കേരളത്തിലെ സഹകരണ ബാങ്കുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും വിവാദങ്ങളും കേരളത്തിനു പുത്തരിയല്ല. കരുവന്നൂര്‍ അടക്കമുള്ള സഹകരണ ബാങ്കുകളിലെ തട്ടിപ്പ് കേരളത്തില്‍ ചര്‍ച്ചയായിരുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഭരിക്കുന്ന ബാങ്കുകളില്‍ ഇത്തരത്തിലുള്ള തട്ടിപ്പുകളും അഴിമതികളും കാലാകാലങ്ങളില്‍ പുറത്തു വരുന്നതുകൊണ്ട് അന്യോന്യം വിമര്‍ശിക്കുന്നതിനും ന്യായീകരണങ്ങള്‍ കണ്ടെത്തുന്നതിനും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് എളുപ്പമാണ്. എന്നാല്‍ പണം നഷ്ടപ്പെടുന്ന സാധാരണക്കാരന് ഇത്തരത്തില്‍ പരസ്പരം പഴിചാരിയതുകൊണ്ടോ കുറ്റപ്പെടുത്തുന്നതുകൊണ്ടോ നഷ്ടപ്പെട്ട പണത്തിനു പകരമാകുന്നില്ല. സഹകരണ പ്രസ്ഥാനത്തില്‍ നിക്ഷേപിച്ച പണം ലഭിക്കാതെ വന്നതുകൊണ്ട് അടുത്ത കാലത്താണ് ഒരാള്‍ കൂടി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ മാസം അവസാനം വയനാട്ടിലെ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ ട്രഷറര്‍ എന്‍.എം. വിജയനും മകന് ജിജേഷും വിഷം ഉള്ളില്‍ ചെന്നു മരിച്ചുവെന്ന വാര്‍ത്ത തുടക്കം മുതലേ ദുരൂഹത ഉണര്‍ത്തുന്നതായിരുന്നു. നാലഞ്ചു ദശാബ്ദങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്കുവേണ്ടി പ്രവര്‍ത്തിക്കുകയും നിലകൊള്ളുകയും ചെയ്ത പാര്‍ട്ടിയുടെ ജില്ലയിലെ നേതാവിനും ഭിന്നശേഷിക്കാരനെന്നു പറയപ്പെടുന്ന മകനും വിഷം കഴിച്ചു മരിക്കാനുണ്ടായ സാഹചര്യത്തിലേക്കു വിരല്‍ ചൂണ്ടുന്ന എന്‍. എം. വിജയന്റെ കത്ത് പുറത്തു വന്നിട്ടുണ്ട്. കത്തിലെ പരാമര്‍ശങ്ങള്‍ കോണ്‍ഗ്രസ് പാര്‍ട്ടിക്ക് ഒട്ടും ആശാസ്യകരമല്ലെന്നു മാത്രമല്ല കോണ്‍ഗ്രസ് പാര്‍ട്ടിയെ പ്രതിരോധത്തില്‍ ആക്കുന്നതുമാണ്. ജില്ലയിലെ ചില സഹകരണ ബാങ്കുകളുടെ പേരില്‍ നടന്ന സാമ്പത്തിക ഇടപാടുകള്‍ ഇതിനു പിന്നിലുണ്ടെന്നു നേരത്തേ ആരോപണമുണ്ടായിരുന്നു. ഈ ആരോപണങ്ങളെ ഏറെക്കുറെ സാധൂകരിക്കുന്ന തരത്തിലാണ് കഴിഞ്ഞ ദിവസം അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ പുറത്തുവിട്ട കുറിപ്പ്. വയനാട്ടിലെ ചില കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ അതിശക്തമായിട്ടുള്ള ആരോപണങ്ങള്‍ കത്തിലുണ്ട്. കേരളത്തിലെ സഹകരണ മേഖലയില്‍ നടമാടുന്ന അധാര്‍മ്മികതയാണ് ഇതിലൂടെ ഒരു പരിധി വരെ അനാച്ഛാദനം ചെയ്യപ്പെടുന്നത്.
ബി.ജെ.പി ഭരിച്ചുകൊണ്ടിരുന്ന ബത്തേരി സര്‍വീസ് സഹകരണ ബാങ്കിന്റെ ഭരണം ബാങ്കില്‍നിന്നും പിടിച്ചെടുക്കുന്നതിനുവേണ്ടി 2013-ല്‍ കോണ്‍ഗ്രസ് നേതാക്കള്‍ 32 ലക്ഷം രൂപ ചെലവാക്കിയെന്നും ഈ തുക പിന്നീട് ബാങ്കിലെ നിയമനങ്ങള്‍ വഴി കണ്ടെത്താമെന്ന് പാര്‍ട്ടിയില്‍ ധാരണ ഉണ്ടായിരുന്നു എന്നുമുള്ള എന്‍. എം. വിജയന് കുറിപ്പിലെ സൂചന ഞെട്ടലുളവാക്കുന്നതാണ്. ഈ ധാരണ ഡി.സി.സി പ്രസിഡന്റ് കെ. എല്‍. പൗലോസിന്റെയും ഡി.സി.സി നേതൃത്വത്തിന്റെയും അറിവോടെയായിരുന്നു എന്നു പറയപ്പെടുന്നു. എന്നാല്‍ ബാങ്ക് ബി.ജെ.പി പിടിച്ചെടുത്തതോടെ എല്ലാ ബാധ്യതയും ജില്ലാ കോണ്‍ഗ്രസ് ട്രഷറര്‍ എന്‍. എം. വിജയന്റെ തോളിലായി എന്നതാണ് ആക്ഷേപം. ബത്തേരി അര്‍ബന്‍ ബാങ്കിനിന്ന് 32 ലക്ഷം വായ്പയെടുത്ത് വീട്ടിയെങ്കിലും അതിപ്പോള്‍ 62 ലക്ഷം രൂപയുടെ ബാധ്യതയായി മാറി എന്നാണ് എന്‍. എം വിജയന് എഴുതിയ കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്. ഈ രീതിയില്‍ ഇദ്ദേഹത്തിനു വിവിധ ബാങ്കുകളില്‍ രണ്ടേകാല്‍ കോടിയോളം രൂപയുടെ ബാധ്യതയുണ്ടെന്ന് അദ്ദേഹത്തിന്റെ മകന് വിജേഷ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തി. ബത്തേരി അര്‍ബന്‍ ബാങ്കില്‍ ജോലി വാഗ്ദാനം ചെയ്ത് ഐ. സി ബാലകൃഷ്ണന് എം.എല്‍.എ 7 ലക്ഷം രൂപ വാങ്ങിയെന്നും ഡി.സി.സി പ്രസിഡന്റ് അപ്പച്ചന് പത്തു ലക്ഷം വാങ്ങിയെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുള്ളതായി പറയപ്പെടുന്നു. അപ്പച്ചന് വാങ്ങിയ തുകയ്ക്ക് തന്റെ പേരിലാണ് ചെക്ക് നല്‍കിയതെന്നും പണയാധാരമായി കാണിച്ചത് തന്റെ സ്ഥലമാണെന്നും വിജയന് കുറിപ്പില്‍ എഴുതിയിട്ടുണ്ട്. വിജയന്റെയും മകന്റെയും മരണത്തില്‍ പോലീസ് അസ്വാഭാവിക മരണത്തിനും ആത്മഹത്യ പ്രേരണക്കും കുറിപ്പില്‍ പറഞ്ഞ കാര്യങ്ങളുടെ നിജസ്ഥിതി അന്വേഷിക്കാന്‍ വിജിലന്‍സ് അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാമ്പത്തിക വിഷയം പാര്‍ട്ടിയെ നേരത്തേ അറിയിച്ചതാണെന്നും ക്രിയാത്മകമായ നടപടികള്‍ ഉണ്ടായില്ലെന്നും ആരോപിക്കുന്നു. അതിനേക്കാള്‍ ഗൗരവമേറിയതാണ് അച്ഛന്റെ മരണത്തിനു കാരണം കുടുംബ പ്രശ്നമാണെന്നു വരുത്താന്‍ കോണ്‍ഗ്രസ് നേതാക്കളുടെ ഭാഗത്തുനിന്നു സമ്മര്‍ദ്ദമുണ്ടായെന്ന വിജയന്റെ മകന് വിജേഷിന്റെ ആരോപണം. ആത്മഹത്യ കുറിപ്പ് കെ.പി.സി.സി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും നല്കി പത്തു ദിവസമായിട്ടും മേല്‍നടപടികള്‍ ഉണ്ടാകാത്തതിനാലാണ് കുടുംബം കഴിഞ്ഞ ദിവസം അതു മാധ്യമങ്ങള്‍ക്കു നല്‍കിയത്. വിജയന് തന്നെയാണ് ഈ കുറിപ്പില്‍ സമയപരിധി നിശ്ചയിച്ചതെന്നുമാണ് കുടുംബം പറയുന്നത്. വിജയന്റെയും മകന്റെയും മരണത്തോടെ കോണ്‍ഗ്രസ് നേതൃത്വം വെട്ടിലായിരിക്കുകയാണ്. വയനാട്ടില്‍ മാത്രമല്ല കേരളത്തിലങ്ങോളമിങ്ങോളം സഹകരണ ബാങ്കുകളില്‍ രാഷ്ട്രീയക്കാര്‍ നടത്തുന്ന വെട്ടിപ്പും തട്ടിപ്പും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. നാളുകളായി ഉള്ളതാണ്. അതു നാളെയും തുടരാത്ത സാഹചര്യമാണ് ഇനി ഉണ്ടാകേണ്ടതും ഉണ്ടാക്കേണ്ടതും. രാഷ്ട്രിയകാര്ക്ക് അധികാരം ഉറപ്പിക്കാനും അനധികൃതമായി പണം ഉണ്ടാക്കാനുമുള്ള സ്ഥാപനമായി സഹകരണ ബാങ്കുകള്‍ മാറിക്കൂടാ. സംസ്ഥാനത്തിന്റെ സാമ്പത്തിക മേഖലയ്ക്ക് ഊടുംപാവും നല്കുന്ന സഹകരണ മേഖലയെ തകര്‍ക്കുന്ന ഇത്തരം അധാര്‍മ്മിക പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിച്ചേ മതിയാവൂ. സഹകരണ ബാങ്കുകളിലെ നിയമനം പി.എസ്.സി വഴിയോ അതുപോലെ ഏതെങ്കിലുമൊരു സംവിധാനത്തിലൂടെയൊ നടപ്പാക്കിയാല്‍ കുറെയൊക്കെ അഴിമതി തടയാനാകുമെന്നാണ് സാധാരണക്കാരുടെ പ്രതീക്ഷ. സുതാര്യത ഉറപ്പുവരുത്തികൊണ്ട് ഗവണ്മെന്റിനു മാത്രമാണ് ആ പ്രതീക്ഷ പൂവണിയിക്കാന്‍ സാധിക്കുക.
റവ. ഡോ. മാത്യു കുരിയത്തറ