രാജപുരം : ഐഎഎസ് നേടുവാനുള്ള സ്വപ്നം തേടിയുള്ള യാത്രയില്‍ പത്രവായന നടത്തി , പഠിച്ച് , ഓണ്‍ലൈന്‍ കോച്ചിംഗ് സ്ഥാപനം നടത്തി സ്വന്തമായി കാര്‍ വാങ്ങുകയും, വരുമാനം ആര്‍ജിക്കുകയും ചെയ്ത രാജപുരം കോളേജ് മൂന്നാം വര്‍ഷ മൈക്രോബയോളജി വിദ്യാര്‍ത്ഥി സായൂജ് എസ് ചന്ദ്രന് ഒരു ലക്ഷം രൂപയുടെ സീഡ് ഫണ്ട് കണ്ണൂര്‍ സര്‍വ്വകലാശാല ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ ഫൗണ്ടേഷന്‍ നല്‍കുവാന്‍ തീരുമാനിച്ചു . ഫൗണ്ടേഷന്റെ ഇന്‍കുബേറ്റര്‍ ആയി സായൂജ് രജിസ്റ്റര്‍ ചെയ്തിരുന്നു . ഒരു വിദ്യാര്‍ത്ഥി സംരംഭകന്‍ എന്നുള്ള നിലയിലും , പ്രചോദനാത്മകമായ സംരംഭം എന്ന നിലയിലും വളരെ പ്രതീക്ഷയുള്ള ഒരു ആശയം ആയതിനാല്‍ ആണ് പ്രസ്തുത ഇന്‍കുബേറ്റര്‍ സീഡ് ഫണ്ട് സായൂജിന് ലഭിച്ചത് . വിദ്യാര്‍ത്ഥി ജീവിതം മാതൃകാപരമായ , ജീവിത വിജയത്തിന് ഉതകുന്ന സ്വയം വികസിപ്പിച്ചെടുത്ത പ്രായോഗിക സമീപനത്തിലൂടെ അഭിമാനകരമാക്കി മാറ്റിയ സായൂജന് കോളേജ് പ്രിന്‍സിപ്പല്‍ ഡോ.ബിജു ജോസഫ് ഭാവുകങ്ങള്‍ നേര്‍ന്നു. പഠനത്തോടൊപ്പം നൂതനമായ ഒരു സംരംഭം ലക്ഷ്യാധിഷ്ഠിതമായി പ്രാവര്‍ത്തികമാക്കിയ സായൂജ് മൈക്രോബയോളജി ഡിപ്പാര്‍ട്ട്‌മെന്റിന് പുതിയൊരു ദിശാബോധമാണ് നല്‍കുന്നത് എന്ന് വകുപ്പ് മേധാവി ഡോ.വിനോദ് എന്‍ വി അഭിപ്രായപ്പെട്ടു .
പത്രം വായിച്ച് ആനുകാലികമായ ആശയങ്ങള്‍ പ്രസന്റേഷന്‍ രൂപത്തില്‍ സുഹൃത്തുക്കള്‍ക്ക് അവതരിപ്പിക്കുന്ന ആശയമാണ് പിന്നീട് ബിസിനസിന്റെ രൂപത്തില്‍ സായൂജ് മാറ്റിയെടുത്തത് . പകല്‍ സമയങ്ങളില്‍ വായിച്ചെടുക്കുന്ന കാര്യങ്ങള്‍ വൈകുന്നേരം 6 മണിക്ക് ശേഷം പ്രസന്റേഷന്‍ രൂപത്തില്‍ ആക്കുകയും എട്ടുമണിക്ക് ശേഷം ഓണ്‍ലൈനായി വിദ്യാര്‍ത്ഥികള്‍ക്കായി ക്ലാസ് എടുത്ത് പഠിപ്പിക്കുകയും ചെയ്യുന്നതോടെ താന്‍ പഠിച്ച കാര്യങ്ങള്‍ ഒരിക്കലും മറക്കില്ലാത്ത തലത്തിലേക്ക് ഉയരും എന്നുള്ള ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് സായൂജ് സംരംഭം ആരംഭിച്ചത് . വളരെ വേഗം പ്രചാരത്തില്‍ എത്തിയ സായൂജന്റെ കോച്ചിംഗ് സ്ഥാപനം വരുമാനത്തിന്റെ കാര്യത്തില്‍ കുതിച്ചുചാട്ടം നടത്തിയപ്പോള്‍ ആണ് കണ്ണൂര്‍ സര്‍വ്വകലാശാല ഇന്നവേഷന്‍ ആന്‍ഡ് ഇന്‍കുബേഷന്‍ ഫൗണ്ടേഷനില്‍ വിദ്യാര്‍ത്ഥി സംരംഭകനായി രജിസ്റ്റര്‍ ചെയ്യുവാന്‍ അപേക്ഷ നല്‍കിയത് . രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയായ ഉടന്‍തന്നെ പ്രസ്തുത സംരംഭക ആശയത്തിന്റെ ആഴം മനസ്സിലാക്കി ഫൗണ്ടേഷന്‍ സായൂജിന് ഒരു ലക്ഷം രൂപ സീഡ് ഫണ്ട് ആയി നല്‍കുവാന്‍ തീരുമാനിക്കുകയായിരുന്നു . വിദ്യാര്‍ഥി സംരംഭകര്‍ക്കും , സമൂഹത്തിനും വലിയൊരു പ്രചോദനമായി ഇത് മാറുമെന്ന് വിലയിരുത്തപ്പെടുന്നു . കാസര്‍ഗോഡ് ചെര്‍ക്കള സ്വദേശിയായ സായൂജ് വിമുക്തഭടനായ പി ചന്ദ്രന്റെയും , സതി ചന്ദ്രന്റെയും മകനാണ് . സഹോദരി സാന്ദ്ര ചന്ദ്രന്‍ കിംസ് മെഡിക്കല്‍ കോളേജില്‍ ലക്ചറര്‍ ആണ്.