കോട്ടയം- ബി.സി.എം കോളേജിന്റെ സപ്തതിയാഘോഷങ്ങളുടെ ഭാഗമായി ഓട്ടോറിക്ഷാ തൊഴിലാളികള്‍ അടക്കമുള്ള തൊഴിലാളികള്‍ക്ക് യു.പി.ഐ മുഖേന പണം സ്വീകരിക്കുന്നതിനുള്ള ‘ക്യൂ.ആര്‍.കോഡ് കാര്‍ഡ്’ സൗജന്യമായി നല്‍കുന്ന ‘ബി.സി.എം ഇ-പേ ഡ്രൈവ്’ കോട്ടയം കളക്ടര്‍ ജോണ്‍ വി സാമൂവല്‍ ഉദ്ഘാടനം ചെയ്തു. കോളേജിന്റെ നടുമുറ്റത്ത് നടന്ന സമ്മേളനത്തില്‍ മാനേജര്‍ റവ. ഫാ അബ്രഹാം പറമ്പേട്ട് ആധ്യക്ഷ്യം വഹിച്ചു. സാധാരണക്കാരിലേയ്ക്ക് ഡിജിറ്റല്‍ പേമെന്റ് രീതി പ്രചരിപ്പിക്കുക എന്ന ലക്ഷ്യമാണ് ഈ പദ്ധതിക്ക് അടിസ്ഥാനം. അറിവ് പ്രായോഗികമാക്കാനും സാധാരണക്കാരില്‍ സാധാരണക്കാരിലേയ്ക്ക് എത്തിക്കാനും കഴിയുമ്പോളാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം അതിന്റെ ലക്ഷ്യത്തിലേയ്ക്ക് അടുക്കുന്നതെന്ന് ഉദ്ഘാടനസന്ദേശത്തില്‍ കളക്ടര്‍ പറഞ്ഞു. ബാങ്കിംഗ് ഉള്‍പ്പെടെയുള്ള മേഖലകള്‍ കറന്‍സിരഹിത ഡിജിറ്റല്‍ വ്യവസ്ഥയിലേയ്ക്ക് മാറുന്ന ഭാരതത്തിന്റെ ഈ വളര്‍ച്ചയുടെ ഘട്ടത്തില്‍ ഓട്ടോറിക്ഷ ഡ്രൈവര്‍മാര്‍ അടക്കമുള്ളവര്‍ക്കും അവരെ സ്ഥിരമായി ആശ്രയിക്കുന്ന സാധാരണക്കാര്‍ക്കും ഗുണകരമായ കോളേജിന്റെ ഈ പദ്ധതി ഏറെ പ്രശംസനനീയമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ചില്ലറയില്ലന്ന പരാതിയും അതിന്റെ ഭാഗമായുള്ള മാനസിക ബുദ്ധിമുട്ടുകളും ഒഴിവാക്കാനും ലഭിക്കുന്ന പണം ബാങ്ക് അക്കൗണ്ടിലേയ്ക്ക് എത്തുന്നതിലൂടെ ലഘു സമ്പാദ്യത്തിനും ഈ പദ്ധതി സഹായകരമാകുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തില്‍ ഫാ അബ്രഹാം പറമ്പേട്ട് പറഞ്ഞു. എ.ടി.എം കാര്‍ഡിന്റെ മാതൃകയിലുള്ള ഇ-പേ കാര്‍ഡ് ആവശ്യപ്പെട്ട എല്ലാ ഡ്രൈവര്‍മാര്‍ക്കും ചടങ്ങില്‍ കളക്ടര്‍ വിതരണം ചെയ്തു. കണ്‍വീനര്‍ ശ്രീ അനില്‍ സ്റ്റീഫന്‍ പദ്ധതിയെ പരിചയപ്പെടുത്തി. പ്രിന്‍സിപ്പാള്‍ ഡോ. സ്റ്റിഫി തോമസ്, ബര്‍സാര്‍ ഫാ ഫില്‍മോന്‍ കളത്ര, ഡോ. രേഷ്മ റേച്ച്ല്‍ കുരുവിള എന്നിവര്‍ സംസാരിച്ചു. അദ്ധ്യാപകരും അനദ്ധ്യാപകരും വിദ്യാര്‍ത്ഥികളും, ഓട്ടോറിക്ഷാ തൊഴിലാളികളും ഉല്‍പ്പെടെ നിരവധി പേര്‍ സമ്മേളനത്തിന്റെ ഭാഗമായി.