അതിരൂപതയ്ക്കെതിരെയുള്ള കുപ്രചരണങ്ങള്‍ അവസാനിപ്പിക്കണം : കോട്ടയം അതിരൂപതാ ജാഗ്രതാസമിതി

കോട്ടയം അതിരൂപതാംഗങ്ങളായ ഷൈനിയും അവരുടെ മക്കളായ അലീനയും ഇവാനയും മരണപ്പെട്ടതില്‍ ഏറെ വേദനയും ദുഃഖവും ഉണ്ടെങ്കിലും ഇതിന്റെ മറവില്‍ അതിരൂപതയെ താറടിച്ചു കാണിക്കുന്നതിനുള്ള ശ്രമം അവസാനിപ്പിക്കണമെന്ന് അതിരൂപത ജാഗ്രത സമിതി ആവശ്യപ്പെട്ടു. ഇക്കഴിഞ്ഞ ദിവസങ്ങളില്‍ ഏതാനും ഇടങ്ങളില്‍ നിന്ന് ഇക്കാര്യത്തില്‍ അതിരൂപതയ്ക്ക് വീഴ്ച പറ്റിയെന്ന് ആക്ഷേപിക്കുകയുണ്ടായി. ഈ വിഷയവുമായി ബന്ധപ്പെട്ട് കാരിത്താസ് ആശുപത്രിയും കാരിത്താസ്, ചുങ്കം പള്ളി സംവിധാനങ്ങളും സാധിക്കുന്ന ഇടപെടലുകള്‍ നടത്തിയിട്ടുണ്ട് എന്ന് ആവര്‍ത്തിച്ച് തെളിവുകള്‍ സഹിതം പറഞ്ഞിട്ടുള്ളതാണ്. ഇത് മുഖവിലയ്ക്കെടുക്കാതെ യാതൊരു അടിസ്ഥാനവുമില്ലാതെ അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. ഇത് കോട്ടയം അതിരൂപതയെയും ക്നാനായ സമുദായത്തെയും പൊതുസമൂഹത്തില്‍ അപകീര്‍ത്തിപ്പെടുത്താനുള്ള ആസൂത്രിത ശ്രമത്തിന്റെ ഭാഗമാണെന്ന് ഞങ്ങള്‍ സംശയിക്കുന്നു. അതിനാല്‍ സമുദായത്തെ നെഞ്ചിലേറ്റുന്ന ക്നാനായ മക്കള്‍ ഈ നശീകരണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മുന്നോട്ടുവരണമെന്നും ഇത്തരം പ്രവണതകള്‍ക്കെതിരെ ശക്തമായി പ്രതികരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും ജാഗ്രത സമിതി വിലയിരുത്തി. ഷൈനിയുടെയും മക്കളുടെയും മരണവുമായി ബന്ധപ്പെട്ട സത്യാവസ്ഥകള്‍ പൊതുജനം മനസ്സിലാക്കിത്തുടങ്ങിയപ്പോള്‍ അഭയ കേസില്‍ അതിരൂപത, കോടിക്കണക്കിന് രൂപ ചെലവാക്കി എന്നുള്ള മറ്റൊരു ആരോപണവുമായി ഇക്കൂട്ടര്‍ ഇറങ്ങിത്തിരിച്ചിരിക്കുകയാണ്. ഈ കേസില്‍പ്പെട്ടവര്‍ക്ക് ധാര്‍മികമായ പിന്തുണ കൊടുത്തതല്ലാതെ സാമ്പത്തികമായ ഒരു ഇടപാടും അതിരൂപത ഇക്കാര്യത്തില്‍ നടത്തിയിട്ടില്ല. ഈ കേസില്‍പ്പെട്ട ഒരാളുടെ കുടുംബം അദ്ദേഹത്തിന്റെ കേസുകള്‍ നടത്തുകയും മറ്റു രണ്ടു പേരുടെയും കേസുകള്‍ അവര്‍ പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രിഗേഷനുകളാണ് നടത്തിയിട്ടുള്ളത്. ഇക്കാര്യങ്ങളൊക്കെ അതിരൂപത അധികൃതര്‍ കൃത്യമായി പലപ്രാവശ്യം വ്യക്തമാക്കിയിട്ടുള്ളതാണ്. വസ്തുത ഇതായിരിക്കെ എന്ത് തെളിവിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉന്നയിക്കുന്നത് എന്ന് അവര്‍ വ്യക്തമാക്കണം.ഇത്തരത്തിലുള്ള പ്രസ്താവനകള്‍ പിന്‍വലിക്കാനും ആവര്‍ത്തിക്കാതിരിക്കാനും ഇക്കൂട്ടര്‍ തയ്യാറാകണമെന്നും ജാഗ്രത സമിതി ആവശ്യപ്പെടുന്നു. അല്ലാത്തപക്ഷം നിയമനടപടികളുമായി മുന്നോട്ടു പോകേണ്ടിവരുമെന്നും ജാഗ്രതാസമിതി അറിയിക്കുന്നു.

അതിരൂപതാ ജാഗ്രതാ സമിതി
കോട്ടയം അതിരൂപത

 

 

Previous Post

എം.സി കുര്യാക്കോസ് കര്‍ഷക കോണ്‍ഗ്രസ് കോട്ടയം ജില്ല വൈസ് പ്രസിഡന്‍റ്

Next Post

ഗാന്ധിജിയുടെ കോട്ടയം അരമന സന്ദര്‍ശനത്തിന്റെ നൂറാം വാര്‍ഷികം ശനിയാഴ്ച

Total
0
Share
error: Content is protected !!