വയനാട്, വിലങ്ങാട് ദുരന്തപുനരധിവാസം: കെ.സി.ബി.സി ദുരിതാശ്വാസ പ്രവര്‍ത്തന പുരോഗതി വിലയിരുത്തി

വയനാട്ടിലെ മുണ്ടക്കൈ, ചൂരല്‍മല, കോഴിക്കോട് ജില്ലയിലെ വിലങ്ങാട് എന്നിവിടങ്ങളില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ദുരന്ത ബാധിതര്‍ക്കായി കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ നേതൃത്വത്തില്‍ കേരള കത്തോലിക്കാ സഭ ഒന്നുചേര്‍ന്നു നടപ്പിലാക്കുന്ന പുനരധിവാസ പ്രവര്‍ത്തനങ്ങളുടെ ഇതുവരെയുള്ള വിലയിരുത്തല്‍ നടത്തുകയും ഭാവി പ്രവര്‍ത്തനങ്ങളുടെ വിശദാശംശങ്ങള്‍ക്കു രൂപരേഖ തയ്യാറാക്കുകയും ചെയ്തു. കെസിബിസി ജസ്റ്റീസ് പീസ് ആന്‍ഡ് ഡെവലപ്പ്മെന്റ് കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് മാര്‍ ജോസ് പുളിക്കലിന്റെ അദ്ധ്യക്ഷതയില്‍ കാഞ്ഞിരപ്പള്ളി പാസ്റ്ററല്‍ സെന്ററിലാണു യോഗം ചേര്‍ന്നത്. നാളിതുവരെ നടത്തിയ ജീവന്‍ രക്ഷാ പ്രവര്‍ത്തനങ്ങളുടേയും ദുരിതാശ്വാസ സഹായങ്ങള്‍ ലഭ്യമാക്കിയതിന്റെയും കൗണ്‍സലിംഗ് ഉള്‍പ്പടെയുള്ള മാനസികാരോഗ്യ സാമൂഹ്യ ശാക്തീകരണ പ്രവര്‍ത്തനങ്ങളുടേയും വിശദാംശങ്ങള്‍ കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ഫാ. ജേക്കബ് മാവുങ്കല്‍ യോഗത്തില്‍ അവതരിപ്പിച്ചു. ദുരന്ത പ്രദേശങ്ങളില്‍ പ്രവര്‍ത്തിച്ചു വരുന്ന രൂപതാ സാമൂഹ്യസേവന വിഭാഗങ്ങളുടെ പങ്കാളിത്തത്തിലും മേല്‍നോട്ടത്തിലും നടത്തിവരുന്ന പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി കല്പറ്റ ആസ്ഥാനമാക്കി കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ആരംഭിച്ച ഓഫീസിലൂടെ നടപ്പിലാക്കി വരുന്ന പ്രവര്‍ത്തനങ്ങളും യോഗത്തില്‍ അവതരിപ്പിച്ചു. കാരിത്താസ് ഇന്‍ഡ്യ ഉള്‍പ്പടെയുള്ള വിവിധ പ്രസ്ഥാനങ്ങളുടെ സഹകരണത്തോടെ 925 ദുരന്ത ബാധിത കുടുംബങ്ങള്‍ക്ക് 9,500 രൂപ വീതം ലഭ്യമാക്കുകയുണ്ടായി. കൂടാതെ ജീവനോപാധികള്‍ പുനഃസ്ഥാപിക്കുന്നതിനായി പ്രാദേശിക സാമൂഹ്യ സേവന പ്രസ്ഥാനങ്ങളിലൂടെ ഒരു കോടി രൂപ വീതം ലക്ഷ്യമാക്കുന്നതിനുള്ള നടപടികള്‍ പൂര്‍ത്തിയാവുകയും കുടുംബാംഗങ്ങള്‍ക്ക് ഇതിനാവശ്യമായ പ്രാരംഭ പരിശീലനം നല്കുകയും ചെയ്തു. ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായ പശ്ചാത്തലത്തില്‍ കെസിബിസിയുടെ ദുരന്ത നിവാരണ വിദഗ്ധ സമിതി ദുരിതബാധിത പ്രദേശങ്ങളില്‍ തുടര്‍ സന്ദര്‍ശനം നടത്തുകയും അടുത്ത ഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള വിശദാംശങ്ങള്‍ തയ്യാറാക്കുകയും ചെയ്തു. ഇതുവരെ നടപ്പിലാക്കിയ പ്രവര്‍ത്തനങ്ങളും ഇനി നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തനങ്ങളും വിലയിരുത്തിയ യോഗം ഭവനനിര്‍മ്മാണമുള്‍പ്പടെയുള്ള തുടര്‍ സുസ്ഥിര പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാരുമായി സഹകരിച്ച് കാര്യക്ഷമമായി നടപ്പിലാക്കുന്നതിനായി സംസ്ഥാന സര്‍ക്കാരുമായും സര്‍ക്കാരിന്റെ ദുരന്ത നിവാരണ വിഭാഗവുമായും ഒക്ടോബര്‍ 15-ാംതീയതി ചര്‍ച്ചകള്‍ നടത്തി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ തീരുമാനിച്ചു. കെസിബിസി യുടെ പോസ്റ് ഡിസാസ്റ്റര്‍ മിറ്റിഗേഷന്‍ കമ്മിറ്റി അംഗങ്ങളായ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട് , ഫാ. റൊമാന്‍സ് ആന്റണി, ഫാ. ജോര്‍ജ്ജ് വെട്ടിക്കാട്ടില്‍, ഫാ. തോമസ് തറയില്‍,എന്നിവരും കേരള സോഷ്യല്‍ സര്‍വ്വീസ് ഫോറം ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായ ഫാ. ജോണി പുതുക്കാട്ട്, ഫാ. വര്‍ഗ്ഗീസ് കിഴക്കേക്കര, ഫാ. സീജന്‍ മനുവേലിപറമ്പില്‍, ഫാ. ബിനീഷ് കാഞ്ഞിരത്തിങ്കല്‍, ഫാ. അഗസ്റ്റിന്‍ മേച്ചേരി എന്നിവരും യോഗത്തില്‍ പങ്കെടുത്തു.

 

Previous Post

ഐസിപിഎ- ജെ മൗരസ് എസ്എസ്പി അവാര്‍ഡ് വിനായക് നിര്‍മ്മലിന് സമ്മാനിച്ചു

Next Post

ഫാര്‍മേഴ്‌സ് ക്ലബ്ബ് രൂപീകരിച്ച് മാസ്സ്

Total
0
Share
error: Content is protected !!