കോട്ടയം അതിരൂപതാ ദിനാഘോഷങ്ങള്‍ സെപ്റ്റംബര്‍ 1 ന് തൂവാനിസയില്‍

തെക്കുംഭാഗജനതയ്ക്കായി ‘ഇന്‍ യൂണിവേഴ്സി ക്രിസ്ത്യാനി’ എന്ന തിരുവെഴുത്തുവഴി 1911 ആഗസ്റ്റ് 29 ന് വിശുദ്ധ പത്താം പീയൂസ് മാര്‍പാപ്പ കോട്ടയം വികാരിയാത്ത് സ്ഥാപിച്ചതിന്റെ 114-ാം അതിരൂപതാതല ആഘോഷങ്ങള്‍ സെപ്റ്റംബര്‍ 1 ്യൂഞായറാഴ്ച കോതനല്ലൂര്‍ തൂവാനിസ പ്രാര്‍ത്ഥനാലയത്തില്‍ നടത്തപ്പെടും. ഉച്ചകഴിഞ്ഞ് 2.15 ന് അതിരൂപതാ പതാക ഉയര്‍ത്തുന്നതോടെ ആഘോഷങ്ങള്‍ക്കു തുടക്കമാകും. പരമ്പരാഗത ക്നാനായ വേഷധാരികളായ കെ.സി.സി, കെ.സി.വൈ.എല്‍ അംഗങ്ങള്‍ ക്നാനായ പാരമ്പര്യമായ നടവിളികളോടെ വിശിഷ്ടാതിഥികളെ സ്വീകരിക്കും. തുടര്‍ന്ന് 2.30 ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ കൃതജ്ഞതാബലിയര്‍പ്പിക്കും. തുടര്‍ന്ന് പുരുഷന്മാരുടെ മാര്‍ഗ്ഗംകളി പയ്യാവൂര്‍ സെന്റ് ആന്‍സ് യൂണിറ്റിലെ കെ.സി.സി അംഗങ്ങള്‍ അവതരിപ്പിക്കും. 4 മണിക്കു നടത്തപ്പെടുന്ന അതിരൂപതാദിന പൊതുസമ്മേളനത്തില്‍ അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് അദ്ധ്യക്ഷത വഹിക്കും. അതിരൂപതാ സഹായ മെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍ സ്വാഗതം ആശംസിക്കും. സഹായ മെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം അനുഗ്രഹപ്രഭാഷണം നടത്തും. അതിരൂപതാ പാസ്റ്ററല്‍ കോര്‍ഡിനേറ്റര്‍ ഫാ. മാത്യു മണക്കാട്ട് അതിരൂപതയുടെ കഴിഞ്ഞ ഒരു വര്‍ഷത്തെ അജപാലന പ്രവര്‍ത്തനങ്ങളുടെ അവതരണം നടത്തും. തുടര്‍ന്ന് പ്രേഷിത കുടിയേറ്റ സ്മാരകമായി അതിരൂപത കൊടുങ്ങല്ലൂരില്‍ നിര്‍മ്മിക്കുന്ന ഓര്‍മ്മക്കൂടാരത്തെക്കുറിച്ച് അതിരൂപതാ വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് അവതരണം നടത്തും. വിവിധ രംഗങ്ങളില്‍ പ്രാഗത്ഭ്യം തെളിയിച്ച തിരഞ്ഞെടുക്കപ്പെട്ട അതിരൂപതാംഗങ്ങളെ ആദരിക്കും. വയനാട്, വിലങ്ങാട് ദുരിത പുനരധിവാസ ഫണ്ടിലേക്കുള്ള അതിരൂപതയുടെ സംഭാവനയുടെ കൈമാറ്റവും നടത്തപ്പെടും. കെ.സി.സി പ്രസിഡന്റ് ബാബു പറമ്പടത്തുമലയില്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഫാ തോമസ് ആനിമൂട്ടില്‍, പ്രസ്ബിറ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി എബ്രാഹം പറമ്പേട്ട്, കാരിത്താസ് സെക്കുലര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ട്രസ്സ് ലിസി മുടക്കോടില്‍, കെ.സി.ഡബ്ല്യു. എ പ്രസിഡന്റ് ഷൈനി ചൊള്ളമ്പേല്‍, കെ.സി.വൈ.എല്‍ പ്രസിഡന്റ് ജോണിസ് പി സ്റ്റീഫന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിക്കും. പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി സാബു കരിശ്ശേരിക്കല്‍ നന്ദി പറയും. അതിരൂപതയിലെ വൈദികരും സമര്‍പ്പിത പ്രതിനിധികളും പാസ്റ്ററല്‍ കൗണ്‍സില്‍ അംഗങ്ങളും പാരിഷ് കൗണ്‍സില്‍ അംഗങ്ങളും സമുദായസംഘടനാ ഭാരവാഹികളും ഇടവക പ്രതിനിധികളും ആഘോഷങ്ങളില്‍ പങ്കെടുക്കും. അതിരൂപതാദിനാഘോഷങ്ങളോടനുബന്ധിച്ച് സെപ്റ്റംബര്‍ 1-ാം തീയതി ഞായറാഴ്ച രാവിലെ അതിരൂപതയിലെ എല്ലാ ഇടവകകളിലും സ്ഥാപനങ്ങളിലും കൃതജ്ഞതാബലി അര്‍പ്പിക്കുകയും അതിരൂപതാ പതാക ഉയര്‍ത്തുകയും ചെയ്യും.

 

Previous Post

ചേര്‍പ്പുങ്കല്‍: മഞ്ഞാങ്കല്‍ മറിയക്കുട്ടി ജോസഫ്

Next Post

ഫാ ജേക്കബ് കുറുപ്പിനകത്ത് അതിരൂപത തല പ്രസംഗമത്സരം ; ഡെന്നി അലക്സിന് ഒന്നാം സ്ഥാനം

Total
0
Share
error: Content is protected !!