1925 മെയ് 3- ന് കൈപ്പുഴയില്‍ കോട്ടയം അതിരൂപതാ വൈദികനും സെന്റ് ജോസഫ് സന്യാസിനി സമൂഹ സ്ഥാപകനുമായിരുന്ന ദൈവദാസന്‍ പൂതത്തില്‍ തൊമ്മിയച്ചന്‍, ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കായി തുടക്കം കുറിച്ച സെന്റ് തോമസ് അസൈലത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ക്ക് തുടക്കമായി. സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹത്തിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന അസൈലത്തിന്റെ ശതാബ്ദിയാഘോഷങ്ങള്‍ കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് ഉദ്ഘാടനം ചെയ്തു. സെന്റ് ജോസഫ്‌സ് സന്യാസിനി സമൂഹം സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ അനിത എസ്.ജെ.സിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ അള്‍ജീരിയ ടുണീഷ്യ അപ്പസ്‌തോലിക ന്യൂണ്‍ഷ്യോ മാര്‍ കുര്യന്‍ വയലുങ്കല്‍ മുഖ്യപ്രഭാഷണം നടത്തി. കോട്ടയം അതിരൂപത വികാരി ജനറല്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് ജൂബിലി ലോഗോ പ്രകാശനം ചെയ്തു. തോമസ് ചാഴികാടന്‍ എം. പി, വികാരി ഫാ. സാബു മാലിത്തുരുത്തേല്‍, നീണ്ടൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പ്രദീപ്, സിസ്റ്റര്‍ സൗമി എസ്.ജെ.സി, സി. ഫ്രാന്‍സി എസ്.ജെ.സി എന്നിവര്‍ പ്രസംഗിച്ചു. ഭിന്നശേഷിയുള്ളവരുടെ പരിചരണത്തില്‍ പ്രത്യേക പരിശീലനം നേടിയ സിസ്റ്റേഴ്‌സാണ് അസൈലത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്കുന്നത്. ശതാബ്ദിയോടനുബന്ധിച്ച് ഭിന്നശേഷിയുള്ളവരെയും അവരുടെ കുടുംബങ്ങളെയും കോര്‍ത്തിണക്കി ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന വിപുലമായ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കുവാനാണ് അസൈലം ലക്ഷ്യമിടുന്നത്.