പ്രിയപ്പെട്ട ക്‌നാനായ കത്തോലിക്കാ സഹോദരങ്ങളെ,
കോട്ടയം അതിരൂപത അത്മായ സംഘടനകളുടെ സംയുക്ത കേന്ദ്ര എക്‌സിക്യൂട്ടീവ്യോഗത്തോട്, നീണ്ടൂരില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സഭാ-സമുദായ നേതാക്കളെ അപമാനിക്കുന്ന വിധത്തിലേക്ക് വളര്‍ന്നതും, ആ ഇടവക ജനങ്ങള്‍ക്കിടയില്‍ വിഭാഗീയത സൃഷ്ടിക്കുന്നതുമായ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇടപെടണമെന്ന, നീണ്ടൂര്‍ ഇടവകയിലെ അത്മായസംഘടനകളുടെ കത്തിന്റെ അടിസ്ഥാനത്തിലാണ്, അതിരൂപതാംഗങ്ങളുടെയും പ്രത്യേകിച്ച് നീണ്ടൂര്‍ ഇടവക ജനത്തിന്റെയും അറിവിലേക്ക് ഈ കുറിപ്പ് തയ്യാറാക്കിയിരിക്കുന്നത്.
നീണ്ടൂര്‍ ഇടവകയില്‍ ഉണ്ടായ പ്രശ്നങ്ങള്‍ അതിരൂപതയിലെ മൂന്നു സമുദായ സംഘടനകളുടെ അതിരൂപതാ എക്സിക്യൂട്ടീവ് അംഗങ്ങളുടെ പ്രതിനിധികള്‍ നീണ്ടൂര്‍ ഇടവകാംഗങ്ങളോടും ബന്ധപ്പെട്ടവരോടും അന്വേഷിച്ച്, രേഖകള്‍ വിശദമായി പരിശോധിച്ച്,പഠിച്ചപ്പോള്‍ ബോധ്യമായ കാര്യങ്ങളാണ് പങ്കുവയ്ക്കുന്നത്.
ഏറ്റുമാനൂരില്‍ ഇപ്പോഴും സ്ഥിരതാമസമുള്ള ശ്രീ. ജോര്‍ജ് കദളിക്കാട്ടില്‍ എന്ന വ്യക്തി, നീണ്ടൂര്‍ ഇടവകയുടെ ഭരണത്തില്‍ എങ്ങനെയെങ്കിലും കയറിപ്പറ്റുക എന്ന സ്ഥാപിത ലക്ഷ്യത്തോടെ നീണ്ടൂരിലേക്ക് വന്നതോടെയാണ് കെട്ടുറപ്പിലും ഒത്തൊരുമയിലും കോട്ടയം അതിരൂപതയിലെ തന്നെ മാതൃകാ ഇടവകയെന്ന പെരുമയുണ്ടായിരുന്ന നീണ്ടൂര്‍ ഇടവകയില്‍ ചില പ്രശ്‌നങ്ങള്‍ തുടങ്ങുന്നത്.
നീണ്ടൂരില്‍ മാതൃ ഇടവകാംഗത്വമുള്ളതും എന്നാല്‍ ഏറ്റുമാനൂര്‍ ടൗണില്‍ വിമലാ ആശുപത്രിക്ക് സമീപം സ്ഥിര താമസക്കാരനുമായ ഇദ്ദേഹത്തിന്റെ ലക്ഷ്യം ആദ്യമേ തിരിച്ചറിയാന്‍ ഇടവക നേതൃത്വത്തിന് കഴിഞ്ഞില്ല എന്നതാണു വസ്തുത.
ഇതു സംബന്ധമായ കേസുകളില്‍ കോടതിയില്‍ നല്‍കിയിരിക്കുന്ന രേഖകള്‍ പഠിച്ചതില്‍നിന്നും ഞങ്ങള്‍ക്ക് മനസ്സിലായ കാര്യങ്ങളാണ് ഇന്ത്യന്‍ നീതിന്യായ വ്യവസ്ഥയെ പൂര്‍ണ്ണമായും ബഹുമാനിച്ചു കൊണ്ടും വിധേയപ്പെട്ടു കൊണ്ടും ഇവിടെ പങ്കുവയ്ക്കുന്നത്.
ശ്രീ. ജോര്‍ജ് കദളിക്കാട്ടിലിന്റെ മാതൃ ഇടവക നീണ്ടൂര്‍ ആണെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. എന്നാല്‍ ഇരുപതുവര്‍ഷത്തിലധികമായിഏറ്റുമാനൂരില്‍ സ്ഥിര താമസമാക്കിയിരിക്കുന്ന അദ്ദേഹത്തിന്റെ സ്വന്തം ഭവനം കോട്ടയം അതിരൂപതയിലെ തന്നെ മറ്റൊരു ഇടവകയായ ഏറ്റുമാനൂര്‍ ദൈവാലയത്തിന്റെ ഇടവക അതിര്‍ത്തിക്കുള്ളിലാണ്. സഭാ നിയമപ്രകാരം ഒരു ഇടവകയുടെ അതിര്‍ത്തിക്കുള്ളില്‍ താമസിക്കുന്ന ആളാണ് ആ ഇടവകയിലെ അംഗമാവുക. എല്ലാ ഇടവകകള്‍ക്കും ഭൂമിശാസ്ത്രപരമായ അതിര്‍ത്തിയുണ്ട്. അതുപോലെ എല്ലാ ഇടവകകളിലെയും കൂടാരയോഗത്തിന്റെ വാര്‍ഡുകള്‍ക്കും കൃത്യമായ അതിര്‍ത്തി നിശ്ചയിച്ചിട്ടുണ്ട്. സാധാരണ നിലയില്‍ ഇടവകക്കാരനാകാന്‍ ഇടവക അതിര്‍ത്തിക്കുള്ളിലും, കൂടാരയോഗ അംഗമാകുവാന്‍ അതിന്റെ അതിര്‍ത്തിയിലും താമസിക്കണം.
ഇതില്‍ നിന്നു വ്യത്യസ്തമായി ഇടവക അതിര്‍ത്തിക്ക് വെളിയില്‍ താമസിക്കുന്ന കുടുംബത്തിന് പ്രത്യേക സാഹചര്യമുണ്ടെങ്കില്‍ അതു പരിഗണിച്ച് അതിരൂപതാദ്ധ്യക്ഷന്റെ പ്രത്യേക അനുവാദം വാങ്ങി മാത്രമേ, താമസിക്കുന്ന സ്ഥലത്തിന് പുറത്തുള്ള മറ്റൊരു ഇടവകയില്‍ നിശ്ചിതകാലത്തേക്ക് ചേരുവാന്‍ അനുമതി നല്കുകയുള്ളൂ.
നീണ്ടൂര്‍ ഇടവകയുടെ അതിര്‍ത്തിക്കുള്ളിലോ, സെന്റ് സെബാസ്റ്റ്യാന്‍സ് (2അ)വാര്‍ഡിന്റെ അതിര്‍ത്തിക്കുള്ളിലോ ശ്രീ ജോര്‍ജ് കദളിക്കാട്ടില്‍ കുടുംബമായി താമസിക്കുന്നില്ല; ഭവനവുമില്ല.
അതിരൂപയില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങിയിട്ടുമില്ല. അതുകൊണ്ടുതന്നെ ആദ്യം സൂചിപ്പിച്ചതുപോലെ ഇത് ബോധപൂര്‍വ്വമായി വന്നു സങ്കീര്‍ണ്ണതകളുണ്ടാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് എന്ന് കരുതാനേ കഴിയൂ.
നീണ്ടൂര്‍ ഇടവകയുടെ പഴയ ഡയറക്ടറിയില്‍ ശ്രീ ജോര്‍ജ് കദളിക്കാട്ടിലിന്റെ കുടുംബത്തിന്റെ ലിസ്റ്റ് അദ്ദേഹത്തിന്റെ സ്വന്തം ജേഷ്ഠന്റെ ഭവനത്തിന്റെ ലിസ്റ്റിനോട് ചേര്‍ന്ന് ആയിരുന്നു. എന്നാല്‍ പുതിയ ഡയറക്ടറിയില്‍ നിലവില്‍ ഇല്ലാത്ത 49-ാമത്തെ ഭവനമായി കുടുംബത്തിന്റെ ലിസ്റ്റ് ആസൂത്രിതമായി തെറ്റായി ചേര്‍ത്തിരിക്കുന്നു, ഇപ്രകാരം ഒരു ഭവനം ആ വാര്‍ഡില്‍ ഇല്ല എന്നതാണ് വസ്തുത. ഡയറക്ടറിയിലെ ഈ തെറ്റ് കോടതിയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുള്ളതാണ്. നീണ്ടൂര്‍ ഇടവകയുടെ ഒരു കൂടാരയോഗത്തിലും അദ്ദേഹത്തിന് അംഗത്വം ഇല്ല എന്നതാണ് വസ്തുത. ഇതും കോടതിയില്‍ വിശദീകരിച്ചിട്ടുണ്ട്.
ശ്രീ ജോര്‍ജ് കദളിക്കാട്ടില്‍ കഴിഞ്ഞ രണ്ടു വര്‍ഷക്കാലം നീണ്ടൂര്‍ ഇടവകയുടെ കൈക്കാരനായി സേവനം ചെയ്തതാണല്ലോ, ആ കാലയളവില്‍ ഇത് ചൂണ്ടിക്കാണിച്ചില്ല എന്ന ചോദ്യം ഇവിടെ പ്രസക്തമാണ്. ഈ ചോദ്യത്തിന് ഉത്തരം ലഭിക്കുന്നതിന്, താഴെ വിശദീകരിക്കുന്ന കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ ചരിത്രം നിങ്ങളുടെ ശ്രദ്ധയിലേക്ക് കൊണ്ടുവരികയാണ്.
ഇടവകാതിര്‍ത്തിക്കുള്ളില്‍ ഭവനം ഇല്ലാത്തതും വാസമില്ലാത്തതുമായ ഇദ്ദേഹത്തെ കൈകാരനാക്കാന്‍ പേര് നിര്‍ദ്ദേശിക്കപ്പെട്ടപ്പോള്‍ അതു ശരിയല്ലായെന്ന് പൊതുയോഗത്തിലെ ഏതാനും വ്യക്തികള്‍ ചൂണ്ടിക്കാണിച്ചെങ്കിലും, അത് ഗൗനിക്കാതെ അദ്ദേഹത്തെ കൈക്കാരനായി തിരഞ്ഞെടുക്കാന്‍ പാടില്ലാത്തതായിരുന്നു. മേല്‍പ്പറഞ്ഞ ആക്ഷേപത്തില്‍ പരാതികള്‍ അന്നൊന്നും അതിരൂപതയ്ക്ക് ലഭിച്ചിട്ടില്ലാത്തതിനാലും, മുന്‍ വികാരി ഇത് അതിരൂപതയുടെ ശ്രദ്ധയില്‍പ്പെടുത്താതിരുന്നതിനാലും, അദ്ദേഹം രണ്ടു വര്‍ഷക്കാലം നീണ്ടൂര്‍ ഇടവകയുടെ കൈക്കാരനായി പ്രവര്‍ത്തിച്ചു എന്നതാണു വസ്തുത. എന്നാല്‍, ഇടവകയില്‍ പുതുതായി എത്തിയ വികാരി ഈ കാര്യങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുവാനും സഭാ നിയമാനുസാരം ക്രമപ്രകാരം മുന്‍പോട്ടു പോകുവാനുമായി ഈ വിവരം അതിരൂപതയുടെ ശ്രദ്ധയില്‍ കൊണ്ടുവരികയാണുണ്ടായത്. വസ്തുത അറിയിക്കുക എന്ന ഉത്തരവാദിത്വം സത്യസന്ധമായി നിര്‍വഹിച്ച ഇടവക വികാരിയെ ഒറ്റപ്പെടുത്താനും കുറ്റപ്പെടുത്താനും ശ്രമിക്കുന്നത് ശരിയല്ല. കൈക്കാരനായിരിക്കെ ഇദ്ദേഹത്തിന്റെ സാന്നിധ്യത്തില്‍ കൂടിയ പാരിഷ് കൗണ്‍സിലിലാണ്, സാധാരണ ചെയ്യുന്നതുപോലെ, മുന്‍പ് രണ്ട് ടേം ( 6 വര്‍ഷം) പുരുഷ പ്രസിഡന്റായിരുന്ന 2 അ , 4അ, 5അ, 5 ആ എന്നീ കൂടാരയോഗ വാര്‍ഡുകളില്‍ വനിതാ പ്രസിഡണ്ടിനെ തിരഞ്ഞെടുക്കണമെന്ന് തീരുമാനിച്ചത്.
2അ വാര്‍ഡിലാണ് അദ്ദേഹത്തിന്റെ തറവാട് വീടും, ജ്യേഷ്ഠന്റെ വീടും ഉള്ളത്, ഈ വാര്‍ഡില്‍ അദ്ദേഹത്തിന്റെ പേരില്‍ ഭവനവുമില്ല സ്ഥിരതാമസവുമില്ല. എന്നാല്‍ തനിക്ക് പാരിഷ് കൗണ്‍സില്‍ അംഗമാകാന്‍ മറ്റു മാര്‍ഗ്ഗമില്ല എന്നു വൈകി തിരിച്ചറിഞ്ഞ ഇദ്ദേഹം, പിന്നീട്2അ കൂടാരയോഗത്തില്‍ വനിതാ പ്രസിഡന്റ് വേണ്ടെന്ന നിലപാട് സ്വയം സ്വീകരിക്കുകയും, പ്രത്യേക സാഹചര്യങ്ങള്‍ സൃഷ്ടിക്കുകയുമായിരുന്നു. 2അ കൂടാരയോഗ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ 3 തവണ അവിടെ കൂടാരയോഗം ചേരുകയുണ്ടായി. ആദ്യ തവണ കൂടാരയോഗം ചേര്‍ന്നപ്പോള്‍ പ്രസിഡന്റ് ആകാന്‍ സാധ്യതയുള്ള വനിതാ യോഗാംഗങ്ങളെ ഭിഷണിപ്പെടുത്തിയതിനാല്‍ അവര്‍ക്ക് യോഗത്തില്‍ സംബന്ധിക്കാനായില്ല എന്നാണ് കൂടാരയോഗാംഗങ്ങള്‍ തന്നെ പറഞ്ഞത്. വന്ന വനിതകള്‍ പ്രസിഡണ്ട് ആകാന്‍ തയ്യാറായുമില്ല, അവിടെ വച്ച് പ്രസിഡന്റിനെ തെരഞ്ഞെടുക്കാനാവാതെ യോഗം അലസിപ്പിരിയുകയാണുണ്ടായത്.
രണ്ടാമത് വികാരിയച്ചന്റെ നേതൃത്വത്തില്‍ കൂടാരയോഗം ചേര്‍ന്നപ്പോള്‍ രണ്ടു വനിതകള്‍ പ്രസിഡന്റാവാന്‍ സമ്മതമറിയിച്ച് മുന്നോട്ട് വന്നു. എന്നാല്‍ പെണ്ണുങ്ങള്‍ വീടു ഭരിച്ചാല്‍ മതി, കൂടാരയോഗവും, പള്ളിയും ആണുങ്ങള്‍ ഭരിച്ചുകൊള്ളാം എന്നു പറഞ്ഞ് അലോസരങ്ങള്‍ സൃഷ്ടിച്ച് തെരഞ്ഞെടുപ്പ് നടത്താന്‍ അനുവദിച്ചില്ല. തുടര്‍ന്ന് നടന്ന പള്ളി പൊതുയോഗത്തില്‍ ഈ വിഷയം ചര്‍ച്ച ചെയ്യുകയും 2അ വാര്‍ഡ് വനിതാ വാര്‍ഡായി പാരിഷ് കൗണ്‍സില്‍ എടുത്ത തീരുമാനം റദ്ദ് ചെയ്യാതെ, വീണ്ടും കൂടാരയോഗം തിരഞ്ഞെടുപ്പ് നടത്തുവാനും, അവര്‍ തന്നെ കൂടാരയോഗ അംഗങ്ങളില്‍ നിന്ന് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ഭാരവാഹികളെ തിരഞ്ഞെടുക്കണം എന്ന് തീരുമാനിക്കുകയും ചെയ്തു. ഈ തീരുമാനാടിസ്ഥാനത്തില്‍ മൂന്നാം വട്ടം തെരഞ്ഞെടുപ്പിനായി കൂടാരയോഗം ചേര്‍ന്നപ്പോള്‍ അവിടേക്ക് വനിതാ കൂടാരയോഗാംഗങ്ങള്‍ക്ക് വരാന്‍ തടസ്സങ്ങളുണ്ടാക്കി എന്നതാണ് വസ്തുത.
ആകെ ഗൃഹനാഥന്റെ ഭാര്യയും രണ്ടു സിസ്റ്റേഴ്‌സും മാത്രമാണ് വനിതകളായി പങ്കെടുത്തത്. യോഗാരംഭത്തില്‍ എത്തിയ 8 പുരുഷന്മാരില്‍ നിന്നും, 5 പുരുഷ ഭാരവാഹികളുടെ ലിസ്റ്റ് എഴുതി നല്‍കിയെങ്കിലും (യോഗാവസാന സമയത്ത് 3 പുരുഷന്മാരും എത്തി) പാരീഷ് കൗണ്‍സില്‍ തീരുമാനത്തിനും പൊതുയോഗ തീരുമാനത്തിനും വിരുദ്ധമായതിനാലും, കൂടാര യോഗാതിര്‍ത്തിക്കുള്ളിലോ ഇടവക അതിര്‍ത്തിക്കുള്ളിലോ താമസിക്കാത്ത ആള്‍ വാര്‍ഡ് പ്രസിഡന്റാവണം എന്ന ചിന്ത ഉചിതമല്ലാത്തതിനാലും, തെരഞ്ഞെടുപ്പു പ്രക്രിയ നിയമാനുസൃതമല്ലാത്തതിനാലും, വികാരിയച്ചന്‍ യോഗനടപടികള്‍ അവസാനിപ്പിച്ചു പിരിഞ്ഞു. ഇതേ കൂടാരയോഗത്തില്‍ നിന്നുള്ള അംഗങ്ങള്‍ രേഖാമൂലം തെരഞ്ഞെടുപ്പ് അംഗീകരിക്കാന്‍ പാടില്ല എന്നറിയിച്ച് വികാരി അച്ചന് പരാതിയും നല്‍കിയിരുന്നു. വികാരിയച്ചന്‍ പാരീഷ് കൗണ്‍സില്‍ അംഗങ്ങളുടെ ലിസ്റ്റ് അരമനയ്ക്കു നല്‍കിയപ്പോള്‍, 2അ വാര്‍ഡിലെ തെരഞ്ഞെടുപ്പ് നിയമാനുസൃതമായിരുന്നില്ല എന്ന് ചൂണ്ടിക്കാണിക്കുകയും ആവശ്യമായ പഠനം നടത്തി തീരുമാനമെടുക്കണമെന്ന് അപേക്ഷിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
തുടര്‍ന്ന്, അതിരൂപത കൂരിയ ഒരു കമ്മീഷനെ നിയോഗിച്ച് ഇക്കാര്യം പഠിച്ചു തീരുമാനം അറിയിക്കാമെന്ന് ഉറപ്പ് നല്‍കി. എന്നാല്‍ ഈ തീരുമാനത്തിനു കാത്തുനില്‍ക്കാതെ ശ്രീ. ജോര്‍ജ്ജ് കോടതിയെ സമീപിച്ചതോടെ വിഷയം കോടതിയുടെ പരിഗണനയ്ക്കും തീരുമാനത്തിനും വിധേയമായി എന്നതിനാല്‍ അതിരൂപതയുടെ തീരുമാനം ഇതുവരെ അറിയിക്കാന്‍ കഴിഞ്ഞിട്ടില്ല.
ഈയൊരു വാര്‍ഡിലെ പ്രതിനിധിയെ ഒഴികെ ബാക്കി എല്ലാ പാരിഷ് കൗണ്‍സില്‍ അംഗങ്ങളുടെയും തെരഞ്ഞെടുപ്പ് അംഗീകരിക്കുകയും അവര്‍ സത്യപ്രതിജ്ഞ ചെയ്യുകയും ചെയ്തു. എന്നാല്‍ പാരിഷ് കൗണ്‍സില്‍ യോഗം ചേരുന്നതിനെതിരെയും ഇദ്ദേഹം കോടതിയെ സമീപിച്ചതിനാല്‍ പാരിഷ് കൗണ്‍സില്‍ യോഗം ഇതുവരെ ചേര്‍ന്നിട്ടില്ല.
നീണ്ടൂര്‍ വികാരിയെ പ്രതിചേര്‍ത്ത് മൂന്നു കേസുകളാണ് നിലവില്‍ ശ്രീ.ജോര്‍ജും മററുള്ളവരും ചേര്‍ന്ന് കോടതിയില്‍ നല്‍കിയിരിക്കുന്നത്. സ്ഥിരതാമസമായുള്ള ഏറ്റുമാനൂര്‍ ഇടവകയിലെ കൂടാരയോഗത്തില്‍ അംഗമാവുകയാണ് സഭാ സംവിധാനങ്ങളെ ബഹുമാനിക്കുന്ന ഒരാളാണെങ്കില്‍ ഇദ്ദേഹം ചെയ്യേണ്ടത്. അപ്പോള്‍ ഈ നീക്കം പാരിഷ് കൗണ്‍സില്‍ അംഗമാകാനുള്ള ആസൂത്രണത്തിന്റെ ഭാഗമായാണ്.
നിര്‍ബന്ധ ബുദ്ധിയോടെ തങ്ങള്‍ പറയുന്നതുപോലെ മാത്രം ഇടവ വികാരിയും അതിരൂപത നേതൃത്വവും പ്രവര്‍ത്തിക്കണമെന്ന ശ്രീ. ജോര്‍ജ്ജിന്റെയും അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ഏതാനും പേരുടെയും പിടിവാശി സഭാ നിയമങ്ങള്‍ക്കും കീഴ്വഴക്കങ്ങള്‍ക്കും വിരുദ്ധമാണ്, മാത്രവുമല്ല വെല്ലുവിളിയുമാണ്. നിലവില്‍ ഈ വിഷയത്തില്‍ കോടതിയെ സമീപിച്ച സ്ഥിതിക്ക് കോടതിയുടെ അന്തിമ വിധി വരുന്നതുവരെ കാത്തിരിക്കുകയല്ലേ സാധിക്കുകയുള്ളൂ.
മുകളില്‍ പറഞ്ഞിരിക്കുന്നവ ഞങ്ങളുടെ അന്വേഷണത്തിലും പഠനത്തിലും ഞങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യങ്ങളാണ്. മറിച്ചു നടക്കുന്ന പ്രചാരണങ്ങളും ഭീഷണിപ്പെടുത്തലുകളും എല്ലാം, കുറേ വര്‍ഷങ്ങളായി സമുദായത്തിലും ഇടവകകളിലും അസ്വസ്ഥത വളര്‍ത്താന്‍ ചിലര്‍ നടത്തുന്നതുപോലെ, നീണ്ടൂര്‍ ഇടവകയിലും നടത്തുന്ന ശ്രമത്തിന്റെ ബാക്കി പത്രമാണ്.
സമുദായ സംരക്ഷണത്തിന്റെ മുഖംമൂടി അണിഞ്ഞ് നടത്തുന്ന ഈ പ്രവര്‍ത്തികളെ ഇനിയെങ്കിലും തിരിച്ചറിയേണ്ടേ?
ചുരുക്കത്തില്‍, 2അ വാര്‍ഡില്‍ വനിതാ പ്രസിഡന്റ് ആകണമെന്ന് പാരിഷ് കൗണ്‍സില്‍ ഏകകണ്ഠമായി തീരുമാനിച്ചിട്ടുള്ളതായതിനാലും, തിരഞ്ഞെടുത്തു എന്ന് അവകാശപ്പെടുന്ന വ്യക്തി നീണ്ടൂരില്‍ സ്ഥിരതാമസക്കാരനല്ലാത്തതിനാലും, മറ്റൊരു ഇടവകയുടെ പരിധിയില്‍ താമസിച്ചുകൊണ്ട് നീണ്ടൂര്‍ ഇടവകാംഗമായി തുടരുന്നതിന് അനുമതി വാങ്ങിയിട്ടില്ലാത്തതിനാലും, 316 ഇടവകക്കാരുടെ പരാതി ഈ വ്യക്തിയെ പാരിഷ് കൗണ്‍സില്‍ അംഗമാക്കുന്നതിനെതിരെ രൂപതാകേന്ദ്രത്തില്‍ നല്കിയിട്ടുള്ളതിനാലും, ഈ സാഹചര്യത്തിലും തുടര്‍ച്ചയായി സ്ത്രീകളെ ഉള്‍പ്പടെ അപമാനിക്കുന്ന സന്ദേശങ്ങള്‍ ഇദ്ദേഹം നല്കി വരുന്നതിനാലും, ഇദ്ദേഹത്തിന്റെ വാക്കുകളും പ്രവര്‍ത്തനങ്ങളും പലപ്പോഴും വിഭാഗതീയത വളര്‍ത്താന്‍ ശ്രമിക്കുന്നതാണെന്നതിനാലും, ഇദ്ദേഹത്തെ കൂടാരയോഗ പ്രസിഡന്റായി നിയമാനുസൃതം തെരഞ്ഞെടുത്തിട്ടില്ലാത്തതിനാലും, ഇടവക കൂടാരയോഗത്തിലോ, പാരിഷ് കൗണ്‍സിലിലോ പരിഗണിക്കുന്നത് ഉചിതമല്ലായെന്ന് ഞങ്ങള്‍ കരുതുന്നു. മാത്രമല്ല, ജോര്‍ജ്ജിന് സഭാസമുദായ പ്രവര്‍ത്തനങ്ങളില്‍ ആത്മാര്‍ത്ഥമായ താല്പര്യമുണ്ടെങ്കില്‍ ഏറ്റുമാനൂര്‍ ഇടവകയില്‍ ് ന്യായമായും പ്രവര്‍ത്തിക്കുന്നതിനുള്ള അവസരങ്ങളും അവകാശങ്ങളും ഉണ്ടല്ലോ.
നീണ്ടൂര്‍ ഇടവകക്കാര്‍ക്കും അതിരൂപതയ്ക്കും ജോര്‍ജ്ജിനോട് വ്യക്തിപരമായി യാതൊരു വിരോധവുമില്ല. ഇപ്രകാരം നിയമാനുസൃതമല്ലാത്ത അനുമതി ഒരാള്‍ക്കു മാത്രം നല്കുന്നത് അതിരൂപതയുടെ മറ്റ് ഇടവകകളുടെയും പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്നതു കൂടി ഓര്‍ക്കണം. എല്ലാറ്റിനുമുപരി കോടതിയുടെ പരിഗണനയിലിരിക്കുന്ന വിഷയമെന്ന നിലയില്‍ ഇക്കാര്യത്തില്‍ ഒരു തീരുമാനമെടുക്കുവാനുള്ള പ്രായോഗിക ബുദ്ധിമുട്ടുകള്‍ കൂടി ഉണ്ടെന്നു ഞങ്ങള്‍ കരുതുന്നു.
നീണ്ടൂര്‍ ഇടവകയിലെ പ്രിയ ക്നാനായ സഹോദരങ്ങളെ, കഴിഞ്ഞ പൊതുയോഗത്തില്‍ ഒരു കാര്യം വ്യക്തമായിരുന്നല്ലോ ഇരുന്നൂറിലധികം പേര്‍ പങ്കെടുത്ത പൊതുയോഗത്തില്‍ ഇരുപത്തിയഞ്ചോളം പേര്‍ മാത്രമാണ് വിയോജിച്ചതും എതിര്‍ത്തുനിലകൊണ്ടതും. ഇവരുടെ ഭീഷണി സ്വരത്തിനു വഴങ്ങി നീണ്ടൂര്‍ ഇടവകയെ അധോഗതിയിലേക്ക് നയിക്കുകയാണോ വേണ്ടത് അതോ സത്യം തിരിച്ചറിഞ്ഞ് അതിനുവേണ്ടി നിലകൊള്ളുകയാണോ വേണ്ടതെന്ന് ഗൗരവമായി ആലോചിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
അനാവശ്യമായ തെറ്റിദ്ധാരണകളില്‍ വശംവദരാകാതെ നീണ്ടൂര്‍ ഇടവകയെ, മുന്‍കാലങ്ങളില്‍ ഉണ്ടായിരുന്ന പ്രൗഢിയിലേക്കുംഒത്തൊരുമയിലേക്കും തിരിച്ചുകൊണ്ടുവരുന്നതിനായി എല്ലാവരും സൗഹൃദത്തോടെ ഒറ്റക്കെട്ടായി പരിശ്രമിക്കണമെന്ന് സ്‌നേഹപൂര്‍വ്വം അഭ്യര്‍ത്ഥിക്കുന്നു.
പി.എ. ബാബു പറമ്പടത്തുമലയില്‍
പ്രസിഡന്റ്
Knanaya Catholic Congress
ഷൈനി ചൊള്ളമ്പേല്‍
പ്രസിഡന്റ്
Knanaya Catholic Women’s Association
ജോണിസ് പി. സ്റ്റീഫന്‍
പ്രസിഡന്റ്
Knanaya Catholic Youth League