ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട പൊതുതിരഞ്ഞെടുപ്പ്‌

മറ്റൊരു പൊതു തിരഞ്ഞെടുപ്പിനു നമ്മുടെ രാജ്യം ഒരുങ്ങിക്കൊണ്ടിരിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഭാരതത്തിന്‌ ഉത്തരവാദിത്വപൂര്‍ണ്ണവും നിഷ്‌പക്ഷവും സുതാര്യവുമായ തിരഞ്ഞെടുപ്പിലൂടെ ഈ രാജ്യത്തെ ജനാധിപത്യം ശക്തവും ഉത്‌കൃഷ്‌ടവും ശ്രേഷ്‌ഠവുമാണെന്നു ലോകത്തിനു കാണിച്ചു കൊടുക്കുവാനുള്ള അവസരമാണ്‌ കൈ വന്നിരിക്കുന്നത്‌. എവിടെ ജനാധിപത്യത്തിനു ശക്തി ക്ഷയിക്കുന്നുവോ അവിടെ സേച്ഛാധിപത്യവും ഫാസിസവും ശക്തിപ്പെടുമെന്നത്‌ ചരിത്രം പഠിപ്പിക്കുന്ന അനുഭവ പാഠമാണെന്ന്‌ ആരും മറന്നു കൂടാ. അഹിംസയും നാനാത്വത്തിലെ ഏകത്വവും ജനാധിപത്യ മൂല്യങ്ങളും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും മതേതര നിലപാടുകള്‍കൊണ്ടും ലോകത്തെ വിസ്‌മയിപ്പിച്ച നാടാണ്‌ ഭാരതം. ആ ഖ്യാതി ഇനിയും തുടരേണ്ടത്‌ ഇന്ത്യയുടെ നിലനില്‍പ്പിനും തുടര്‍ച്ചക്കും വളര്‍ ച്ചക്കും അനുപേക്ഷണിയമത്രെ.
ഇത്തവണ പൊതുതിരഞ്ഞെടുപ്പ്‌ അടുത്തു വരുമ്പോള്‍ രാജ്യത്തെ ആശങ്കപ്പെടുത്തുന്ന പല കാര്യങ്ങളും നമ്മുടെ മുന്‍പിലുണ്ട്‌. ഭാരതത്തിന്റെ കിരീടം എന്നറിയപ്പെടുന്ന മണിപ്പൂരില്‍ രണ്ടു വിഭാഗക്കാര്‍ തമ്മിലുള്ള സംഘര്‍ഷം മാസങ്ങള്‍ പിന്നിട്ടിട്ടും അവസാനിച്ചിട്ടില്ലെന്നു മാത്രമല്ല, ചെറിയ ഇടവേളക്കുശേഷം വീണ്ടും ഊതി കത്തുന്നു. രാജ്യത്ത്‌ തൊഴിലില്ലായ്‌മ വളരെ വര്‍ദ്ധിച്ചിരിക്കുന്നു. ഹംഗര്‍ ഇന്‍ഡക്‌സില്‍ ഇന്ത്യയുടെ സ്ഥിതി വളരെ മോശമായി. ഒപ്പം രാജ്യത്തു അതിസമ്പന്നരുടെ എണ്ണം വര്‍ദ്ധിക്കുകയും വളരെ കുറഞ്ഞ ശതമാനം ആളുകള്‍ രാജ്യത്തിന്റെ ഏറിയ സമ്പത്തും കൈക്കലാക്കുകയും ചെയ്‌തിരിക്കുന്നു. വര്‍ദ്ധിച്ചുവരുന്ന വിലക്കയറ്റവും കാര്‍ഷിക മേഖലയുടെ തളര്‍ച്ചയും കൃഷിക്കാരുടെ വിളകള്‍ക്കു ന്യായവില ലഭിക്കാത്തതുമെല്ലാം 70 ശതമാനത്തിലധികം കൃഷിയെ ആശ്രയിച്ചു ജീവിക്കുന്ന നമ്മുടെ സാധാരണക്കാരുടെ സ്ഥിതി കൂടുതല്‍ മോശമാക്കുന്നു. അറിഞ്ഞോ അറിയാതയോ രാജ്യത്തെ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ അരക്ഷിതാവസ്ഥ ഉടലെടുക്കുന്നതും രാജ്യത്തിന്റെ യശഃസ്സിനെ ബാധിക്കുന്നു. മതേതരത്വം സോഷ്യലിസം, അവസര സമത്വം, അഭിപ്രായ സ്വാതന്ത്ര്യം ഇതൊക്കെ ഭരണഘടന ഉറപ്പു വരുത്തുമ്പോഴും ഇതൊക്കെ ലംഘിക്കപ്പെടുന്ന സാഹചര്യം സംജാതമാകുന്നു. ഒരു കാലത്തു മിശ്രസമ്പദ്‌ വ്യവസ്ഥയായിരുന്ന ഇന്ത്യ ഇന്നു പൊതു മേഖലാസ്ഥാപനങ്ങള്‍ വിറ്റു കാശാക്കുന്നു. രാജ്യത്തിന്റെ ആസ്‌തി കോര്‍പ്പറേറ്റുകളുടെ കൈയ്യില്‍ എത്തപ്പെടുന്നു. സ്‌ത്രീ സുരക്ഷയും ദളിത്‌ ക്ഷേമവും പ്രസംഗത്തിനു വിഷയമെന്നതിനപ്പുറം ഉറപ്പുവരുത്തേണ്ട നീതി നിര്‍വ്വഹണത്തിന്റെ ഭാഗമാണെന്ന വസ്‌തുത ഉത്തരവാദിത്വപ്പെട്ടവര്‍ പലപ്പോഴും മറന്നു പോകുന്നു. രാജ്യത്തെ ഏറ്റവും ശക്തമായ വിഭവശേഷിയായ യുവജനങ്ങള്‍ അരക്ഷിതരാകുന്ന സാഹചര്യം ഉണ്ടായിക്കൂടാ. ലക്ഷ കണക്കിനു യുവജനങ്ങള്‍ രാജ്യം വിട്ടുപോകുന്നതും ലക്ഷ കണക്കിനാളുകള്‍ പൗരത്വം ഉപേക്ഷിക്കുന്നതുമൊന്നും ശുഭ സൂചകമല്ല. ഒപ്പം വര്‍ദ്ധിച്ചു വരുന്ന അഴിമതിയും അധാര്‍മ്മികം തന്നെ. ഇലക്‌ട്രറല്‍ ബോണ്ടിലൂടെ കോടിക്കണക്കിനു രൂപ ഭരണത്തെ നിയന്ത്രിക്കുന്ന രാഷ്‌ട്രീയ പാര്‍ട്ടിയുടെ അക്കൗണ്ടില്‍ വന്നു ചേര്‍ന്നപ്പോള്‍ അതു രാജ്യത്തുണ്ടായ വലിയ അഴിമതിയാണെന്നു പ്രതിപക്ഷവും മറ്റും ആരോപിക്കുന്നു. ഭരണഘടനാസ്ഥാപനങ്ങളുടെ നിഷ്‌പക്ഷത ചോദ്യം ചെയ്യപ്പെടുകയും ഗവണ്‍മെന്റ്‌ സംവിധാനങ്ങള്‍ ഭരണകൂടത്തിനു ഇഷ്‌ടമില്ലാത്തവരെ വേട്ടയാടാനുള്ള ഉപാധികളാവുകയും ചെയ്‌താല്‍ നമ്മുടെ ജനാധിപത്യത്തിന്റെ ശക്തി ചോരുകയാണ്‌. ദേശീയതയുടെ മറവില്‍ ഫാസിസവും ഏകാധിപത്യ പ്രവണതയും അരങ്ങു വാണാലതു രാജ്യത്തിനു ആപത്താണ്‌. ഒപ്പം അഴിമതി വിരുദ്ധ പോരാട്ടങ്ങളില്‍ മുന്നില്‍ നില്‌ക്കുകയും ആ പ്രതിഛായയില്‍ ഭരണത്തിലേറുകയും ചെയ്‌തവര്‍ ഇന്നു അഴിമതിയുടെ പേരില്‍ ജയിലില്‍ ആയിരിക്കുന്നതു വിരോധാഭാസമാണ്‌. സ്വതന്ത്ര ജൂഡിഷ്യറിയിലാണ്‌ സാധാരണക്കാരന്റെ പ്രതീക്ഷയെന്നാലും സ്വതന്ത്ര ജൂഡിഷ്യല്‍ സംവിധാനത്തെ ചോദ്യം ചെയ്യുകയും സ്വാധിനിക്കുകയും ചെയ്യുന്ന സാഹചര്യം രാജ്യത്തുണ്ടെന്നു പറഞ്ഞു വെച്ചത്‌ വിരമിച്ച ജഡ്‌ജിമാരും രാജ്യത്തെ അഭിഭാഷകരുമാണെന്ന കാര്യം മറക്കരുത്‌. പല സംസ്‌ക്കാരങ്ങള്‍, ഭാഷകള്‍, മതങ്ങള്‍, വംശങ്ങള്‍ ഒക്കെ സഹവര്‍ത്തിത്വത്തില്‍ വളര്‍ന്നുവന്ന മണ്ണില്‍ മതസ്‌പര്‍ദ്ധയും വര്‍ഗീയതയും രാഷ്‌ട്രീയ ലാഭത്തിനു ഉപയോഗിക്കുന്നതില്‍ നിന്ന്‌ എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും മാറി നില്‍ക്കണം. രാജ്യത്തിന്റെ ജനാധിപത്യ വ്യവസ്ഥിതി മാറ്റു കുറയാതെ മുന്നോട്ടു പോകണമെങ്കില്‍ രാജ്യം അഭിമുഖീകരിക്കുന്ന യഥാര്‍ത്ഥ പ്രശ്‌നങ്ങളില്‍ ഊന്നി നിന്നുകൊണ്ടുള്ള തിരഞ്ഞെടുപ്പു ചര്‍ച്ചകളും അവലോകനങ്ങളും പ്രചാരവുമാണുണ്ടാകേണ്ടത്‌. എന്നാല്‍ യഥാര്‍ത്ഥ പ്രശ്‌നങ്ങള്‍ ജനങ്ങളില്‍ നിന്നു മറച്ചുവയ്‌ക്കുകയും അവ ചര്‍ച്ചയാകാതെ ഇരിക്കുന്ന തരത്തില്‍ മറ്റു മേഖലകളിലേക്കു തിരഞ്ഞെടുപ്പു ചര്‍ച്ചകള്‍ വഴി തിരിച്ചു വിടുകയും ചെയ്യുന്ന അപകടകരമായ പ്രവണത ഇന്ത്യയുടെ രാഷ്‌ട്രീയ ജനാധിപത്യ സാഹചര്യത്തില്‍ ഇന്നു നിഴലിക്കുന്നുണ്ടെന്നു സംശയിക്കുന്നവര്‍ ഏറെയാണ്‌. തിരഞ്ഞെടുപ്പു നേട്ടത്തിനുവേണ്ടി ജന മനസുകളില്‍ പകയും വിദ്വേഷവും വെറുപ്പും ഊട്ടി വളര്‍ത്തുന്നതില്‍ നിന്നു എല്ലാ രാഷ്‌ട്രീയ പാര്‍ട്ടികളും വിട്ടു നില്‌ക്കണം. തിരഞ്ഞെടുപ്പു പ്രചരണ രീതികള്‍ മാന്യവും പക്വവുമായിരിക്കണം. ഭാരതം ജനാധിപത്യത്തിന്റെ മാതാവാണെന്നു നാം അവകാശപ്പെടുമ്പോള്‍, ആ അവകാശം സത്യസന്ധമാകണമെങ്കില്‍ ഈ രാജ്യത്തെ തിരഞ്ഞെടുപ്പ്‌ സത്യസന്ധവും നിഷ്‌പക്ഷവും സുതാര്യവുമാണെന്നു നാടിനും ലോകത്തിനും ബോധ്യപ്പെടണം. ഭരണകൂടവും രാഷ്‌ട്രീയ പാര്‍ട്ടികളും നിയമസംവിധനാവും ഭരണഘടനാസ്ഥാപനങ്ങളും ഉദ്യോഗസ്ഥ സംവിധാനവുമെല്ലാം ഉത്തരവാദിത്വബോധത്തോടെ പ്രവര്‍ത്തിച്ചുകൊണ്ട്‌ രാജ്യത്തെ ജനാധിപത്യം സംരക്ഷിക്കുകയും ശക്തിപ്പെടുത്തുകയും ചെയ്യാനുള്ള ബാധ്യത ഏറ്റെടുത്തേ മതിയാവൂ.

Previous Post

VATICAN Musings

Next Post

വാഴ്വ് 2024- ന് ഗംഭീര പരിസമാപ്തി

Total
0
Share
error: Content is protected !!