ഈശോ മിശിഹായില്‍ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ,
”നിങ്ങള്‍ പോയി എല്ലാ ജനതകളേയും ശിഷ്യപ്പെടുത്തുവിന്‍, പിതാവിന്റെയും പുത്രന്റെയും പരിശുദ്ധാത്മാവിന്റെയും നാമത്തില്‍ അവര്‍ക്ക് മാമ്മോദീസാ നല്‍കുവിന്‍” (മത്തായി 28: 20) എന്നത് ഈശോ നല്‍കിയ കല്പനയാണ്. ഇതിനെ വെറും ഒരു അനുഷ്ഠാനമോ ആദര്‍ശമോ മാത്രമായി കാണാതെ കല്പനയായി തന്നെ കണ്ട് പ്രവര്‍ത്തിച്ചതിന്റെ പുണ്യമാണ് ഇന്നു നാം കാണുന്ന തിരുസഭ. ഈശോയിലൂടെ കൈവന്ന രക്ഷയെ സധൈര്യം സകല ജനതകളോടും പ്രഘോഷിക്കുക എന്ന ആദിമസഭയുടെ സുവിശേഷ പ്രഘോഷണ ശൈലിയാണ് നമ്മളും പ്രാവര്‍ത്തികമാക്കേണ്ടത്. തങ്ങളെ കൊന്നുതള്ളാന്‍ പടപ്പുറപ്പാടു നടത്തിയ റോമാക്കാരെപ്പോലും പ്ലേഗ് രോഗബാധയില്‍ (എഡി 251) സ്വന്തം കുടുംബങ്ങളില്‍ പരിചരിക്കുകയും രക്ഷപ്പെടുത്തുകയും ചെയ്ത്, പതിനായിരങ്ങളെ ക്രിസ്തുവിനായി നേടിയ പൂര്‍വ്വികരുടെ സുവിശേഷ പ്രഘോഷണ ജീവിതശൈലിയാണ് ഇന്നും നമ്മുക്ക് വഴികാട്ടിയാകേണ്ടത്.
എന്താണ് സുവിശേഷവത്കരണം? ദൈവം തന്റെ ഏകജാതന്റെ കുരിശുമരണവും ഉത്ഥാനവും വഴി മനുഷ്യകുലത്തെ രക്ഷിച്ചു എന്ന സദ്‌വാര്‍ത്തയാണ് സുവിശേഷം. ഈ മഹാസത്യം ലോകത്തെ അറിയിക്കുന്നതാണ് സുവിശേഷവല്‍ക്കരണം. സദ്വാര്‍ത്തയുടെ പ്രഘോഷണമാകയാല്‍ ഇത് ഏതെങ്കിലും മതത്തിനോ, ജാതിക്കോ എതിരല്ല. സത്യം അറിയിക്കുക എന്നതാണ് സുവിശേഷപ്രഘോഷണം. ഇത് അന്നും ഇന്നും എന്നും എളുപ്പമുള്ള കാര്യമല്ല. കാരണം നുണയുടെ പിതാവുമായ (യോഹ 8 :44) ദുഷ്ടാരൂപി സുവിശേഷപ്രഘോഷണത്തെ എക്കാലവും എതിര്‍ക്കുകയാണ്. എതിര്‍പ്പിന്റെ പ്രത്യയശാസ്ത്രങ്ങളായും മതവിഭാഗങ്ങളായും മതമര്‍ദ്ദനങ്ങളായും വിവിധ ദേശങ്ങളില്‍ വ്യക്തികളാലും സംഘടനകളാലും ഇതു തുടരുകയാണ്. സത്യത്തോടുള്ള, സുവിശേഷത്തോടുള്ള കാലാകാലങ്ങളിലുള്ള ഇത്തരം എതിര്‍പ്പുകളെ വ്യക്തി സംഘടനാ വിരോധമായോ, മതസ്പര്‍ദ്ധയായോ അല്ല സഭ കരുതുന്നത്. സത്യദൈവത്തിനെതിരായി സാത്താന്‍ നടത്തുന്ന നിരന്തര വിഫല പോരാട്ടത്തിന്റെ ഭാഗമായിട്ടാണ്.
സുവിശേഷ പ്രഘോഷണത്തെ ജീവിതചര്യയാക്കി മാറ്റിയ സംഘടനയാണല്ലോ മിഷന്‍ലീഗ്. 1947 ഒക്‌ടോബര്‍ 03, വെള്ളിയാഴ്ച ഭരണങ്ങാനത്ത് കോട്ടയം രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ തോമസ് തറയില്‍ പിതാവിനാല്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ ഭക്തസംഘടന ഇന്നു ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ തഴച്ചുവളര്‍ന്നുകൊണ്ടിരിക്കുന്നു എന്നതില്‍ നമുക്ക് അഭിമാനമുണ്ട്. ചെറുപുഷ്പ മിഷന്‍ലീഗിന്റെ പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലേക്ക് നാം പ്രവേശിക്കുകയാണ്. 2021 ഒക്‌ടോബര്‍ 2 ശനിയാഴ്ച രാവിലെ കോട്ടയം ക്രിസ്തുരാജ കത്തീഡ്രലില്‍ മാര്‍ തോമസ് തറയില്‍ പിതാവിന്റെ കബറിടത്തിങ്കല്‍ ദീപം കൊളുത്തി പ്രാര്‍ത്ഥിച്ചതിനുശേഷം മോനിപ്പള്ളി സെക്രട്ട് ഹാര്‍ട്ട് ദൈവാലയത്തില്‍ രാവിലെ 10 മണിക്ക് ആരംഭിക്കുന്ന വി.കുര്‍ബാനയോടെയാണ് നമ്മുടെ അതിരൂപത മിഷന്‍ലീഗ് പ്ലാറ്റിനം ജൂബിലി വര്‍ഷത്തിലേക്കു പ്രവേശിക്കുന്നത്. മിഷന്‍ലീഗിന്റെ സ്ഥാപനദിനത്തിലെ അദ്ധ്യക്ഷനും സംസ്ഥാന ഡയറക്ടറുമായിരുന്ന മോണ്‍. പീറ്റര്‍ ഊരാളിലച്ചന്റെ സ്മരണ നിലനിര്‍ത്താനായാണ് അദ്ദേഹത്തിന്റെ ഇടവകയായ മോനിപ്പള്ളിയില്‍ വച്ച് ഉദ്ഘാടനം നടത്തുന്നത്.
കോവിഡ് പ്രോട്ടോകോള്‍ പാലിച്ചു നടത്തപ്പെടുന്ന ഈ ഉദ്ഘാടനത്തില്‍ എല്ലാവര്‍ക്കും സംബന്ധിക്കാനാവില്ലെങ്കിലും പിറ്റേദിനമായ ഞായറാഴ്ച ഫൊറോനകളിലും ഇടവകകളിലും ജൂബിലിയുടെ തുടക്കം കുറിക്കുവാന്‍ ബഹു. അച്ചന്‍മാരും ഭാരവാഹികളും പരിശ്രമിക്കേണ്ടതാണ്.
പ്രിയ മിഷന്‍ലീഗ് അംഗങ്ങളെ,
ഇടവകകളിലും ഭവനങ്ങളിലും മിഷന്‍ ബാനറുകള്‍ ഉയര്‍ത്തിയും അനുദിനമുള്ള ജൂബിലി പ്രാര്‍ത്ഥനകളിലൂടെയും ജൂബിലി ആഘോഷത്തിന്റെ ഉണര്‍വ്വും ഊര്‍ജ്ജവും നിങ്ങള്‍ ഈ വര്‍ഷം മുഴുവന്‍ നിലനിര്‍ത്തേണ്ടതാണ്.
അഭിവന്ദ്യ തോമസ് തറയില്‍ പിതാവിന്റെയും ബഹു. ജോസഫ് മാലിപറമ്പിലച്ചന്റെയും അദ്ധ്യാത്മിക ചൈതന്യവും മിഷനറി തീഷ്ണതയും കുഞ്ഞേട്ടന്റെ തീക്ഷണപ്രേഷിതത്വവും ഈ കാലത്തെ സത്യവചനത്തിന്റെ വെണ്‍പ്രകാശത്താല്‍ പ്രത്യാശാഭരിതമാക്കുവാനും അണയാത്ത മിഷന്‍ ചൈതന്യത്തോടെ ജീവിക്കാനും നിങ്ങള്‍ക്കേവര്‍ക്കും പ്രചോദനമാകട്ടെ.
”ഭാരതമേ നിന്റെ രക്ഷ നിന്റെ മക്കളില്‍” എന്ന ലിയോ പതിമൂന്നാമന്‍ മാര്‍പാപ്പയുടെ ആഹ്വാനം പൂര്‍ത്തീകരിക്കപ്പെടേണ്ടതു നിങ്ങളിലൂടെയാണ്. അതിനായി സ്‌നേഹം, ത്യാഗം, സേവനം, സഹനം എന്ന മുദ്രാവാക്യം അധരങ്ങളില്‍ മാത്രമല്ല ഹൃദയങ്ങളിലും വളരട്ടെ. വലിയ പ്രേക്ഷിതനായ ഈശോയുടെ സഹന പാതയിലൂടെ സ്‌നേഹത്തിന്റെ വിത്തു വിതച്ചു ത്യാഗത്തിലൂടെ വിളവുകൊയ്യാനും നമ്മുടെ അതിരൂപതയില്‍ മിഷന്‍ പ്രേക്ഷിത ചൈതന്യത്തിലൂടെ ദൈവവിളി വര്‍ദ്ധനവുണ്ടാകാനും ഈ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങള്‍ സഹായകമാകട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.
മിശിഹായില്‍ സ്‌നേഹപൂര്‍വ്വം,
മാര്‍ മാത്യു മൂലക്കാട്ട്
കോട്ടയം അതിരൂപത മെത്രാപ്പോലീത്ത