വിഷാദത്തില്‍നിന്ന് ആഹ്‌ളാദത്തിലേക്ക്

Fr. Dr. Thomas Kottoor

സൂസന്‍  കോളേജ് വിദ്യാര്‍ത്ഥിനിയാണ്. പഠിക്കാനും പാടാനും നല്ല കഴിവുള്ളവള്‍. എന്നാല്‍ ചില ഇടവേളകളില്‍ അവളുടെ മുഖത്ത് ഒരു വിഷാദഭാവം കടന്നുവരും. ഒന്നിനും ഉത്സാഹമില്ലാതെ, വീട്ടിലെ  മൂലയില്‍ ഒറ്റയ്ക്കിരിക്കാനാണ് അവള്‍ക്കിപ്പോള്‍ ഇഷ്ടം. സങ്കീര്‍ണവും പ്രക്ഷുബ്ധവുമായ ഒരു കുടുംബാന്തരീക്ഷമാണ് അവളുടേത്; അതവളെ വല്ലാതെ മഥിക്കുന്നുണ്ട്.

”എനിക്ക് ജീവിതം മടുപ്പായിത്തോന്നുന്നു. ദുഃഖം ഒരു മാറാലപോലെ എന്നെ ഗ്രസിച്ചിരിക്കുന്നു. ഞാന്‍ എന്നെത്തന്നെ വെറുക്കുന്നു. എന്റെ മാതാപിതാക്കള്‍ എന്നെക്കുറിച്ചോര്‍ത്ത് ഏറെ വിഷമിക്കുന്നു. ഞാനെന്തിനു ജീവിക്കണം?”

ഇത് സൂസന്‍ തന്നെ പറഞ്ഞ വാക്കുകളാണ്. ചുണയും ചുറുചുറുക്കും ആഹ്‌ളാദവും നഷ്ടപ്പെട്ട അനേകം യുവതീയുവാക്കന്മാരെ ഇന്ന് കോളേജ് കാമ്പസുകളില്‍ കാണാം. ഇത്തരം വിഷാദത്തിന്റെ ഭാരം താങ്ങാനാവാത്തവിധം തീവ്രമാകുമ്പോള്‍ വ്യക്തികള്‍ മനോരോഗത്തിന്റെ ഉമ്മറപ്പടിയിലേക്കു പ്രവേശിക്കുന്നു.

അങ്ങനെയുള്ളവര്‍ക്ക് വിദഗ്ധ ചികിത്സ ആവശ്യമാണ്. എന്നാല്‍ പലരെയും അലട്ടുന്ന ലഘുവായ വിഷാദം, അഥവാ മ്‌ളാനത, മിക്കപ്പോഴും ആധുനിക ജീവിതരീതികളുടെ സങ്കീര്‍ണതയില്‍നിന്ന് ഉടലെടുക്കുന്നതാണ്. പാരമ്പര്യം, വ്യക്തിത്വഘടന, തിക്താനുഭവങ്ങള്‍, സങ്കല്പങ്ങള്‍ എന്നിവയെല്ലാം ലഘുവിഷാദത്തിനു കാരണമാകാം. ചിലരില്‍ വിഷാദം പ്രത്യക്ഷപ്പെടുന്നത് ഒരു വലിയ ദുഃഖത്തിന്റെ തുടര്‍ച്ചയായിട്ടായിരിക്കും: പ്രിയപ്പെട്ടവരുടെ മരണം, അപകടം, നിരാശനിറഞ്ഞ അനുഭവങ്ങള്‍ എന്നിവ ഇക്കൂട്ടത്തില്‍പ്പെടും. എല്ലാ ദുഃഖവും ഏതെങ്കിലും ഒരു നഷ്ടപ്പെടലുമായി ബന്ധപ്പെട്ടിരിക്കുന്നു. വേര്‍പാടിലും വിരഹത്തിലും ഈ നഷ്ടബോധം വ്യക്തമായി കാണാം. അത്തരം സന്ദര്‍ഭങ്ങളിലുണ്ടാകുന്ന വിലാപം സ്വാഭാവിക പരിധി ലംഘിച്ചാല്‍ അത് വ്യക്തിയുടെ സ്ഥായീഭാവമായി മാറാം. ചിലരില്‍ ജീനുകളിലൂടെ പാരമ്പര്യമായി ലഭിക്കുന്ന ശരീരശാസ്ത്രപരമായ സവിശേഷതകളോട് ജീവിതസാഹചര്യങ്ങളില്‍നിന്നുള്ള മനോസംഘര്‍ഷം കൂടി ചേരുമ്പോള്‍ വിഷാദം തീവ്രമാകും. മറ്റു ചിലരില്‍, വിഷാദിക്കാനുള്ള പ്രവണത മറ്റുള്ളവരെ നിരീക്ഷിക്കുന്നതിലൂടെയും അനുകരിക്കുന്നതിലൂടെയും ലഭിക്കുന്നതാണ്. സദാ വിഷാദിയായ അച്ഛനെയോ അമ്മയെയോ കണ്ടുവളരുന്ന മകനോ മകളോ ഭാവിയില്‍ എളുപ്പത്തില്‍ മ്‌ളാനതയുടെ വലയത്തില്‍ അകപ്പെട്ടേക്കാം. അസംതൃപ്തമായ ജീവിതരീതികള്‍, വിരസത, അപകര്‍ഷതാബോധം, അപര്യാപ്തതാബോധം, യുക്തിരഹിതമായ ചിന്തകള്‍ എന്നിവയും പലരെയും വിഷാദത്തിലേക്കു നയിക്കാറുണ്ട്. പരിതസ്ഥിതിയും സാമൂഹ്യ-സാംസ്‌കാരിക ഘടകങ്ങളും ഇതോടു ബന്ധപ്പെട്ടിരിക്കുന്നു.

കാരണങ്ങള്‍ എന്തുതന്നെയായാലും, വിഷാദത്തിന്റെ സാന്നിധ്യം വിളിച്ചറിയിക്കുന്ന ലക്ഷണങ്ങള്‍ ഏറെക്കുറെ സമാനമാണ്; അതിന്റെ തീവ്രതയിലും ദൈര്‍ഘ്യത്തിലും മാത്രമേ വ്യത്യാസം കാണൂ. ലഘുവിഷാദത്തിന്റെ തുടക്കത്തില്‍ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങള്‍ ഇവയാണ്:

1. നിസ്സഹായതാബോധം

2.കഴിവുകേടിനെക്കുറിച്ചുള്ള നിരന്തര വിലാപം

3. സ്വയം പഴിചാരല്‍

4. സ്വയം ഒതുങ്ങിക്കൂടല്‍

5. സാമൂഹികകാര്യങ്ങളിലും വിനോദങ്ങളിലും താല്‍പര്യമില്ലായ്മ

6.ശുഭാപ്തിവിശ്വാസമില്ലായ്മ, ഉത്സാഹക്കുറവ്

7. ലൈംഗികവിരക്തി, ഭക്ഷണത്തില്‍ താല്‍പര്യക്കുറവ്

8. ശുചിത്വത്തിലും വസ്ത്രധാരണത്തിലുമുള്ള അശ്രദ്ധ

9. ഉദാസീനത

10. മന്ദഗതിയിലാകുന്ന ചലനങ്ങള്‍

11. ഉറക്കം ഒരു പ്രശ്‌നമായി മാറല്‍

12. നര്‍മ്മബോധമില്ലായ്മ.

വിഷാദത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെടാന്‍ സ്വയം പരിശീലിക്കാവുന്ന ചില വഴികള്‍ ചുവടെ ചേര്‍ക്കുന്നു:

1. ആത്മബോധവും ആത്മവിശ്വാസവും വളര്‍ത്തുക. കഴിവിനപ്പുറത്തുള്ള ‘സ്വപ്നങ്ങള്‍’ കെട്ടിപ്പടുക്കാതിരിക്കുക.

2. ചെറിയ നേട്ടങ്ങളില്‍പോലും സന്തോഷിക്കാന്‍ പഠിക്കുക. പരാജയങ്ങളില്‍ സ്വയം സഹതപിച്ച് നിസ്സഹായതാബോധവും നിരാശയും ക്ഷണിച്ചുവരുത്താതെ, വിജയത്തിലേക്കുള്ള വഴികള്‍ തേടുക.

3. ശരീരത്തെയും മനസ്സിനെയും ഒരുപോലെ പരിപാലിക്കുക. ശരീരവും മനസ്സും അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍, ആരോഗ്യമുള്ള ശരീരത്തില്‍ വിഷാദത്തിനു എളുപ്പം ആധിപത്യം സ്ഥാപിക്കാനാവില്ല. ആഹാരം, വ്യായാമം, ഉല്ലാസം എന്നിവയില്‍ ശ്രദ്ധിക്കുക; ശുചിത്വം പാലിക്കുക; വൃത്തിയായും വെടിപ്പായും വസ്ത്രം ധരിക്കുക.

4. ഗാഢവും ഹൃദ്യവുമായ സൗഹൃദബന്ധങ്ങള്‍ പുലര്‍ത്തുക. നാം ഇടപഴകുന്ന വ്യക്തികളോട് യഥാര്‍ത്ഥ താല്‍പര്യം കാണിക്കുക; പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കാനും പഴയവ നിലനിര്‍ത്താനും ശ്രമിക്കുക.

5. മനസ്സിന് ആഹ്‌ളാദം പകരുന്ന പ്രവൃത്തികളില്‍ ഏര്‍പ്പെടുക. നല്ല പുസ്തകങ്ങള്‍ വായിക്കുക, സംഗീതം ആസ്വദിക്കുക, അഭിരുചിക്കിണങ്ങിയ പ്രവര്‍ത്തനങ്ങളില്‍ മുഴുകുക, കൂട്ടുകാരുമായി സൊറ പറഞ്ഞിരിക്കുക. ഇവയെല്ലാം നമ്മുടെ സൃഷ്ടിപരതയെയും ആസ്വാദനക്ഷമതയെയും ഉദ്ദീപിപ്പിക്കും.

6. വിരസമായ ജീവിതശൈലി ഉപേക്ഷിക്കുക. ക്രിയാത്മകമായ എന്തെങ്കിലും ചെയ്യുക- വിനോദയാത്ര, സുഹൃദ്‌സന്ദര്‍ശനം, രസകരമായ കത്തുകള്‍ എഴുതല്‍ -ഇവയെല്ലാം മാനസികോല്ലാസം പകരും.

7. പ്രസാദാത്മകമായ ജീവിതവീക്ഷണം പുലര്‍ത്തുക. ഒന്നിനെയും അമിതമായി ഭീകരവല്‍ക്കരിക്കാതിരിക്കുക; തമാശകള്‍ പറയാനും ആസ്വദിക്കാനുമുള്ള നര്‍മ്മബോധം വളര്‍ത്തിയെടുക്കുക.

8. വികലമായ കുറ്റബോധം, ഭാവിയെക്കുറിച്ചുള്ള അമിതമായ ആകുലത, കഴിവിനപ്പുറമുള്ള ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുക്കുന്ന ശീലം, എല്ലാവരും തന്നെക്കുറിച്ച് നല്ലതു മാത്രമേ പറയാവൂ എന്ന അമിതചിന്ത ഇവയൊക്കെ വിഷാദത്തിനു വഴി തുറന്നേക്കാം .

9. ചിന്തകള്‍ മാറ്റുക; അപ്പോള്‍ മനോഭാവം താനേ മാറും. ചിന്തയില്‍ വരുന്ന മാറ്റം മനോഭാവത്തിലും, അതുവഴി വികാരങ്ങളിലും പ്രതിഫലിക്കും. അതിനാല്‍ നമ്മെ നിര്‍വീര്യരാക്കുന്ന വിഷാദചിന്തകളെ സസൂക്ഷ്മം പരിശോധിക്കുക; അവയെ പുറന്തള്ളി, പ്രായോഗികവും ബുദ്ധിപരവുമായ ചിന്തകളെ അവിടെ പ്രതിഷ്ഠിക്കുക.

10. ആധുനിക ഗവേഷണങ്ങള്‍ തെളിയിക്കന്നത്, ക്രമമായ വ്യായാമം ,വിഷാദത്തിന് നല്‍കുന്ന മാനസികചികിത്സയ്കു ഏറെക്കറെ തുല്യമായ ഫലം നല്‍കന്നു എന്നാണത്രെ .ദിവസവും അല്പനേരത്തെ നടത്തമോ ലഘുവ്യായാമമോ പോലും തലച്ചോറില്‍ മാനസികോല്ലാസം പകരുന്ന രാസവസ്തുക്കളെ ( dopamine)സജീവമാക്കി വിഷാദത്തിന്റെ മുറുക്കം അയയ്ക്കുകയും ചെയ്യും.

11.ഡിജിറ്റല്‍ ഇടവേള : സാമൂഹ്‌മാധ്യമങ്ങളില്‍ അമിതമായി സമയം ചെലവഴിക്കുന്നത് വിഷാദലക്ഷണങ്ങളെ വര്‍ധിപ്പിക്കാമെന്ന സമീപകാല പഠനങ്ങള്‍ ചുണ്ടികാണിക്കിന്നുണ്ട് . ഒരാഴ്ചത്തെ സാമൂഹ്യമാധമ ഇടവേള പോലും വിഷാദലക്ഷ ണങ്ങളില്‍ ഗണ്യമായ കുറവുണ്ടാക്കിയതായി ഗവേഷകര്‍ കണ്ടെത്തിയിട്ടുണ്ട. അതിനാല് ഇടയ്ക്കിടെ സ്‌ക്രീനല്‍നിന്ന്‌ബോധപൂര്‍വം അകന്നു നില്‍ക്കുന്നത് മനസ്സിന് ആശ്വാസം പകരും . അതേസമയം ഡിജിറ്റല്‍ ലോകത്തു അറിവും നര്‍മവും നല്‍കുന്ന പ്ലാറ്റഫോമുകള്‍ ഉണ്ടെന്നും അവയെ വിവേകപൂര്‍വം ഉപയോഗിക്കാമെന്നും അറിഞ്ഞിരിക്കണം .

12. ഈശ്വരനില്‍ പൂര്‍ണമായി ആശ്രയിക്കുക. ദൈവത്തിന്റെ വ്യവസ്ഥകളില്ലാത്ത സ്‌നേഹം ഉള്ളില്‍ അനുഭവിക്കാന്‍ കഴിഞ്ഞാല്‍, വിഷാദത്തിന്റെ കന്മതിലുകള്‍ തകര്‍ന്നുവീഴും; ആഹ്‌ളാദം കൈവരും.

____ഗുരു ദര്‍ശനം _____

ആഹ്ലാദത്തിനപ്പുറം ‘ആനന്ദം ‘ ഉണ്ടെന്നുകൂടി അറിയുക . self-actualisation ( A. Maslow) കഴിഞ്ഞുള്ള അടുത്ത പടിയാണ് self-transcendence അഥവാ അനശ്വരമായ ആനന്ദം . ലോകഗുരുക്കളെല്ലാം ജീവിതപാതയിലെ ആനന്ദമാര്ഗങ്ങള്‍ പറഞ്ഞു തന്നിട്ടുണ്ട് .

 

Previous Post

Orlando Parish Wins CML Knanaya Regional Nadavili Competition

Next Post

ചുള്ളിക്കര : കാരുപ്ലാക്കില്‍ വത്സമ്മ

Total
0
Share
error: Content is protected !!