ഫുട്‌ബോളില്‍ വിസ്‌മയം തീര്‍ത്ത മെസി കളം വിടുമ്പോള്‍

ലയണല്‍ ആന്ദ്രേ മെസിയെന്ന ഫുട്‌ബോളിന്റെ മിശിഹാ അന്താരാഷ്‌ട്ര മത്സരങ്ങളില്‍ നിന്നും പടിയിറങ്ങുന്നു. ഫുട്‌ബോളിന്റെ എക്കാലത്തെയും ചരിത്രത്തില്‍ തന്റേതുമാത്രമായ ഒരു സ്‌പേസ്‌, തനിക്കു മാത്രം അവകാശപ്പെട്ട ഒരു ഫുട്‌ബോള്‍ മാജിക്കും മാന്ത്രികതയും കോറിയിട്ട ശേഷം അദ്ദേഹം പടിയിറങ്ങുമ്പോള്‍, ഇന്നും ഇന്നലെയും ഒരുപക്ഷേ നാളെയും ഫുട്‌ബോളിന്റെ മിശിഹാ ആയി അദ്ദേഹം വാഴ്‌ത്തപ്പെടുമെന്ന കാര്യത്തില്‍ സംശയമില്ല. അര്‍ജ്ജന്റിനായില്‍ മാത്രമല്ല ലോകമൊട്ടാകെയുള്ള ഫുട്‌ബോള്‍ പ്രേമികളിലും കുഞ്ഞുകുട്ടികളില്‍ പോലും മെസിയെന്ന നാമം മുഴങ്ങി കേള്‍ക്കും. അതു ഭൂഖണ്ഡങ്ങള്‍ പിന്നിട്ട്‌ കൊച്ചുകേരളത്തില്‍ പോലും ആവേശത്തിന്റെ അലയടികള്‍ ഉയര്‍ത്തുന്നുണ്ട്‌. ആറു ലോക കപ്പുകളില്‍ 34 മത്സരങ്ങള്‍, മൂന്നു ഫൈനല്‍, ഒരു കിരീടം, 21 വര്‍ഷം നീണ്ട അന്താരാഷ്‌ട്ര കരിയര്‍ ആരെയും ത്രസിപ്പിക്കുന്ന ആ യാത്രക്കു വിരാമമിടുകയാണ്‌. ലോകകപ്പു ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കളിച്ച താരമെന്ന ഖ്യാതി മെസിക്കു മാത്രം അവകാശപ്പെട്ടതാണ്‌. സ്വന്തം രാജ്യത്തിനായി ഏറ്റവും കൂടുതല്‍ കളികള്‍ കളിച്ച താരം. എക്കാലത്തെയും മികച്ച ഗോള്‍ വേട്ടക്കാരന്‍ എന്ന വിശേഷണങ്ങളെല്ലാം അദ്ദേഹത്തിനവകാശപ്പെട്ടത്‌. 2011 ലാണ്‌ അദ്ദേഹം അര്‍ജ്ജന്റീനയുടെ ക്യാപ്‌റ്റന്‍സി ഏറ്റെടുത്തത്‌. എന്നാല്‍ രണ്ടു പതിറ്റാണ്ടിലധികം കാലം ലോക ഫുട്‌ബോളില്‍ അദ്ദേഹം വിസ്‌മയം തീര്‍ത്തു. 2026 അമേരിക്കന്‍ ലോകകപ്പില്‍ ഫൈനല്‍ വരെയുള്ള മത്സരങ്ങളില്‍ മെസിയുടെ സംഭാവന വളരെ വലുതായിരുന്നു. ടൂര്‍ണ്ണമെന്റില്‍ അല്‍ജീരിയായിക്കെതിരെ നേടിയ ഹാട്രിക്കും ഇംഗ്ലണ്ടിനെതിരെ നേടിയ ഗോളുകളുമെല്ലാം അദ്ദേഹത്തെക്കുറിച്ചുള്ള ജ്വലിക്കുന്ന ഓര്‍മ്മകളായി നിലനില്‍ക്കും. മെസിയുടെ ഡ്രിബ്ലിംഗിന്റെ മാസ്‌മരികത, അവിശ്വസനീയായ ഗോള്‍വേട്ട, മനസ്സ്‌ എത്തുന്നിടത്തേക്കു ശരീരത്തെ എത്തിക്കുന്ന തരത്തിലുള്ള ശരീരത്തിന്റെ ഫ്‌ളെക്‌സിബിലിറ്റി ഇതെല്ലാം കാല്‍പന്തു കളി നിലനില്‍ക്കുന്ന കാലമൊക്കെയും അദ്ദേഹത്തെ എക്കാലത്തെയും മികച്ച താരം Greatest of all time (GOAT) എന്ന വിശേഷണത്തിന്‌ അര്‍ഹനാക്കും. അര്‍ജ്ജന്റീനക്കാരിയായ മാധ്യമ പ്രവര്‍ത്തക സോഫി മാര്‍ട്ടിനെസ്‌ ലയണല്‍ മെസിയെക്കുറിച്ച്‌ ഒരിക്കല്‍ ഇപ്രകാരം പറഞ്ഞു. “നിങ്ങളില്‍ നിന്ന്‌ മറ്റൊരാള്‍ക്കും സ്വന്തമാക്കാനാകാത്ത ചിലതുണ്ട്‌. അര്‍ജ്ജന്റീനയിലെ ഓരോ മനുഷ്യന്റെ ഉള്ളിലേക്കും നിങ്ങള്‍ ആഴ്‌ന്നിറങ്ങിയിരിക്കുന്നു. നിങ്ങളുടെ പേരെഴുതിയ ജേഴ്‌സി സ്വന്തമാക്കാത്ത ഒരു കുട്ടിപോലും ഈ രാജ്യത്തില്ലെന്നത്‌ ഇന്ന്‌ അതിശയോക്തിയല്ല. ഓരോരുത്തരുടെയും ജീവിതത്തില്‍ നിങ്ങള്‍ ഉണ്ട്‌. അതു ലോകകപ്പ്‌ നേടുന്നതിനും അപ്പുറമാണ്‌. അതൊരൊള്‍ക്കും നിങ്ങളില്‍ നിന്നു തട്ടിയെടുക്കാനുമാകില്ല.”
രണ്ടു തവണ കോപ്പ അമേരിക്ക ഫൈനല്‍ തുടരെ പരാജയപ്പെട്ടപ്പോള്‍ `അര്‍ജ്ജന്റീന കുപ്പായത്തില്‍ ഞാനിനിയില്ല’ എന്ന്‌ 2016 ജൂണ്‍ 27 ന്‌ മെസി പ്രഖ്യാപിച്ചതിനുശേഷം പിന്നീട്‌ ആദ്യമായി മാധ്യമപ്രവര്‍ത്തകരെ കണ്ടപ്പോഴായിരുന്നു മാധ്യമ പ്രവര്‍ത്തകയുടെ ഈ അഭിപ്രായ പ്രകടനം. എന്നാല്‍ മെസിയുടെ തിരിച്ചുവരവിനായി ലോകം മുറവിളി കൂട്ടിയപ്പോള്‍ അദ്ദേഹം ആ തീരുമാനം പിന്‍വലിച്ചു. പിന്നീടു പത്തു വര്‍ഷംകൂടി 2026 വരെ ഫുട്‌ബോളിന്റെ വിസ്‌മയമായി കളി തുടര്‍ന്നു. പിന്നീടദ്ദേഹം 2 വട്ടംകൂടി ലോകകപ്പിന്റെ ഫൈനലിലേക്കു രാജ്യത്തെ എത്തിച്ചു. 2022 ല്‍ ഖത്തര്‍ ലോകകപ്പില്‍ അദ്ദേഹം രാജ്യത്തിനുവേണ്ടി ലോകകപ്പില്‍ ജയം നേടി കപ്പില്‍ ചുംബിച്ചു. 2026 ല്‍ ഫൈനലില്‍ പരാജയപ്പെട്ടെങ്കിലും തന്റെ ടീമിനെ ലോകകപ്പിന്റെ ഫൈനലില്‍ വരെ എത്തിച്ചു. തന്റെ ജീവിതത്തിന്റെ വഴികാട്ടിയായിരുന്ന പിതാവ്‌ ഹോര്‍ഹെയുടെ മരണത്തെ തുടര്‍ന്നു പങ്കുവെച്ച വികാരപരമായ കുറിപ്പില്‍ തനിക്കിനി എത്രകാലം ഫുട്‌ബോള്‍ കളിക്കാനാകുമെന്ന സന്ദേഹം പങ്കുവെച്ചു. ഒടുവിലിതാ ഏതാനും ദിവസങ്ങള്‍ക്കു ശേഷം ആ തീരുമാനത്തില്‍ അദ്ദേഹം എത്തിയിരിക്കുന്നു. ഫുട്‌ബോള്‍ മൈതാനത്തു നിന്നു തനിക്കിനിയൊന്നും നേടാനില്ലെന്ന ബോധ്യത്തില്‍ നിന്നാകാം അദ്ദേഹം ഇപ്രകാരം കുറിച്ചത്‌. “ആകാശ നീലയും വെള്ളയും കലര്‍ന്ന കുപ്പായമണിയാന്‍ ഞാനിനി ഇല്ല.” മെസി ഫുട്‌ബോളില്‍ നിന്നു വിരമിക്കുമ്പോള്‍ ഈ കാലഘട്ടത്തില്‍ ലോകത്തെ ഇത്രയേറെ അതിശയിപ്പിക്കുകയും ആവേശം കൊള്ളിക്കുകയും ചെയ്‌ത ഒരു കളിക്കാരനില്ല എന്നതു നിശ്ചയമാണ്‌. ഫുട്‌ബോളിന്റെ മിശിഹാ ആയിരുന്ന അദ്ദേഹത്തിന്റെ ഇടം കാലില്‍ ദൈവികമായ സ്‌പര്‍ശം കണ്ടു ഫുട്‌ബോള്‍ പ്രേമികള്‍ കോരിതരിച്ചിട്ടുണ്ട്‌. ഫുട്‌ബോള്‍ അറിയാത്തവര്‍ക്കുപോലും മെസി പ്രചോദനമായി മാറി. അമേരിക്കയുടെ മണ്ണില്‍ ലോകകപ്പ്‌ കളിക്കാനിറങ്ങിയ താരത്തിന്റെ പ്രായം മുപ്പത്തിയൊന്‍പതു വയസായിരുന്നുവെങ്കിലും അദ്ദേഹത്തിന്റെ മാന്ത്രിക സ്‌പര്‍ശത്തിനു മങ്ങലേറ്റില്ല. ഈജിപ്‌റ്റിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും ഇംഗ്ലണ്ടിനെതിരായ സെമിഫൈനലിലും അര്‍ജ്ജന്റീനയെ വിജയത്തിലെത്തിച്ചത്‌ ഫുട്‌ബോള്‍ ഗ്രൗണ്ടില്‍ മെസി കാഴ്‌ചവച്ച വിസ്‌മയ കാഴ്‌ചകളിലൂടെയായിരുന്നു. മത്സരം തീരാന്‍ 5 മിനിറ്റു മാത്രം ബാക്കി ശേഷിക്കെ ഒരു ഗോളിനു പിന്നില്‍ നിന്നു അര്‍ജ്ജന്റീനയെ കളിയില്‍ വിജയപ്പിച്ചെടുത്തത്‌ ആ പത്താം നമ്പറുകാരന്റെ സംഭാവന ഒന്നുകൊണ്ടു മാത്രമാണ്‌. അമേരിക്കന്‍ സോക്കര്‍ ലീഗില്‍ തന്റെ ടീമായ ഇന്റര്‍ മയാമിക്കായി രണ്ടു ഫ്രീകിക്കുകളില്‍ നിന്നടക്കം നാലു ഗോളും ഒരു അസിസ്റ്റും നേടിയതിന്റെ പിറ്റേന്നാണ്‌ മെസി തന്റെ വിടവാങ്ങല്‍ പ്രഖ്യാപിച്ചത്‌. മൂന്നു ലോകകപ്പില്‍ കളിച്ച്‌ അതിലൊന്നില്‍ കിരീടം നേടി. രണ്ടു തവണ കോപ്പ അമേരിക്ക സ്വന്തമാക്കി. രണ്ടു ലോകകപ്പുകളുടെ താരമായി. എണ്ണമറ്റ നേട്ടങ്ങള്‍ തന്റെ പേരില്‍ കുറിച്ചിട്ട്‌ മെസി കളം വിടുമ്പോള്‍ ലോകം ആ പ്രതിഭക്കു മുന്‍പില്‍ തല കുനിക്കുന്നു. സ്‌നേഹവും ആദരവും പ്രകടിപ്പിച്ചുകൊണ്ട്‌, അദ്ദേഹത്തില്‍നിന്ന്‌ ഇനിയും തലമുറകള്‍ പ്രചോദനം സ്വീകരിക്കുമെന്ന ഉറപ്പോടെ, നന്ദി മെസി. അങ്ങ്‌ ഏതൊരു ഫുട്‌ബോള്‍ പ്രേമിയുടെയും ചങ്കാണ്‌. ചങ്ക്‌ബ്രോ.
റവ. ഡോ. മാത്യു കുരിയത്തറ ഒ.എസ്‌.എച്ച്‌.

Previous Post

ടാലന്റ് സെര്‍ച്ച് പരീക്ഷയില്‍ ജോണി ബിജോയ്ക്ക് ഉന്നത വിജയം

Total
0
Share
error: Content is protected !!