ന്യൂയോര്‍ക്ക് നഗരത്തിലെ പ്രസിദ്ധമായ സെന്റ് പാട്രിക് കത്തീഡ്രലിന്റെ മുന്നില്‍ നിന്നും ആരംഭിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍ മൂവായിരത്തിയഞ്ഞൂറോളം പേരുടെ പങ്കാളിത്തം. ന്യൂയോര്‍ക്ക് സിറ്റിയില്‍ നിന്നും ലോംഗ് ഐലന്‍ഡ്, ന്യൂജേഴ്സി, വെസ്റ്റ്ചെസ്റ്റര്‍ കൗണ്ടി എന്നിവിടങ്ങളില്‍ നിന്നും വാഹനമോടിച്ച എത്തിയ നൂറുകണക്കിനാളുകളാണ് ദിവ്യകാരുണ്യ പ്രദക്ഷിണത്തിനായി തെരുവിലിറങ്ങിയത്. കാലിഫോര്‍ണിയ ആസ്ഥാനമായുള്ള നാപ്പ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ദിവ്യകാരുണ്യ പ്രദിക്ഷണത്തില്‍, ന്യൂയോര്‍ക്ക് സിറ്റി ഓക്‌സിലറി ബിഷപ്പ് ജോസഫ് എസ്പില്ലത്ത്, ഒക്ലഹോമ സിറ്റി ആര്‍ച്ച് ബിഷപ്പ് പോള്‍ കോക്ക്ലി, സര്‍വ്വകലാശാലയുടെ പ്രസിഡന്റ് മോണ്‍സിഞ്ഞോര്‍ ജെയിംസ് ഷീ എന്നിവരും പങ്കുചേര്‍ന്നു.
കത്തോലിക്കാ സംഘടനയായ നാപ്പ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ന്യൂയോര്‍ക്ക് സിറ്റിയിലെ അഞ്ചാം വാര്‍ഷിക ദിവ്യകാരുണ്യ പ്രദിക്ഷണമാണിത്. റേഡിയോ സിറ്റി മ്യൂസിക് ഹാളില്‍ നിന്ന് ദിവ്യകാരുണ്യ നാഥന്റെ രാജകീയ യാത്ര ടൈംസ് സ്‌ക്വയറിലേക്കും പരിസര പ്രദേശങ്ങളിലേക്കും നീണ്ടു. ദിവ്യകാരുണ്യ പ്രദിക്ഷണത്തിനു മുന്നോടിയായി സെന്റ് പാട്രിക് കത്തീഡ്രലില്‍ നടന്ന വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ നിരവധി വൈദികരും പങ്കാളികളായി. ആര്‍ച്ച് ബിഷപ്പ് പോള്‍ കോക്ക്ലി വിശുദ്ധ കുര്‍ബാന അര്‍പ്പണത്തില്‍ മുഖ്യകാര്‍മ്മികനായി.