അരീക്കര സെന്റ് റോക്കീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ജൂബിലി ലോഗോ പ്രചാരണ പരിപാടി സംഘടിപ്പിച്ചു.ലോകമെമ്പാടുമുള്ള അരീക്കരക്കാര്‍ക്ക് വിശ്വാസത്തിലും തനിമയിലും ഐക്യത്തിലും ഒരുമിച്ച് മുന്നോട്ട് പോകുന്നതിനു ഇരട്ടി ആവേശം നല്‍കുന്നതാണ് ശതോത്തര രജത ജൂബിലി ആഘോഷങ്ങളെന്ന് ജൂബിലി ലോഗോ പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തുകൊണ്ട് സിറിയക് ചാഴികാടന് പറഞ്ഞു .
ഇടവകയിലെ എല്ലാ കുടുംബങ്ങളിലും ,സ്ഥാപനങ്ങളിലും, വാഹനങ്ങളിലും പതിപ്പിക്കുവാനുള്ള ലോഗോ അരീക്കര ഇടവക വികാരി സ്റ്റാനി ഇടത്തിപ്പറമ്പിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ജൂബിലി ആഘോഷ പരിപാടികളുടെ പബ്ലിസിറ്റി കണ്‍വീനര്‍ കൂടിയായ സിറിയക്ക് ചാഴികാടന് വാഹനത്തില്‍ ഒട്ടിച്ചുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തു.
ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ പ്രാധാന്യം ഇടവകാംഗങ്ങള്‍ക്ക് ബോധ്യപ്പെടുന്നതിനും, ഉത്തരവാദിത്വങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്നതിനും, ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ പരിപാടികളുടെ നല്ല സന്ദേശങ്ങള്‍ സമൂഹത്തിലെ എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ മംഗളവാര്‍ത്ത കാലത്ത് ഇത്തരമൊരു പരിപാടി സംഘടിപ്പിക്കുന്നത്.
പബ്ലിസിറ്റി കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസൈന്‍ ചെയ്ത ലോഗോ ഇടവകയിലെ കൂടാരയോഗം ഭാരവാഹികളുടെ നേതൃത്വത്തില്‍ എല്ലാ കുടുംബങ്ങളിലും സ്ഥാപനങ്ങളിലും എത്തിക്കുന്നതാണ്.
ഇടവകാംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും സ്നേഹത്തിന്റെയും നന്മയുടെയും സന്ദേശം നല്കുന്ന വിവിധ പരിപാടികള്‍ ഈ ജൂബിലി വര്‍ഷത്തിലും പ്രത്യേകിച്ച് ക്രിസ്മസ് കാലഘട്ടത്തിലും നടപ്പിലാക്കി വരികയാണ്. ജൂബിലി വര്‍ഷത്തില്‍ ഇടവകയിലെ 3 കുടുംബങ്ങളെ വീതം പ്രത്യേകം തിരഞ്ഞെടുത്ത് എല്ലാ ദിവസവും പ്രത്യേകം സമര്‍പ്പിച്ച് പരിശുദ്ധ കുര്‍ബാനയര്‍പ്പിക്കുന്ന പ്രത്യേക പരിപാടിക്ക് 2/12/24 ന് തുടക്കമാകും.
ജൂബിലി ആഘോഷ പരിപാടികളുടെ ജോയിന്റ് കണ്‍വീനര്‍ ജിനോ തോമസ് വിവിധ കമ്മിറ്റികളുടെ ചാര്‍ജ് വഹിക്കുന്ന സജി തോട്ടിക്കാട്ട്, സണ്ണി പുതിയിടം സൈമണ്‍ പരപ്പനാട്ട്, സിറിയക്ക് മുണ്ടത്താനത്ത്, ബിനു കിഴക്കേടലില്, സജി ഉറവക്കുഴിയില്‍, ബേബി പരപ്പനാട്ട്, ബിജു മുണ്ടത്താനത്ത്, തങ്കച്ചന് തെക്കേല്‍ കൈകാരന്മാരായ സാബു കരിങ്ങനാട്ട്, ജോമോന് ചകിരിയില്‍, കൂടാരയോഗം ഭാരവാഹികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.