ജൂബിലി ആഘോഷങ്ങളുടെ നിറവില്‍ ആയിരിക്കുന്ന അരീക്കര സെന്റ്. റോക്കീസ് ഇടവക ദേവാലയത്തിലെ ശതോത്തര രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി 125 ഫലവൃക്ഷത്തൈകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് വിതരണം ചെയ്തു.
പരിപാടിയുടെ ഉദ്ഘാടനം അരീക്കരപ്പള്ളി ഇടവക വികാരി ഫാ. സ്റ്റാനി ഇടത്തിപറമ്പില്‍ വിദ്യാര്‍ത്ഥി പ്രതിനിധി ജോയല്‍ ജിബിക്ക് തേന്‍വരിക്ക പ്ലാവിന്റെ തൈ നല്‍കിക്കൊണ്ട് നിര്‍വഹിച്ചു.
പ്രകൃതിയിലുള്ള വിവിധ ഫലങ്ങള്‍ നമുക്ക് മധുരവും, ഉന്മേഷവും, ആരോഗ്യവും പ്രദാനം ചെയ്യുന്നതു പോലെ വിദ്യാര്‍ത്ഥികള്‍ മനുഷ്യസ്നേഹത്തിന്റെയും സമൂഹ നന്മയുടെയും ഫലങ്ങള്‍ പുറപ്പെടുവിക്കുന്നവര്‍ ആകണമെന്ന് വികാരിയച്ചന് കുട്ടികള്‍ക്ക് സന്ദേശം നല്കി.
ജൂബിലി ആഘോഷങ്ങളുടെ സന്ദേശം കുരുന്ന ഹൃദയങ്ങളിലേക്ക് എത്തിക്കുന്നതിനും, അരീക്കരയുടെ പൈതൃകമായ കൃഷിപാരമ്പര്യം ഓര്‍മ്മപ്പെടുത്തുന്നതിനും, കുട്ടികളില്‍ കൃഷി ശീലങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും പരിപാടി സഹായകരമായി എന്ന് എക്സിക്യൂട്ടീവ് കമ്മിറ്റിക്ക് വേണ്ടി കണ്‍വീനര്‍ ജിനോ തോമസ് പറഞ്ഞു.
വിദ്യാര്‍ത്ഥികള്‍ക്ക് നല്കിയ ഫലവൃക്ഷത്തൈകളില്‍, പേര, സപ്പോര്‍ട്ട, പപ്പായ, മള്‍ബറി, മുള്ളാത്ത, ബറാബ, മാവ്, പ്ലാവ്, ആത്ത, മിറക്കിള്‍ ഫ്രൂട്ട്, ചെറി, ഏത്ത, പൂവന്, ഞാലിപ്പൂവന്, റോബസ്റ്റ വാഴ വിത്തുകള്‍, എന്നിവയും ഉള്‍പ്പെടുന്നു.
ജൂബിലി ആഘോഷ എക്സിക്യൂട്ടീവ് കമ്മിറ്റി വൈസ് ചെയര്മാന് ഫാദര്‍ വിന്സെന്ഡ് പുളിവേലില്‍, സ്റ്റിമി വില്‍സണ്‍, ആഘോഷ കമ്മിറ്റി കണ്‍വീനര്‍മാര്‍, കമ്മിറ്റി അംഗങ്ങള്‍, സണ്‍ഡേ സ്കൂള്‍ പ്രിന്‍സിപ്പാള്‍ ജോസ് പാണ്ടിയാംകുന്നേല്‍, മതാധ്യാപകര്‍, മാതാപിതാക്കള്‍, വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്കി.