ഓക്ലാന്‍ഡ് : ഓസ്ട്രേലിയ,ന്യൂസിലാന്റ് പ്രവാസി മലയാളികള്‍ക്ക് ഈ കാലഘട്ടത്തില്‍ ഏറ്റവും പ്രിയപ്പെട്ട കായിക വിനോദമായി മാറിക്കൊണ്ടിരിക്കുന്ന വടംവലിയുടെ ഒരു Mini World Cup ന് ഓക്ലാന്റിലെ മനുരേവ നെറ്റ് ബോള്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ മാര്‍ച്ച് 7 നു വേദി ഒരുങ്ങുന്നു. 2009 മെയ് 16ന് സ്ഥാപിതമായ അന്ന് മുതല്‍ വ്യത്യസ്ത മായ പരിപാടികളിലൂടെ പേരും പ്രശസ്തിയും ഓഷിയാനയുടെ മണ്ണില്‍ നേടിയെടുത്ത ക്‌നാനായ കാത്തലിക് അസോസിയേഷന്‍ ഓഫ് ന്യൂസിലാന്റ് സംഘ ടിപ്പിക്കുന്ന പോരാട്ടം സീസണ്‍ 2 കായിക പ്രേമികളെ ആവേശത്തിന്റെ കൊടുമുടിയില്‍ എത്തിക്കും എന്ന കാര്യത്തില്‍ സംശയമില്ല. ഓഷിയാന കണ്ടതില്‍ വച്ച് ഏറ്റവും കൂടുതല്‍ ടീമുകളുടെ പങ്കാളിത്തവും,30000ഇല്‍ പരം ഡോളറിന്റെ സമ്മാനങ്ങളും കൊണ്ട് ശ്രേദ്ധേയമായി മാറിയിരിക്കുന്ന വടംവലി പോരാട്ടത്തിന്റെ മുഖ്യ സ്‌പോണ്‍സര്‍ സബി അലക്‌സിന്റെ ഉടമസ്ഥതതിയിലുള്ള സ്റ്റെഫാനോസ് ഫിനാന്‍ഷ്യല്‍ സൊല്യൂഷന്‍സ് ആണ് .
ചെണ്ടമേളം, മാര്‍ഗംകളി,പോളിനേഷന്‍ ഡാന്‍സ്,ബ്രസീലിയന്‍ ഡാന്‍സ്, സിനിമാറ്റിക് ഡാന്‍സ്, ഗാനമേള തുടങ്ങിയ കലാപരിപാടികളും , കുട്ടികള്‍ക്കായുള്ള കിഡ്സ് കോര്‍ണറും, നാടന്‍ രുചികളുടെ വിശാലമായ ഫുഡ് കോര്‍ട്ടും ഒരുക്കിയിരിക്കുന്നത് വടംവലി മത്സരത്തിന്റര്‍ മാറ്റ് കൂട്ടും. 21 പുരുഷ ടീമും 4വനിതാ ടീമുകളും പങ്കെടുക്കുന്ന മത്സരത്തില്‍ കിങ്സ് ബ്രിസ്ബണ്‍, കൊമ്പന്‍സ് മെല്‍ബണ്‍,പുണ്യാളന്‍സ് ഫ്രാങ്ക്സ്റ്റന്‍ മെല്‍ബണ്‍, കോട്ടയം ബ്രദേഴ്സ് കാനഡ എന്നിവരാണ് വിദേശ ടീമുകള്‍. കേരളക്കരയിലെ വടംവലി കോര്‍ട്ടുകളെ അനുസ്മരിപ്പിക്കുന്ന രീതിയില്‍ കോണ്‍ക്രീറ്റ് സ്ലാബ് കൊണ്ട് നിര്‍മ്മിച്ച് മത്സരം നടത്തുന്നു എന്ന പ്രേത്യേകതയും പോരാട്ടം സീസണ്‍ 2ന് ഉണ്ട്. ന്യൂസിലാന്റ് പോലീസ് -സ്‌പോര്‍ട്‌സ് -എത്നിക് വകുപ്പ്മന്ത്രി ബഹുമാനപ്പെട്ട ശ്രീ മാര്‍ക്ക് മിച്ചല്‍ ഉദ്ഘാടനം ചെയ്യുന്ന വേദിയില്‍ കാര്‍ലോസ് ചാങ് MP, ഇന്ത്യന്‍ കോണ്‍സുലേറ്റ് ജനറല്‍ ബഹു. ശ്രീ.മഥന്‍ മോഹന്‍ സേഥി, മുന്‍ നാഷണല്‍ പാര്‍ട്ടി സ്ഥാനാര്‍ഥി ശ്രീ.ശിവ കിലാരി, ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് ഓഷ്യനാ പ്രസിഡന്റ് ശ്രീ ജോസ് എബ്രഹാം. ക്‌നാനായ കത്തോലിക്ക കോണ്‍ഗ്രസ് നോര്‍ത്ത് അമേരിക്ക റീജിയണല്‍ വൈസ് പ്രസിഡന്റ് സില്‍വസ്റ്റര്‍ സിറിയക് , സെന്റ് മേരീസ് ക്‌നാനായ യാക്കോബായ പള്ളി വികാരി ഫാ. ഷിബിന്‍ എബ്രഹാം എന്നിവര്‍ സന്നിഹിതരായിരിക്കും .
ഓക്ലാന്റിലെ ആര്‍ത്തിരമ്പുന്ന ജനസാഗരത്തിന്റെ നടുവില്‍ മത്സരം നിയന്ത്രിക്കുന്നത് മുന്‍ സന്തോഷ് ട്രോഫി താരവും കായികാധ്യാപകനും ആയ സാജന്‍ കുര്യനും,തത്സമയം കളി പറഞ്ഞു വിവരണങ്ങള്‍ നല്‍കുന്നത് മെല്‍ബണില്‍ നിന്ന് എത്തുന്ന ബെഞ്ചമിന്‍ മേച്ചേരിയുമാണ്.




