അതിസമ്പന്നതയുടെ നടുവിലും ലളിത ജീവിതത്തിന് അര്‍ത്ഥവും മധുരവുമുണ്ടെന്നും വ്യവസായം ചെയ്യുന്നതും ബിസിനസ് നടത്തുന്നതും ലാഭം ഉണ്ടാക്കാന്‍ വേണ്ടി മാത്രമല്ല പ്രത്യുത രാഷ്ട്രനിര്‍മ്മിതിക്കും സാമൂഹിക പ്രതിബദ്ധതക്കും വേണ്ടികൂടിയാകണമെന്നു ഉറച്ചു വിശ്വസിക്കുകയും അപ്രകാരം ജീവിതം വഴി സാക്ഷ്യപ്പെടുത്തുകയും ചെയ്ത ഇന്ത്യ കണ്ട ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ കര്‍മ്മയോഗി, രത്തന്‍ ടാറ്റ വിട പറഞ്ഞിരിക്കുന്നു. എന്നാല്‍ അദ്ദേഹം അവശേഷിപ്പിച്ച നന്മയുടെ പാദമുദ്രകള്‍ ഇന്ത്യയുടെ മനസില്‍ എന്നും പതിഞ്ഞിരിക്കും. സാധാരണ പറയുന്നതുപോലെ ഉപ്പു മുതല്‍ ഉരുക്കു വരെ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയുടെ സമസ്ത മേഖലയിലും ടാറ്റായുടെ സംഭാവന വളരെ വലുതാണ്. ഇന്ത്യയിലെയോ ലോകത്തിലെയോ ഒന്നാമത്തെ സമ്പന്നനാകണമെന്ന് ഒരു നിമിഷം പോലും അദ്ദേഹം ആഗ്രഹിച്ചിട്ടുണ്ടാകില്ലയെന്നാണ് അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങളെ കൂടുതല്‍ മനസിലാക്കുവാന്‍ പരിശ്രമിക്കുമ്പോള്‍ നമുക്കു കണ്ടെത്തുവാന്‍ കഴിയുന്നത്. മറിച്ച് തന്റെ വ്യവസായവും സമ്പത്തും തനിക്കുവേണ്ടി മാത്രമല്ല രാജ്യത്തിനും സാധാരണക്കാര്‍ക്കും ഉപയോഗപ്പെടണമെന്ന് വ്യക്തമായ നിഷ്കര്‍ഷ പുലര്‍ത്തിയ വ്യവസായിയാണ് ശരാശരി ഇന്ത്യക്കാരന്റെ മനസില്‍ രത്നം പോലെ തിളങ്ങുന്ന രത്തന്‍ ടാറ്റാ. ഇന്നത്തെ ഇന്ത്യയിലെ ഒന്നാംനിരക്കാരായ പല വ്യവസായ പ്രമുഖരുടെയും പേരില്‍ ഷെയര്‍ കമ്പനികള്‍ ഉള്‍പ്പെടെ രൂപീകരിച്ച്, അവിഹിത മാര്‍ഗത്തിലൂടെ തങ്ങളുടെ സമ്പത്തു വര്‍ദ്ധിപ്പിച്ചുവെന്നും രാജ്യത്തെ ജനങ്ങള്‍ക്കു നഷ്ടം വരുത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ നില്ക്കുമ്പോള് ടാറ്റാ ഗ്രൂപ്പിനെക്കുറിച്ചു അങ്ങനെയൊന്നും ആര്‍ക്കും ആക്ഷേപിക്കാന്‍ കഴിയില്ല എന്നതാണ് വസ്തുത. ബിസിനസ് തരപ്പെടുത്താന്‍ വേണ്ടി ഭരണ രംഗത്തു ഇടപെടല്‍ നടത്താനോ മൂല്യങ്ങളില്‍ വിട്ടുവീഴ്ച ചെയ്യാനോ ടാറ്റാ തയ്യാറായില്ല എന്നതാണ് ഇന്ത്യയിലെ ജനങ്ങളുടെ മനസില്‍ ടാറ്റായുടെ മാറ്റു കൂട്ടുന്നത്. മാനവികതയും ധാര്‍മ്മിക മൂല്യങ്ങളും സമന്വയിപ്പിച്ച് ബിസിനസ് നടത്താമെന്നു പഠിപ്പിക്കുകയും അപ്രകാരം നടത്തുകയും ചെയ്ത വ്യക്തിത്വമാണ് ടാറ്റാ ഗ്രൂപ്പിന്റെ മുന്‍ ചെയര്‍മാനായിരുന്ന രത്തന്‍ ടാറ്റാ. 100 ലധികം രാജ്യങ്ങളിലായി 30 കമ്പനികളുടെ നിയന്ത്രണമുണ്ടായിരുന്ന അദ്ദേഹം നാട്യങ്ങളില്ലാത്തതും ലളിതവുമായ ജീവിതമാണ് നയിച്ചത്. ടാറ്റായെ ഒരു ആഗോള ബ്രാന്‍ഡ് ആക്കി മാറ്റുന്നതില്‍ അദ്ദേഹം വിജയിച്ചു എന്നു തന്നെയാണ് മനസിലാക്കേണ്ടത്. രാജ്യത്തിനുള്ള അദ്ദേഹത്തിന്റെ സംഭാവന കണക്കിലെടുത്താണ് 2008 ല്‍ രാജ്യത്തെ രണ്ടാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായി പത്മവിഭൂഷണ്‍ നല്കി രാജ്യം അദ്ദേഹത്തെ ആദരിച്ചത്.
വ്യവസായികളിലെ ജീവകാരുണ്യത്തിന്റെ മുഖമായിരുന്നു രത്തന്‍ ടാറ്റാ. ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും വലിയ ജീവകാരുണ്യ ട്രസ്റ്റാണ് ടാറ്റായുടേത്. ലാഭത്തിന്റെ 65% ജീവകാരുണ്യ സന്നദ്ധപ്രവര്‍ത്തനത്തിനു നീക്കിവയ്ക്കുന്ന ശൈലിയാണ് ടാറ്റായുടേത്. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലെ പുതിയ ആശയങ്ങളും നൂതനസംരഭങ്ങളും ഗ്രാമീണ വികസനത്തിനു നല്കുന്ന പിന്തുണ, മൃഗങ്ങള്‍ ഉള്‍പ്പെടെയുള്ള സഹജീവികളോടുള്ള കരുണ, പ്രകൃതിയോടുള്ള സ്നേഹം, ലളിത ജീവിതം ഇതെല്ലാം ടാറ്റായെ ഇന്ത്യയിലെ മറ്റു പല വ്യവസായി പ്രമുഖരില്‍ നിന്നും വ്യത്യസ്തനാക്കുന്നു. ഇന്ത്യയിലാദ്യമായി ഡേ കെയര്‍, പ്രസവ അവധി, പ്രോവിഡന്റ് ഫണ്ട് എന്നിവ നടപ്പാക്കിയത് ടാറ്റായാണ്. പിന്നിടാണ് സര്‍ക്കാര്‍ പോലും അതു നടപ്പിലാക്കി തുടങ്ങിയത്. ലോകത്ത് ആദ്യമായി 1912 ല്‍ തൊഴിലാളികളുടെ ജോലി സമയം എട്ടു മണിക്കൂറായി നിജപ്പെടുത്തിയത് ടാറ്റാ ഗ്രൂപ്പാണ്. കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി (സി.എസ്.ആര്) പ്രവര്‍ത്തനങ്ങള്‍ ലോകത്തു ആദ്യമായി നടപ്പിലാക്കിയ കമ്പനി ടാറ്റായാണ്. പിന്നീട് ലോകം അത് അനുകരിക്കുകയും രാജ്യങ്ങള്‍ നിയമം ഉണ്ടാക്കുകയും ചെയ്തു. ടാറ്റായുടെ സാമൂഹ്യ പ്രതിബദ്ധതയുടെ അടയാളവുമായ ആരോഗ്യ ശുശ്രൂഷാരംഗത്ത് സേവനങ്ങള്‍ നൂറ്റാണ്ടിനു മുന്‍പു തുടങ്ങിയതാണ്. ഒന്നാം ലോകമഹായുദ്ധ കാലത്ത് മുംബൈ താജ് ഹോട്ടല്‍ 600 ബെഡുള്ള ആശുപത്രിയാക്കിയതുള്പ്പെടെ കോവിഡ് മഹാമാരി നമ്മുടെ നാടിനെ ഗ്രസിച്ചപ്പോള്‍, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ആശുപത്രികള്‍ സ്ഥാപിച്ചും ഓക്സിജന്‍ ലഭ്യമാക്കിയും നല്കിയ സേവനങ്ങള്‍ വരെ ടാറ്റാ ഗ്രൂപ്പിന്റെ സാമൂഹിക പ്രതിബദ്ധതയുടെ നേര് സാക്ഷ്യങ്ങളാണ്. കോവിഡ് കാലത്ത് 2500 കോടി രൂപയുടെ സേവനമാണ് ഇന്ത്യയിലെ ജനങ്ങള്‍ക്കു ടാറ്റാ ഗ്രൂപ്പ് ചെയ്തു കൊടുത്തത്. തങ്ങളുടെ ജോലിക്കാരെ ചേര്‍ത്തു പിടിച്ചുതു വേറെ. രാജ്യത്ത് കാന്‍സര്‍ ചികിത്സക്കായി ലോകോത്തര നിലവാരമുള്ള നിരവധി ആശുപത്രികള്‍ സ്ഥാപിച്ചു. ഗ്രാമങ്ങളില്‍ ഭിന്നശേഷിക്കാരായ കുഞ്ഞുങ്ങളുടെ സമഗ്ര വളര്‍ച്ച ലക്ഷ്യമാക്കി നിരവധി പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. ഇതു കൂടാതെ രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ ഗ്രാമീണ മേഖലയിലെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു നല്കുന്ന സഹായം, പിന്നോക്കം നില്ക്കുന്ന 50000 കുട്ടികള്‍ക്കും കുടുംബങ്ങള്‍ക്കും പ്രതിമാസ സഹായം, ഗ്രാമീണ മേഖലയില്‍ സുരക്ഷിത കുടിവെള്ളം ലഭ്യമാക്കല്‍, നൂതന കാര്‍ഷിക രീതികള്‍ പരിചയപ്പെടുത്തല്‍ എന്നിവയും ടാറ്റാ ട്രസ്റ്റ് ചെയ്തു വരുന്നു. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ ടാറ്റ ട്രസ്റ്റ് കര്‍ഷര്‍ക്ക് മിതമായ നിരക്കില്‍ സോളാര്‍ പമ്പുകള്‍ നല്‍കുന്നുണ്ട്. നാനോ കാറിന്റെ നിര് മ്മാണം നിര്‍ത്തിയെങ്കിലും ആ പ്രോജക്ടിനു പിന്നില്‍ പാവങ്ങളോടുള്ള കരുതലുണ്ടായിരുന്നു. 1868 ല്‍ പ്രവര്‍ത്തനം ആരംഭിച്ചു 156 വര്‍ഷത്തെ പാരമ്പര്യമുള്ള ടാറ്റാ കുടുംബത്തെ ഇന്ത്യയിലെ ആകമാനം ജനത്തിനും ഒരിക്കലും മറക്കാനാവില്ല. അവരുടെ അനുദിന ജീവിതത്തില്‍ ടാറ്റായെ ഒഴിവാക്കി ജീവിക്കാനാകുമോ എന്നത് ഇന്നത്തെ സാഹചര്യത്തില്‍ സംശയമാണ്. രത്തന്‍ ടാറ്റ പറഞ്ഞതുപോലെ “എത്ര കഷ്ടത നേരിട്ടാലും സ്വന്തം മൂല്യങ്ങളും തത്വങ്ങളും നഷ്ടപ്പെടുത്താതിരിക്കുക.” മാനുഷിക നന്മയിലും സേവന തല്പരതയിലും ഊന്നി നിന്നുകൊണ്ടുള്ള ടാറ്റായുടെ ഈ നിലപാടാണ് ജനഹൃദയങ്ങളില്‍ അദ്ദേഹത്തെ അനശ്വരനാക്കുന്നത്.