ക്‌നാനായ സമുദായത്തിന്റെ വളര്‍ച്ചയ്ക്ക് നിദാനമായത് ഈ സമുദായത്തിന്റെ കൂട്ടായ്മയും കാലാകാലങ്ങളില്‍ സഭാ നേതൃത്വത്തിന്റെയും അല്മായ നേതൃത്വത്തിന്റെയും ഒത്തൊരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുമാണ്. ഇക്കാര്യം മറ്റു സഭാവിഭാഗങ്ങളും പൊതുസമൂഹവും എടുത്തുപറയുന്ന കാര്യവുമാണ്. ഇത്തരത്തില്‍ പൊതുസമൂഹത്തില്‍ ക്‌നാനായ സമുദായത്തിനും കോട്ടയം അതിരൂപതയ്ക്കും നാളിതുവരെ ഒരു വിലയും നിലയും അംഗീകാരവുമുണ്ട്. എന്നാല്‍, ഇതിന് ഭംഗം വരുത്തുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് കുറേനാളുകളായി തുടര്‍ച്ചയായി ഏതാനും ആളുകള്‍ ചെയ്തുവരുന്നത്. അതിരൂപത നിയമസംഗ്രഹം, നവീകരണസമിതി കേസില്‍ അതിരൂപതയും കെസിസിയും കോടതിയില്‍ കൊടുത്ത അഫിഡവിറ്റ്, ക്‌നാനായ മിഷനുകള്‍, പ്രവാസികളായ ക്‌നാനായക്കാരുടെ കൂദാശ സ്വീകരണം, യഹൂദ പാരമ്പര്യം കോടതിയില്‍ നിഷേധിച്ചു എന്ന തരത്തിലുള്ള ആരോപണം തുടങ്ങി ഇക്കൂട്ടര്‍ ഉന്നയിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വസ്തുതകളും അതിരൂപതയുടെ നിലപാടുകളും സംഘടനാതലങ്ങളിലും ആലോചന സമിതികളിലും ഫൊറോനാ തലങ്ങളിലുള്ള പാരിഷ് കൗണ്‍സില്‍ മീറ്റിങ്ങുകളിലും അഭിവന്ദ്യ പിതാക്കന്മാരുടെ ഇടയ സന്ദര്‍ശന വേളയിലെ പൊതുയോഗത്തിലുമെല്ലാം പല ആവര്‍ത്തി വിശദീകരിച്ചിട്ടുള്ളതും ഉന്നയിച്ച ചോദ്യങ്ങള്‍ക്കെല്ലാം വ്യക്തമായ മറുപടി നല്കിയിട്ടുള്ളതുമാണ്. വസ്തുത ഇതായിരിക്കെ ക്‌നാനായക്കാരുടെ സാമുദായികമായ വികാരം ചൂഷണം ചെയ്ത് സമുദായാംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ചിലര്‍ ബോധപൂര്‍വ്വം നടത്തിവരുന്നത്.
റോമാ രൂപതയിലെ കുടിയേറ്റക്കാരുടെ ആത്മീയ വളര്‍ച്ചയ്ക്കായി എല്ലാ ഇടവകകളിലും അവരവരുടെ വികാരിമാരുടെ നേതൃത്വത്തിലും വിവിധ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാരുടെ വൈദികരുടെ സഹകരണത്തിലും പ്രത്യേകം പാരിഷ് കൗണ്‍സില്‍ രൂപീകരിക്കണമെന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ നിര്‍ദ്ദേശം നല്കുകയുണ്ടായി. റോമില്‍ ക്‌നാനായക്കാര്‍ക്ക് ഒന്നിച്ചുകൂടി വിശുദ്ധ ബലിയര്‍പ്പിക്കാന്‍ വര്‍ഷങ്ങളായി അവസരമുണ്ടായിരുന്ന റോമാ രൂപതയുടെ സാന്‍ പിയോ ദൈവാലയത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പായുടെ നിര്‍ദ്ദേശാനുസരണം രൂപീകരിക്കപ്പെട്ട പാരിഷ് കൗണ്‍സില്‍ മീറ്റിംഗ് വികാരി ബഹു. ഡൊണാത്തോ അച്ചന്റെ അംഗീകാരത്തോടെ നടന്നുവരവേ ഏതാനും സമുദായാംഗങ്ങളുടെ ഭാഗത്തുനിന്നുണ്ടായ പ്രകോപനപരവും അനഭിലഷണീയവുമായ പ്രവര്‍ത്തനങ്ങളാണ് ഈ ദൈവാലയത്തില്‍ കുര്‍ബാനയ്ക്കായി ഒത്തുചേരാനുള്ള അവസരം നഷ്ടപ്പെടുത്തുന്ന തീരുമാനമെടുക്കാന്‍ റോമാ രൂപതയിലെ ലത്തീന്‍ പള്ളിയിലെ വികാരിയെ പ്രേരിപ്പിച്ചത.് ഇക്കാര്യത്തില്‍ വസ്തുതകള്‍ മറച്ചുവച്ച് സമുദായാംഗങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകളാണ് നിലവില്‍ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നത്.
സീറോ മലബാര്‍ സഭയിലെ ഒരു അതിരൂപതയെന്നനിലയില്‍ കോട്ടയം അതിരൂപതയുടെ അജപാലന പ്രവര്‍ത്തനങ്ങള്‍ വിദേശത്തേക്കും വ്യാപിപ്പിക്കുന്നതിന് സീറോ മലബാര്‍ സഭാസിനഡിന്റെ സഹകരണം കൂടിയേ തീരൂ. സീറോ മലബാര്‍ സഭാ സിനഡിന്റെ അഭിപ്രായമാരായാതെ റോമില്‍ നിന്ന് നമുക്ക് അനുകൂലമായ ഒരു തീരുമാനം സഭാ സംവിധാനത്തില്‍നിന്നും ഉണ്ടാകില്ല. നമുക്ക് വേണ്ടി സംസാരിക്കേണ്ടവരെ തന്നെ വെറുപ്പിക്കുന്ന ഒരു സമീപനം സ്വീകരിച്ചാല്‍ എങ്ങനെ നമ്മുടെ സമുദായികവും സഭാപരവുമായ വളര്‍ച്ച സാധ്യമാകും ?
ആയതിനാല്‍ സഭാ സംവിധാനങ്ങളെപ്പറ്റി മനസ്സിലാക്കി അതിരൂപതാദ്ധ്യക്ഷനോടു ചേര്‍ന്ന് സമുദായാംഗങ്ങള്‍ ഒരേ മനസ്സോടെ പ്രാര്‍ത്ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്താല്‍ ഇസ്രായേല്‍ ജനത്തെ സംരക്ഷിച്ചതുപോലെ ക്‌നാനായ സമുദായത്തെയും എക്കാലവും ദൈവം അതിന്റെ തനിമയിലും പാരമ്പര്യത്തിലും നിലനിര്‍ത്തും. എല്ലാ ക്‌നാനായ മക്കളും ആ ബോദ്ധ്യത്തോടെ പ്രവര്‍ത്തിക്കണം. അല്ലാതെ സമുദായ അംഗങ്ങളെ തെറ്റിദ്ധരിപ്പിച്ച് പ്രതിഷേധ സമരമാര്‍ഗ്ഗങ്ങള്‍ അവലംബിക്കുന്നത് ക്‌നാനായ സമുദായത്തില്‍ ഭിന്നിപ്പ് ഉളവാക്കുവാനേ വഴിയൊരുക്കൂ. ആയതിനാല്‍ കോട്ടയം പട്ടണത്തില്‍ ക്‌നാനായ സമുദായത്തെ അവഹേളിക്കുവാന്‍ വഴിയൊരുക്കുന്ന രീതിയിലുള്ള റാലിയും പ്രതിഷേധ ധര്‍ണ്ണയും നടത്തുന്നതില്‍നിന്നും പങ്കെടുക്കുന്നതില്‍നിന്നും എല്ലാ യഥാര്‍ത്ഥ സമുദായ സ്‌നേഹികളും വിട്ടുനില്ക്കണമെന്ന് അതിരൂപതാ ജാഗ്രതാ സമിതി ആവശ്യപ്പെടുന്നു.
ഫാ. എബ്രാഹം പറമ്പേട്ട്
ചെയര്‍മാന്‍, ജാഗ്രതാസമിതി