ചങ്ങനാശ്ശേരി അതിരൂപതയുടെ മെത്രാപ്പോലീത്തയായി ചുമതലയേല്ക്കുവാന്‍ നിയുക്തനായ മാര്‍ തോമസ് തറയില്‍ പിതാവിന് കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപത മെത്രാസന മന്ദിരത്തില്‍ സ്വീകരണം നല്കി. ചങ്ങനാശ്ശേരി അതിരൂപത മെത്രാപ്പോലീത്തായുടെ ഉത്തരവാദിത്വത്തില്‍നിന്നും വിരമിക്കുന്ന മാര്‍ ജോസഫ് പെരുന്തോട്ടം പിതാവും സന്നിഹിതനായിരുന്നു. ദൈവാശ്രയബോധത്തിലും സഭാസ്നേഹത്തിലും അടിയുറച്ചുനിന്ന് ഉദാത്തമായ കാഴ്ചപ്പാടോടെ നിസ്തുലമായ മേല്പട്ടശുശ്രൂഷ മാതൃകാപരമായി നിര്‍വ്വഹിച്ച മാര്‍ ജോസഫ് പെരുന്തോട്ടം മെത്രാപ്പോലീത്തായുടെ സേവനങ്ങളെ കോട്ടയം അതിരൂപതാദ്ധ്യക്ഷന്‍ മാര്‍ മാത്യു മൂലക്കാട്ട് മെത്രാപ്പോലീത്ത ശ്ലാഘിക്കുകയും നന്ദിപറയുകയും ചെയ്തു. ചങ്ങനാശ്ശേരി അതിരൂപതയെ കാലാനുസൃതമായി നയിക്കുവാന്‍ ദൈവം നിയോഗിച്ചിരിക്കുന്ന മാര്‍ തോമസ് തറയില്‍ പിതാവിന് അഭിനന്ദനങ്ങളും പ്രാര്‍ത്ഥനകളും മാര്‍ മാത്യു മൂലക്കാട്ട് പിതാവ് നേരുകയുണ്ടായി. കോട്ടയം അതിരൂപതാ സഹായമെത്രാന്മാരായ മാര്‍ ജോസഫ് പണ്ടാരശ്ശേരില്‍, ബിഷപ്പ് ഗീവര്‍ഗീസ് മാര്‍ അപ്രേം, വികാരി ജനറാള്‍ ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, അതിരൂപത കൂരിയാ അംഗങ്ങള്‍, വൈദിക-സമര്‍പ്പിത-സമുദായ സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.