വഖഫ് ബോര്‍ഡുകളുടെയും വഖഫ് കൗണ്‍സിലുകളുടെയും അടിസ്ഥാന രൂപം പൊളിച്ചെഴുതുന്ന വഖഫ് ഭേദഗതി ബില്‍ 2025 ഇക്കഴിഞ്ഞ ഏപ്രില്‍ 2-ാം തീയതി രാത്രി ഏതാണ്ട് 14 മണിക്കൂറുകളോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ 232 നെതിരെ 288 വോട്ടുകളോടെ പാര്‍ലമെന്റില്‍ പാസായി. എന്‍.ഡി.എ യിലെ ഘടക കക്ഷികള്‍ എല്ലാ അഭ്യൂഹങ്ങള്‍ക്കും വിരാമം ഇട്ടുകൊണ്ട് ബില്ലിനെ പിന്തുണച്ചു. എന്നാല്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി ബില്ലിനെ എതിര്‍ത്തു. ബില്ല് രാജ്യസഭയിലും പാസാക്കിയ ശേഷം രാഷ്‌ട്രപതി അംഗീകാരം നല്‍കുന്നതോടെ നിയമമാകും. മുസ്ലീം സമുദായത്തിന്റെ മതപരമായ ഒരു ആചാരത്തിലും ബില്‍ ഇടപെട്ടില്ലെന്നും സ്വത്തുക്കളുടെ നടത്തിപ്പു മാത്രമെ ബില്ലില്‍ ഉള്‍പ്പെടുന്നുള്ളുവെന്നും ബില്‍ അവതരിപ്പിച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ ക്ഷേമ വകുപ്പു മന്ത്രി കിരണ്‍ റിജ്ജു വ്യക്തമാക്കി. എന്നാല്‍ വഖഫ് ഭേദഗതി ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു പ്രതിപക്ഷത്തിന്റെ ആരോപണം. പ്രതിപക്ഷ പാര്‍ട്ടികള്‍ ശക്തമായ എതിര്‍പ്പ് ബില്ലിന്മേല്‍ നടന്ന ചര്‍ച്ചയില്‍ പ്രകടിപ്പിച്ചു. ഇസ്ലാം മത വിശ്വാസികള്‍ മതപരമായ ആവശ്യങ്ങള്‍ക്കു നല്‍കുന്ന സ്വത്തുക്കളുടെനടത്തിപ്പ് നിയന്ത്രിക്കുന്ന 1995 ലെ വഖഫ് നിയമം ഭേദഗതി ചെയ്യുന്ന ബില്‍ 2024 ഓഗസ്റ്റിലാണ് എന്‍.ഡി.എ സര്‍ക്കാര്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതിപക്ഷ പാര്‍ട്ടികളുടെയും മുസ്ലീം സംഘടനകളുടെയും എതിര്‍പ്പുകള്‍ക്കിടയില്‍ ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്കു വിടുകയായിരുന്നു. ബി.ജെ.പി യുടെ ജഗദംബിക പാല്‍ അധ്യക്ഷനായ ജെ.പി.സി, ബില്ലിലെ 14 ഭേദഗതികള്‍ അംഗീകരിച്ചു. പ്രതിപക്ഷം നിര്‍ദ്ദേശിച്ച 44 ഭേദഗതികള്‍ തള്ളിക്കളഞ്ഞു. ഭേദഗതിയിലെ പ്രധാന നിര്‍ദ്ദേശങ്ങള്‍ താഴെ പറയുന്നവയാണ്: വഖഫ് കൗണ്‍സിലിന്റെയും വഖഫ് ബോര്‍ഡുകളുടെയും ഘടനയില്‍ അമുസ്ലീംങ്ങളെ ഉള്‍പ്പെടുത്തുക, വഖഫ് വസ്‌തുക്കളില്‍ സര്‍വ്വേ നടത്തുന്നതിനു സര്‍വ്വേ കമ്മീഷണര്‍ക്കു പകരം കളക്‌ടര്‍ക്കു അംഗീകാരം നല്‍കുക, വഖഫ് ആയി രേഖപ്പെടുത്തിയ സര്‍ക്കാര്‍ സ്വത്ത് വഖഫായി തുടരില്ല, വഖഫ് ട്രൈബ്യൂണലിന്റെ തീരുമാനത്തിനെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കാം, വഖഫ് ബൈ യൂസര്‍ വ്യവസ്ഥ നീക്കം ചെയ്യും, ഒരാള്‍ക്ക് വഖഫായി ഭൂമി ദാനം ചെയ്യുന്നതിനു ചുരുങ്ങിയത് അഞ്ചു വര്‍ഷമായി ഇസ്ലാം മതം ആചരിക്കുന്നുണ്ടെന്നു തെളിയിക്കണം, വഖഫ് ട്രൈബ്യൂണല്‍ സി.ഇ.ഒ അമുസ്ലിം ആകണം, വഖഫ് ഭരണത്തില്‍ സ്‌ത്രീകളെ ഉള്‍പ്പെടുത്തുക തുടങ്ങിയവയാണ്. പതിനാല് ഭേദഗതികളില്‍ നേരത്തെ ബില്ലില്‍ ഭാഗമല്ലാതിരുന്നതും ജെ.പി.സി. നിര്‍ദ്ദേശിച്ചതുമായ രണ്ടു സുപ്രധാന വ്യവസ്ഥകള്‍ തികച്ചും പ്രാധാന്യമുള്ളതാണ്. ആദിവാസി ഭൂമി വഖഫാക്കാന്‍ പാടില്ല, വിവിധ നിയമങ്ങളിലൂടെ ചരിത്രസ്‌മരകമായി പ്രഖ്യാപിച്ച മന്ദിരങ്ങള്‍ വഖഫ് സ്വത്താക്കാന്‍ പാടില്ല, ഇത്തരത്തില്‍ വഖഫായി പ്രഖ്യാപിച്ചിട്ടുണ്ടെങ്കില്‍ അവ പുതിയ നിയമം വരുന്നതോടെ റദ്ദാകും എന്നിവയാണവ. 1995 ലെ വഖഫ് നിയമ പ്രകാരം മുസ്ലിം മത നിയമത്തിനു ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു മുകളില്‍ സ്ഥാനം ലഭിച്ചു എന്നതാണ് പ്രധാന ആരോപണം. മതേതര രാജ്യമായ ഇന്ത്യയുടെ മതേതര നിലപാടിനു ചേരാത്ത നിയമ സംവിധാനമാണ് 1995 ലെ വഖഫ് നിയമത്തിലൂടെ സംജാതമായതെന്നു പറയപ്പെടുന്നു. കൊച്ചിയിലെ മുനമ്പത്ത് 610 കുടുംബങ്ങള്‍ വഖഫ് നിയമത്തിന്റെ കുരുക്കില്‍പ്പെട്ട്, തങ്ങള്‍ പണം കൊടുത്തു തീറു വാങ്ങിയ വസ്‌തുവിന്മേല്‍ കരം അടക്കാന്‍ കഴിയാതെയും പ്രായോഗികമായി അവരുടെ വസ്‌തുവിന്മേലുള്ള റവന്യു അധികാരം താല്‌ക്കാലികമായെങ്കിലും നഷ്‌ടപ്പെട്ടും ഇരിക്കുന്ന അവസ്ഥയിലാണ്. കേരളത്തിലെ ഭരണ പക്ഷവും പ്രതിപക്ഷവും ഒരുപോലെ മുനമ്പം ജനതക്കൊപ്പമാണെന്നു പറയുകയും പാര്‍ലമെന്റില്‍ ഏതൊരു വഖഫ് ബില്ലിന്റെ വ്യവസ്ഥകള്‍ അനുസരിച്ചാണോ മുനമ്പക്കാരുടെ വസ്‌തുവിന്മേലുള്ള അവകാശം ചോദ്യം ചെയ്യപ്പെട്ടത്, ആ വഖഫ് നിയമ ഭേദഗതി ബില്ലിനെ എതിര്‍ക്കുകയും ചെയ്‌തത് വിരോധഭാസവും ഇരട്ടത്താപ്പുമായി മാത്രമേ കാണാനാവൂ. കഴിഞ്ഞ 23 നു കെ.സി.ബി.സി വിളിച്ചു ചേര്‍ത്ത യോഗത്തില്‍, വഖഫ് ഭേദഗതി ബില്‍ചര്‍ച്ചക്കു വരുമ്പോള്‍ ഭരണഘടനാനുസൃതമല്ലാത്ത അന്യായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിനു അനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് അഭ്യര്‍ത്ഥിക്കുകയുണ്ടായി. സി.ബി.സി.ഐയും ഇത്തരത്തിലുള്ള നിലപാടു സ്വീകരിച്ചു.
വഖഫ് നിയമ ഭേദഗതി മതേതരത്തിന്റെ ലിറ്റ്‌മസ് പേപ്പറാണെന്നും മതേതരര്‍ എന്ന് സ്വയം വിശേഷിപ്പിക്കുന്ന രാഷ്‌ട്രീയ പ്രസ്ഥാനങ്ങള്‍ വോട്ട് ബാങ്ക് രാഷ്‌ട്രീയത്തിനു അതീതമായി ബില്ലിന് അനുകൂലമായി വോട്ട് ചെയ്യണമെന്ന് കേരളത്തിലെ സഭകളുടെ ഔദ്യോഗിക ഐക്യവേദിയായ കേരള കൗണ്‍സില്‍ ഓഫ് ചര്‍ച്ചസും ആവശ്യപ്പെട്ടിരുന്നു. വഖഫ് ബില്‍ കൊണ്ടുവരുന്നത് രാജ്യത്തെ വിഭജിക്കാനും ഭരണഘടനയെ ദുര്‍ബലപ്പെടുത്താനും ന്യൂനപക്ഷത്തെ ആക്രമിക്കുവാനുമാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ലോക്‌സഭയില്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ അങ്ങനെ ഒരു ഉദ്ദേശം ഗവണ്‍മെന്റിനില്ലെന്ന് ഭരണപക്ഷം ചൂണ്ടി കാണിച്ചു. 1995 ലെ വഖഫ് നിയമം ഭൂമി കൈയ്യേറ്റത്തിനുള്ള ഒരു തന്ത്രമായി മാറിയെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ നിരീക്ഷണം കുറഞ്ഞപക്ഷം മുനമ്പം പ്രശ്‌നത്തിലെങ്കിലും ശരിയാണെന്നു പറയാതെവയ്യ. മുനമ്പം പ്രതിസന്ധി പരിഹരിക്കണമെന്നു കോണ്‍ഗ്രസ് സര്‍ക്കാരിനോടു ആവശ്യപ്പെടുമ്പോഴും ഈ പ്രശ്‌നം ശാശ്വതമായി പരിഹരിക്കണമെന്നു കേരള മുഖ്യമന്ത്രി പറയുമ്പോഴും ഈ പ്രതിസന്ധിക്കു പിന്നില്‍ കാരണമായി പ്രവര്‍ത്തിച്ച നിയമത്തിലെ തെറ്റു തിരുത്തുന്നതിനെതിരെ കേരളത്തിലെ ഭരണ, പ്രതിപക്ഷങ്ങള്‍ നിലപാട് സ്വീകരിച്ചത് മനസിലാക്കാന്‍ ബുദ്ധിമുട്ടുണ്ട്. ഒപ്പം രാജ്യത്തിലെ എല്ലാ നിയമങ്ങളും രാജ്യത്തെ ന്യൂനപക്ഷത്തെ വേട്ടയാടാന്‍ ദുരുപയോഗിക്കരുതെന്ന കൃത്യമായ നിലപാടും അതിനാവശ്യമായ നടപടിക്രമങ്ങളും കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഉണ്ടാവുകയും വേണം.
റവ.ഡോ. മാത്യു കുരിയത്തറ
വഖഫ്‌ഭേദഗതി ബില്‍ രാജ്യത്ത് നിയമമാകുമ്പോള്‍
