃത്യത ഉണ്ടാകേണ്ടിയിരിക്കുന്നു. ജൂലൈ 30 ചൊവ്വാഴ്‌ച വെളുപ്പിനെ ഉണ്ടായ രണ്ട് ഉരുള്‍പൊട്ടലില്‍ രണ്ടു ഗ്രാമങ്ങളും അവിടുത്തെ നിവാസികളും അവരുടെ വസ്‌തുവകകളും മൃഗസമ്പത്തുമൊക്കെ നഷ്‌ടപ്പെട്ടപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളം സ്‌തബ്‌ധമായി. സംസ്ഥാന സര്‍ക്കാരിന്റെ ഏകോപനവും കേരള ഫയര്‍ഫോഴ്‌സ്, ദുരന്തനിവാരണ സേന, കേരള പോലീസ്, സന്നദ്ധ പ്രവര്‍ത്തകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എല്ലാവരും ചേര്‍ന്നു സാധ്യമായവിധത്തില്‍ ദുരന്ത സ്ഥലത്ത് ആശ്വാസമൊരുക്കി. മേജര്‍ ജനറല്‍ വി. റ്റി. മാത്യു നേതൃത്വം കൊടുത്ത നൂറു കണക്കിനു സൈനികരുടെ നിസ്‌തുല സേവനം വിസ്‌മരിച്ചു കൂടാ. പ്രത്യേകിച്ചും സൈന്യത്തിന്റെ ഇടപെടല്‍ മൂലം താമസംവിനാ പണി തീര്‍ത്ത ബെയ്‌ലി പാലമാണ് ദുരന്തമുഖത്തു എത്തിപ്പെടാനും ദുരന്തമുഖത്തു നിന്നു ആളുകളെ രക്ഷിക്കാനുമൊക്കെ ആക്കം കൂട്ടിയത്.
വയനാട് ദുരന്തത്തിന്റെ കാരണങ്ങളന്വേഷിച്ചു പരസ്‌പരം പഴിചാരാനോ കുറ്റപ്പെടുത്താനോ മെനക്കെടേണ്ട സമയമല്ലിത്. പ്രത്യുത ദുരിതമനുഭവിക്കുന്നവരെ കൂടെനിര്‍ത്തി നെഞ്ചോടു ചേര്‍ക്കേണ്ട സമയമാണിത്. വ്യക്തികളും പ്രസ്ഥാനങ്ങളും സെലിബ്രിറ്റികളുമെല്ലാം വയനാടിനെ കരകയറ്റാനുള്ള ശ്രമത്തില്‍ ഒത്തു ചേരുന്നുണ്ട്. ദുരന്ത കാരണങ്ങളെക്കുറിച്ചുള്ള അപഗ്രഥത്തില്‍ പ്രപഞ്ചത്തെ സംബന്ധിച്ചും പ്രകൃതിയെ സംബന്ധിച്ചും ആരുടെയും അറിവു പൂര്‍ണ്ണമെന്നു പറയാനാവില്ല. പ്രത്യേകിച്ച് അറിവിന്റെ വിസ്‌ഫോടനം നടക്കുന്ന ഇക്കാലത്ത്. അതുകൊണ്ടുതന്നെ എല്ലാ അറിവുകളും പരിഗണിക്കപ്പെടണം. ഒപ്പം എല്ലാ അറിവുകള്‍ക്കുംമപ്പുറമുള്ള നിഗൂഢത പ്രകൃതിയെയും പ്രപഞ്ചത്തെയും ചൂഴ്‌ന്നു നില്‌ക്കുന്നുണ്ടെന്നും നാം മനസിലാക്കണം. പലപ്പോഴും ഏതു കാര്യത്തെ സംബന്ധിക്കുന്ന ഏതു തീവ്രനിലപാടും പരിമിതമായ അറിവിന്റെയും സങ്കുചിതമായ കാഴ്‌ചപ്പാടിന്റെയും അടിസ്ഥാനത്തില്‍ രൂപപ്പെടുത്തുന്നതാകാം. ആയതുകൊണ്ടുതന്നെ വയനാടു ദുരന്തത്തിന്റെ കാരണങ്ങള്‍ തേടുമ്പോഴും പരിമിതമായ അറിവിന്റെയും സങ്കുചിതമായ കാഴ്‌ചപ്പാടിന്റെയും അതിര്‍ത്തികള്‍ക്കുമപ്പുറത്തേക്കു നോക്കുവാനുമുള്ള വിശാല വീക്ഷണം ഉണ്ടായേ തീരൂ. രണ്ടു മഹാപ്രളയത്തെയും നിപ്പയേയും കോവിഡിനെയും അതിജീവിച്ച കേരളം ഈ ദുരന്തവും അതിജീവിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. അതിന്റെ അര്‍ത്ഥം, ഉറ്റവരുടെയും ഉടയവരുടെയും നഷ്‌ടം നികത്തപ്പെടുമെന്നല്ല. ജീവിതത്തില്‍ ചില നഷ്‌ടങ്ങള്‍ നികത്തപ്പെടാത്തതു തന്നെയാണ്. ഊരും പേരുമില്ലാത്ത ശവശരീരങ്ങള്‍ക്ക് ഉചിതമായ സംസ്‌ക്കാരം നല്‌കി സര്‍വ്വ മത പ്രാര്‍ത്ഥനയൊരുക്കി നമ്മുടെ ദുഃഖവും ആദരവും പ്രതിബദ്ധതയും പ്രകടിപ്പിക്കാനേ നമുക്കാവൂ. അതു നാം ചെയ്‌തു. എന്നാല്‍ ഇനിയും വയനാട്ടില്‍ ജീവിക്കേണ്ട ഒരുകൂട്ടം മനുഷ്യരുണ്ട്. കയറി ചെല്ലാന്‍ വീടില്ലാത്തവര്‍, വീടുവെയ്‌ക്കാന്‍ സ്ഥലമില്ലാത്തവര്‍, ഉണ്ണാനും ഉടുക്കാനും വകയില്ലാത്തവര്‍, കൃഷി സ്ഥലങ്ങള്‍ നഷ്‌ടപ്പെട്ടവര്‍. ദുരിതാശ്വാസ ക്യാമ്പില്‍ കഴിയുന്ന നൂറു കണക്കിനാളുകള്‍. ഇവരെയെല്ലാം പുനരധിവസിപ്പിക്കേണ്ടത് ഈ നാടിന്റെ കടമയാണ്. ഇവിടെ ഇന്നു ജീവിക്കുന്നവരുടെ കൂടെ കടമയാണ്. അതുകൊണ്ടുതന്നെ വയനാടിനെ കൂടെ നിര്‍ത്താനും ചേര്‍ത്തു നിര്‍ത്താനും സാധിക്കണം. ഈ ദുരന്തത്തെ ഒരു ദേശീയ ദുരന്തമായി കണ്ടു സഹായിക്കാനാവശ്യമായ സാധ്യത കേന്ദ്ര സര്‍ക്കാര്‍ പരിശോധിക്കണം. വേദനിക്കുന്ന മനുഷ്യരുടെ കണ്ണീരൊപ്പാന്‍ കണ്ണുനീര്‍ ബാക്കിയുള്ള ജീവിക്കുന്നവര്‍ക്കാണ് ഉത്തരവാദിത്വമെന്ന കാര്യം വിസ്‌മരിച്ചു കൂടാ. അഞ്ചു മന്ത്രിമാരുടെ നേതൃത്വത്തിലും ഏകോപനത്തിലും ദുരന്ത സമയത്തു നമ്മുടെ സര്‍ക്കാര്‍ ഉണര്‍ന്നു പ്രവര്‍ത്തിച്ചത് ആര്‍ക്കും നിക്ഷേധിക്കാനാവില്ല. സര്‍ക്കാര്‍ കാണിച്ച ഈ ആര്‍ജ്ജവവും നേതൃത്വവും വയനാടിന്റെ പുനരധിവാസത്തിനും ഉണ്ടാകണം. പരാതിക്കിട കൊടുക്കാതെ അതു സാധ്യമാക്കുന്നതിലാണ് സര്‍ക്കാരിന്റെ കാര്യക്ഷമത പ്രകടമാകേണ്ടത്. ദുരന്ത സമയത്തു രാഷ്‌ട്രീയ പാര്‍ട്ടികള്‍ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി ഗൗരവമായി പരസ്‌പരം പഴിചാരുകയോ കുറ്റം ആരോപിക്കുകയോ ചെയ്‌തില്ല എന്നത് നമ്മുടെ നാടിന്റെ പുതിയൊരു നല്ല രാഷ്‌ട്രീയ സംസ്‌ക്കാരമായി രൂപപ്പെടട്ടെ. ചില്ലറ തര്‍ക്കങ്ങളുണ്ടായി എന്നത് വിസ്‌മരിച്ചു കൊണ്ടല്ല ഇതെഴുതുന്നത്. കേരള കത്തോലിക്ക സഭ ദുരന്തത്തില്‍പ്പെട്ടവരെ പുനരധിവസിപ്പിക്കുന്നതിനുവേണ്ടി സാധ്യമായതെല്ലാം ചെയ്യുവാന്‍ മുന്നോട്ടു വന്നിട്ടുണ്ട്. കെ.സി.ബി.സി യുടെ ആഹ്വാന പ്രകാരം കേരള സോഷ്യല്‍ സര്‍വീസ് ഫോറത്തിന്റെ നേതൃത്വത്തിലാണ് സഭയുടെ ഇക്കാര്യത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുക. ജീവനും ജീവിതവും ഇനിയും ബാക്കിയുള്ളവര്‍, അപരന്റെ ദുഃഖത്തില്‍ ഇനിയും കണ്ണീര്‍പൊഴിക്കാന്‍ കഴിവുള്ളവര്‍, സ്വന്തം സ്വപ്‌നങ്ങളോടൊപ്പം അപരന്റെ സ്വപ്‌നങ്ങളെയും താലോലിക്കാന്‍ ത്രാണിയുള്ളവര്‍ എല്ലാവരും അതില്‍ സഹകരിക്കുവാന്‍ ബാധ്യതയുള്ളവരാണ്. “ഇന്ന് അവര്‍, നാളെ ഒരുപക്ഷേ നമ്മള്‍” എന്ന ചിന്ത മനസിനെ മഥിക്കുന്നവര്‍ക്കും ഇതെളുപ്പമാകും. കൂടെയാവാം, കൂടെ കൂട്ടാം, ചേര്‍ത്ത് പിടിക്കാം, വയനാടിനെ. ഒപ്പം ഇതുപോലുള്ള പ്രകൃതി ദുരന്തങ്ങള്‍ ഒഴിവാക്കാനും ഉണ്ടായാല്‍ അതിന്റെ ആഘാതം കുറയ്‌ക്കാനുമുള്ള ഹ്രസ്വകാല ദീര്‍ഘകാല പദ്ധതികള്‍, പൊതു ജനപങ്കാളിത്തത്തോടെ സര്‍ക്കാരും മറ്റിതര സ്ഥാപനങ്ങളും സംവിധാനങ്ങളും രൂപപ്പെടുത്തുന്നതില്‍ അമാന്തം വരുത്തരുത്.