അമ്പത് വര്‍ഷം മുമ്പ് റോമിലെ സെന്റ് നിക്കോളാസ് ടൊളന്റീനൊ പള്ളിയില്‍ കബറടക്കം ചെയ്തിരുന്ന മുന്‍ അര്‍മ്മീനിയന്‍ പാത്രിയാര്‍ക്കീസ് കാര്‍ഡിനല്‍ ഗ്രിഗറി പീറ്റര്‍ അഗാജീനിയന്റെ ഭൗതിക ശരീരമാണ് ജീര്‍ണിക്കാതെ കാണപ്പെട്ടത്. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് കര്‍ദ്ദിനാള്‍ പാത്രിയര്‍ക്കീസിനെ ബെയ്റൂട്ടിലെ അര്‍മ്മീനിയന്‍ കാത്തലിക്ക് കത്തീഡ്രലില്‍ അടക്കം ചെയ്യുന്നതിലേക്ക് കല്ലറ തുറന്നപ്പോഴാണ് അദ്ദേഹത്തിന്റെ ശരീരം അഴുകാതെ കാണപ്പെട്ടത് എല്ലാവരേയും അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന്റെ ഭൗതികശരീരം ഇനി ബെയ്റൂട്ടില്‍ സെന്റ് ഏലിയാസ് – ഗ്രിഗറി കത്തീഡ്രലിലായിരിക്കും നിത്യവിശ്രമം കൊള്ളുക. ഇപ്പോഴത്തെ അര്‍മ്മീനിയന്‍ പാത്രിയര്‍ക്കീസ് റാഫായേല്‍ ബെദ്രോസ് മിനാസ്സിയാന്റെ പ്രത്യേക താല്പര്യത്തിലും അര്‍മ്മീനിയന്‍ ജനതയുടെ ആഗ്രഹത്തിലുമാണ് ഈ പുനര്കബറടക്കം നടത്തിയത്.
1895 ല്‍ ഇന്നത്തെ ജോര്‍ജിയയില്‍ ജനിച്ച കര്‍ദ്ദിനാള്‍ അഗാജിനിയന് 1946 ല്‍ കര്‍ദ്ദിനാള്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ടു. 1971 ല്‍ നിത്യസമ്മാനത്തിനായി വിളിക്കപ്പെട്ട കര്‍ദ്ദിനാള്‍ സഭയിലെ വ്യത്യസ്ത താക്കോല്‍സ്ഥാനങ്ങള്‍ അലങ്കരിച്ചു. 1937 ലാണ് അദ്ദേഹം അര്‍മ്മീനിയന്‍ പാത്രിയാര്‍ക്കിസ് ആയത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന്റെ മുഖ്യസംഘാടകനും പൗരസ്ത്യസഭകളുടെ വളര്‍ച്ചയ്ക്കായി പരിശ്രമിച്ച പാത്രിയാര്‍ക്കീസ് സുവിശേഷവത്ക്കരണത്തിനായുള്ള കോണ്‍ഗ്രിഗേഷന്റെ പ്രീഫക്റ്റ് ആയിരിക്കുമ്പോഴാണ് വിരമിക്കുന്നത്. വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പയെ തിരഞ്ഞെടുത്ത കോണ്‍ക്ലേവില്‍ ”പാപ്പാബിലി”യായി കണക്കാക്കപ്പെട്ടിരുന്നു. ഇദ്ദേഹത്തിന്റെ ജീവിത വിശുദ്ധിയും സഭാസ്നേഹവും അംഗീകരിച്ച സാര്‍വത്രിക സഭ അദ്ദേഹത്തെ വിശുദ്ധനായി നാമകരണം ചെയ്യാനുള്ള നടപടികള്‍ 2022 ല്‍ ആരംഭിച്ചു കഴിഞ്ഞു. വലിയ ആഘോഷമായിട്ടാണ് ലെബനീസ് ജനത കര്‍ദ്ദിനാളിന്റെ ഭൗതികശരീരം ഏറ്റു വാങ്ങിയത്.
മ്യൂസിങ്ങ്സ് (ചിന്തോദ്ദീപകം)
മൃതശരീരം ജീര്‍ണിക്കാതിരിക്കുന്നത് വിശുദ്ധപദവിയിലേക്കുള്ള തെളിവായി സഭ അംഗീകരിച്ചിട്ടില്ല. എങ്കിലും വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഇതൊരു അത്ഭുതമല്ലെങ്കിലും അതിസ്വാഭാവികമായി കണക്കാക്കപ്പെടുന്നു. കര്‍ദ്ദിനാളിന്റെ വിശുദ്ധജീവിതത്തോട് ചേര്‍ത്തു വയ്ക്കുമ്പോള്‍ ഇതൊരു വിശുദ്ധിയുടെ അടയാളം തന്നെ. മാത്രമല്ല സങ്കീര്‍ത്തനം 16 ല്‍ ”അങ്ങയുടെ പരിശുദ്ധന് ജീര്‍ണിക്കാന്‍ അനുവദിക്കുകയില്ല” എന്ന് എഴുതപ്പെട്ടിട്ടുണ്ടല്ലോ. വിശ്വാസത്തിനുവേണ്ടി ഏറെ സഹനങ്ങള്‍ ഏറ്റുവാങ്ങിയ അര്‍മ്മീനിയന്‍ കത്തോലിക്കരുടെ പ്രതീക്ഷകള്‍ പൂവണിയട്ടെ.
ഫാ. തോമസ് കോട്ടൂര്‍