കോട്ടയം: സ്വയം പര്യാപ്തതയില്‍ അധിഷ്ഠിതമായ ഉപവരുമാന പദ്ധതികളിലൂടെ മെച്ചപ്പെട്ട ജീവിത സാഹചര്യം നേടിയേടുക്കുവാന്‍ കഴിയുമെന്ന് കോട്ടയം അതിരൂപത മെത്രാപ്പോലിത്ത മാര്‍ മാത്യു മൂലക്കാട്ട്. കോവിഡ് അതിജീവന പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഉപവരുമാന സാധ്യതകള്‍ക്ക് അവസരം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ വിഭാവനം ചെയ്ത് നടപ്പിലാക്കുന്ന ജീവനോപാദി പുനസ്ഥാപന പദ്ധതിയായ ആട് വളര്‍ത്തല്‍ പദ്ധതിയുടെ ധനസഹായ വിതരണം തെള്ളകം ചൈതന്യയില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സാധാരണക്കാരായ ആളുകളെ ഉപവരുമാന പദ്ധതികളിലൂടെ കൈപിടിച്ചുയര്‍ത്തുവാന്‍ കെ.എസ്.എസ്.എസ് പ്രവര്‍ത്തനങ്ങള്‍ വഴിയൊരുക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിര്‍മ്മലാ ജിമ്മി ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.എസ്.എസ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍, അസി. ഡയറക്ടര്‍ ഫാ. മാത്യൂസ് വലിയപുത്തന്‍പുരയില്‍, കോട്ടയം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) ടോജോ എം. തോമസ്, അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബിജു വലിയമല, ഏറ്റുമാനൂര്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് തോമസ് കോട്ടൂര്‍ എന്നിവര്‍ പ്രസംഗിച്ചു. കൈപ്പുഴ, ഇടയ്ക്കാട്ട്, ഉഴവൂര്‍ മേഖലകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 25 കുടുംബങ്ങള്‍ക്കാണ് ആട് വളര്‍ത്തല്‍ പദ്ധതിക്ക് ധനസഹായം ലഭ്യമാക്കിയത്.