1911-ല്‍ സ്ഥാപിതമായ കോട്ടയം രൂപതയുടെ ആസ്ഥാന കേന്ദ്രമായ കോട്ടയം മെത്രാസന മന്ദിരത്തില്‍ ഭാരതത്തിന്റെ രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധി 1925 മാര്‍ച്ച് 15 ന് സന്ദര്‍ശനം നടത്തി അഭിവന്ദ്യ അലക്സാണ്ടര്‍ ചൂളപ്പറമ്പില്‍ പിതാവുമായി അക്കാലത്തെ നവോത്ഥാന പ്രവര്‍ത്തനങ്ങളുള്‍പ്പടെയുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതിന്റെ നൂറാം വാര്‍ഷികം ശനിയാഴ്ച ആചരിക്കുന്നു. വൈക്കം സത്യാഗ്രഹത്തോടനുബന്ധിച്ച് കേരളത്തിലെത്തിയ ഗാന്ധിജി തിരുവിതാംകൂറിന്റെ ജനക്ഷേമപ്രവര്‍ത്തനങ്ങളില്‍ പ്രധാന പങ്കുവഹിച്ചിരുന്ന ചൂളപ്പറമ്പില്‍ പിതാവിനെ അരമനയിലെത്തി സന്ദര്‍ശിച്ചു. സി. രാജാഗോപാലാചാരി, കെ.കെ. കുരുവിള തുടങ്ങിയ പ്രമുഖരും ഗാന്ധിജിക്കൊപ്പമുണ്ടായിരുന്നു. പിന്നോക്കാവസ്ഥയിലുള്ള ജനങ്ങളുടെ ഉന്നമനത്തിനായി ഗാന്ധിജി നടത്തിയ പ്രവര്‍ത്തനങ്ങളെ ബിഷപ്പ് ചൂളപ്പറമ്പില്‍ അഭിനന്ദിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഗാന്ധിജിയുടെ സന്ദര്‍ശനത്തിന്റെ നൂറുവര്‍ഷം തികയുന്ന ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയുടെ മെത്രാസന മന്ദിരത്തില്‍ ഗാന്ധിസ്മൃതിയും അനുസ്മരണ ചടങ്ങും നടക്കും. ഗാന്ധിജിയുടെ അരമന സന്ദര്‍ശനത്തെ അനുസ്മരിച്ച് അക്കാലത്ത് പ്രസിദ്ധീകരിച്ച പത്രക്കുറിപ്പുകളടങ്ങിയ ഗാന്ധിജിയുടെ ഛായാചിത്രം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട് അനാച്ഛാദനം ചെയ്യും. മത-സാമൂഹ്യ-സാംസ്‌ക്കാരിക-രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും.