ചിക്കാഗോ: ചെറുപുഷ്പ മിഷന്‍ ലീഗ് സംഘടനയുടെ ആഭിമുഖ്യത്തില്‍ രൂപത അടിസ്ഥാനത്തില്‍ ആരംഭിച്ചിരിക്കുന്ന ബൈബിള്‍ റീഡിങ് ചലഞ്ചിന് ചിക്കാഗോ സെന്റ് മേരീസ് ദേവാലയത്തില്‍ തുടക്കം കുറിച്ചു. ദൈവത്തെക്കുറിച്ചുള്ള ആഴത്തിലുള്ള അറിവും, ദൈവം ആഗ്രഹിക്കുന്ന ഒരു ജീവിതം എങ്ങനെ ജീവിക്കണം എന്നതിനെക്കുറിച്ചുള്ള
മാര്‍ഗ്ഗ നിര്‍ദ്ദേശവും ബൈബിള്‍ പാരായണത്തിലൂടെ കുട്ടികളില്‍ ജനിപ്പിച്ചെടുക്കുക എന്നുള്ള ഉദ്ദേശത്തോടുകൂടിയാണ് ബൈബിള്‍ റീഡിങ് ചലഞ്ച് മതബോധന സ്‌കൂളില്‍ ആരംഭിച്ചിരിക്കുന്നത്. നാലു മുതല്‍ 10 വരെയുള്ള ക്ലാസുകളിലെ കുട്ടികളെയാണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഈ സംരംഭത്തിന്റെ പ്രാരംഭമായി പുതിയ നിയമത്തിന്റെ 27 പുസ്തകങ്ങളാണ് ആദ്യഘട്ടത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ഈ നവംബര്‍ മാസത്തില്‍ തുടങ്ങി മുടക്കാതെ ഏപ്രില്‍ മാസം വരെ ആറുമാസംകൊണ്ട് പുതിയ നിയമം മുഴുവന്‍ വായിച്ചുപൂര്‍ത്തീകരിക്കത്തക്ക രീതിയിലാണ്
ഈ സംരംഭം ക്രമീകരിച്ചിരിക്കുന്നത്. മാതാപിതാക്കളുടെയും മത അധ്യാപകരുടെയും മേല്‍നോട്ടത്തില്‍ ഓരോ ദിവസവും പുതിയ നിയമത്തിലെ ഓരോ അധ്യായങ്ങള്‍ വായിച്ച് മാസാവസാനം കുട്ടികള്‍ അവരവരുടെ മത അധ്യാപകരെ ഏല്‍പ്പിക്കുന്ന രീതിയില്‍ ഒരു Reading Log ഇതിനായി പ്രത്യേകം സജ്ജമാക്കിയിട്ടുണ്ട്.
റീഡിങ് ലോഗില്‍ രേഖപ്പെടുത്തിയിരിക്കുന്നത് പോലെ ഓരോ ദിവസവും അതാത് ബൈബിള്‍ ഭാഗങ്ങള്‍ വായിച്ച് ആറുമാസം കൊണ്ട് ബൈബിള്‍ പാരായണം പൂര്‍ത്തീകരിക്കുന്ന എല്ലാ കുട്ടികള്‍ക്കും ഇടവക തലത്തിലും രൂപതാ തലത്തിലും അനുമോദന സര്‍ട്ടിഫിക്കറ്റുകളും വളരെ ആകര്‍ഷികമായ സമ്മാനങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
നവംബര്‍ 3 ഞായറാഴ്ച മതബോധന സ്‌കൂളിലെ നാല് മുതല്‍ 10 വരെയുള്ള എല്ലാ ക്ലാസിലെയും മതാധ്യാപകര്‍ കുട്ടികള്‍ക്ക് ഈ ബൈബിള്‍ റീഡിങ് ചലഞ്ചിനെ പറ്റി കൂടുതല്‍ വിശദീകരിച്ചു പറയുകയും അതില്‍ പങ്കുചേരുവാന്‍ പ്രത്യേകം കുട്ടികളോ ആഹ്വാനം ചെയ്യുകയും ചെയ്തു . അതേത്തുടര്‍ന്ന് ഇതിനായി സജ്ജമാക്കിയിരിക്കുന്ന reading log എല്ലാ കുട്ടികള്‍ക്കും വിതരണം ചെയ്യുകയും ചെയ്തു.
ഇടവകയിലെ മിഷന്‍ ലീഗ് യൂണിറ്റിന്റെ പ്രസിഡന്റ് Azriel Valathattu കുട്ടികളുടെ വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം ഈ ബൈബിള്‍ റീഡിങ് ചലഞ്ചിനെ പറ്റി എല്ലാ കുട്ടികളോടും ചെറിയൊരു വിശദീകരണം കൊടുക്കുകയും എല്ലാ കുട്ടികളോടും ഇതില്‍ പങ്കുചേരുവാന്‍ പ്രത്യേകം ആഹ്വാനം ചെയ്യുകയും ചെയ്തു.
ദൈവസ്‌നേഹം കൂടുതല്‍ ആഴത്തില്‍ അനുഭവിക്കുന്നതിനും ദൈവത്തെ കൂടുതല്‍ അടുത്തറിയുവാന്‍ ഉപകരിക്കുന്ന ദിവസേനയുള്ള ഈ ബൈബിള്‍ പാരായണത്തില്‍ കുട്ടികളെ തീര്‍ച്ചയായും പങ്കുകാരാക്കുവാന്‍ മാതാപിതാക്കള്‍ പ്രത്യേകം ശ്രദ്ധിക്കണം എന്ന് ഇടവക വികാരി ഫാ. സിജു മുടക്കോടിയില്‍ വിശുദ്ധ കുര്‍ബാന മദ്ധ്യേ മാതാപിതാക്കളെ ഉദ്‌ബോധിപ്പിച്ചു.
മതബോധന സ്‌കൂള്‍ ഡയറക്ടര്‍ സജി പൂതൃക്കയില്‍ , ഇടവകയിലെ സി എം എല്‍ യൂണിറ്റ് ഡയറക്ടേഴ്‌സ് ആയ സിസ്റ്റര്‍ ജസീന, ജോജോ അനാലില്‍ ബിബി നെടുംതുരുത്തി പുത്തന്‍പുരയില്‍ ,സൂര്യ കരിക്കുളം , ഇടവകയിലെ മത അധ്യാപകര്‍ എന്നിവര്‍ ഈ സംരംഭത്തിന്റെ വിജയത്തിനായി വേണ്ടുന്ന എല്ലാ ക്രമീകരണങ്ങളും നടത്തിക്കൊണ്ടു പോരുന്നു.