പ്രത്യാശയില്‍ അധിഷ്ഠിതമായ ജീവിതശൈലിയാണ് ക്രൈസ്തവ വിശ്വാസത്തിന്റെ തനിമയെന്ന് കോട്ടയം അതിരൂപതാ മെത്രാപ്പോലീത്ത മാര്‍ മാത്യു മൂലക്കാട്ട്. കോട്ടയം അതിരൂപതയുടെ പ്രാര്‍ത്ഥനാലയമായ കോതനല്ലൂര്‍ തൂവാനിസ ധ്യാനകേന്ദ്രത്തില്‍ നടത്തപ്പെട്ട 21-ാമത് ബൈബിള്‍ കണ്‍വന്‍ഷന്റെ സമാപനദിനത്തില്‍ വചനസന്ദേശം നല്കി സംസാരിക്കുകയായിരുന്നു അദ്ദേഹം. മംഗളവാര്‍ത്താലത്തിന്റെ ചൈതന്യത്തില്‍ എളിമയോടെ മുന്‍പോട്ടു പോകുമ്പോഴാണ് ജൂബിലിവര്‍ഷം യഥാര്‍ത്ഥത്തില്‍ ആഘോഷിക്കപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ‘പ്രത്യാശയുടെ തീര്‍ത്ഥാടകരാകുക’ എന്നതായിരുന്നു ഈ വര്‍ഷത്തെ ബൈബിള്‍ കണ്‍വന്‍ഷന്റെ പ്രമേയം. ഫാ. ജിസണ്‍പോള്‍ വേങ്ങാശ്ശേരി നാലുദിവസത്തെ വചന ശുശ്രൂഷകള്‍ക്കു നേതൃത്വം നല്കി. മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന വി.കുര്‍ബാനയില്‍ വിവിധ ഫൊറോനകളിലെ വൈദികര്‍ സഹകാര്‍മ്മികരായിരുന്നു. ദിവ്യകാരുണ്യ പ്രദക്ഷിണത്തിനുശേഷം അതിരൂപതാ സഹായമെത്രാന്‍ ഗീവര്‍ഗീസ് മാര്‍ അപ്രേം സമാപനാശീര്‍വ്വാദം നല്‍കി. കോട്ടയം അതിരൂപത കരിസ്മാറ്റിക് കമ്മീഷന്റെ നേതൃത്വത്തില്‍ അതിരൂപതയിലെ വിവിധ കമ്മീഷനുകളുടെയും ഇടവകകളുടേയും സംഘടനകളുടേയും പങ്കാളിത്തത്തോടെ സംഘടിപ്പിച്ച കണ്‍വന്‍ഷനില്‍ നൂറുകണക്കിനാളുകള്‍ പങ്കെടുത്തു.