കോട്ടയം: ആതുരശുശ്രൂഷാരംഗത്ത് തലമുറകള്‍ക്ക് കരുതലും കാവലുമായി മാറിയ കാരിത്താസ് ആശുപത്രിയുടെ സേവനങ്ങള്‍ക്ക് തെള്ളകം കാരിത്താസ് മാതാ മള്‍ട്ടി സ്പെഷാലിറ്റി ആശുപത്രിയിലും തിരിതെളിഞ്ഞു. അതിനൂതന ചികിത്സാരംഗത്ത് കാരിത്താസിന്റെ പുത്തന്‍ ചുവടുവയ്പ്പിന് സാക്ഷ്യം വഹിക്കാന്‍ ആധ്യാത്മിക, രാഷ്ട്രീയ, സാമൂഹിക മേഖലകളിലെ ഒട്ടേറെ വിശിഷ്ട വ്യക്തികള്‍ സന്നിഹിതരായി.
63 വര്‍ഷം മുന്‍പ് കോട്ടയം തെള്ളകത്ത് ലളിതമായി തുടക്കം കുറിച്ച കാരിത്താസ് ആശുപത്രി അനേകരുടെ സമര്‍പ്പിത സേവനഫലമായി മധ്യതിരുവിതാംകൂറിലെ മുന്‍നിര ശുശ്രൂഷാലയമായി വളര്‍ന്നതിനുള്ള സാക്ഷ്യമായി മാറി പ്രൗഢമായ ഉദ്ഘാടനസമ്മേളനം.
കോട്ടയം അതിരൂപതയുടെ മുന്‍ ബിഷപ് മാര്‍ തോമസ് തറയിലിന്റെ ചിരകാലസ്വപ്നമെന്നോണം ആരംഭിച്ച കാരിത്താസ് വൈദ്യശുശ്രൂഷയുടെ ഉദാത്തമായ സേവനരംഗമായി ഇക്കാലമത്രയും പ്രശോഭിക്കുന്നു. ശാരീരികവും മാനസികവുമായ സൗഖ്യം ഏവര്‍ക്കും ഉറപ്പാക്കാന്‍ ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുന്ന സ്ഥാപനമാണ് കാരിത്താസ്. രോഗിയോടും അവരുടെ കുടുംബത്തോടും അനുകമ്പയും സ്നേഹവും മനുഷ്യത്വവും പുലര്‍ത്തുന്നതില്‍ കാരിത്താസ് കൂട്ടായ്മ ഒരുമയോടെ വര്‍ത്തിക്കുന്നു’- അധ്യക്ഷപ്രസംഗത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് പറഞ്ഞു.
കേരള സമൂഹത്തിന് കാരിത്താസ് ആശുപത്രി ഉറപ്പാക്കുന്ന സേവനവും ശുശ്രൂഷയും ഉദാത്തവും മാതൃകാപരവുമാണെന്ന് മന്ത്രി വി.എന്‍. വാസവന് പറഞ്ഞു. ആശുപത്രി മന്ദിരത്തില്‍ മാത്രം ഒതുങ്ങുന്ന സേവനമല്ല എവരുടെയും പൊതുസുരക്ഷ ഉറപ്പാക്കുന്നതിലും ഈ സ്ഥാപനം പ്രതിബന്ധത പുലര്‍ത്തിയ അനുഭവങ്ങള്‍ പലതുണ്ട്. കോവിഡ് മഹാമാരിയിലും കൂട്ടിക്കല്‍ ഉരുള്‍പൊട്ടലിലും വയനാട് ദുരന്തത്തിലുമൊക്കെ ദുരിതബാധികര്‍ക്കും സര്‍ക്കാരിനും കൈത്താങ്ങായി കാരിത്താസ് മുന്നോട്ടിറങ്ങി. മാതാ ആശുപത്രിയിലെ എല്ലാ ജീവനക്കാരെയും നിലനിറുത്തി ആ സ്ഥാപനം ഏറ്റെടുക്കുകയെന്നതും വലിയ മാതൃകയാണെന്നും മന്ത്രി വാസവന് അനുസ്മരിച്ചു.
പരമാവധി കുറഞ്ഞ ചെലവില്‍ ഏറ്റവും ഉന്നതമായ ചികിത്സ നല്‍കുകയാണ് കാരിത്താസ് ആശുപത്രികളുടെ ലക്ഷ്യമെന്ന് കോട്ടയം അതിരൂപതാ സഹായമെത്രാന്‍ മാര്‍ ജോസഫ് പണ്ടാരശേരില്‍ പറഞ്ഞു.
രോഗനിര്‍ണയത്തിലും ചികിത്സയിലും അതിനൂനതമായ ഉപകരണസംവിധാനങ്ങള്‍ എത്തിക്കുകയും അതിസൂക്ഷ്മമായ പരിശോധനകളിലൂടെ രോഗനിര്‍ണയം നടത്തുകയും സാധ്യമായ എല്ലാ ചികിത്സകളും നല്‍കുക വഴി എല്ലാവര്ക്കും ജീവരക്ഷയും സുഖപ്രാപ്തിയും കാരിത്താസ് ലക്ഷ്യം വയ്ക്കുന്നതായി മാര്‍ പണ്ടാരശേരില്‍ കൂട്ടിച്ചേര്‍ത്തു.
കോട്ടയത്തെ ക്നാനായ കത്തോലിക്കാ അതിരൂപതയുടെ ദര്‍ശനത്തിന്റെയും സമര്‍പ്പണത്തിന്റെയും സാക്ഷ്യമായി അത്യാധുനിക ചികിത്സ ഉറപ്പാക്കുന്ന സ്ഥാപനമാണിത്. മാര്‍ തോമസ് തറയിലിന്റെ അന്‍പതാം ചരമവാര്‍ഷിക വേളയില്‍ ഇത്തമൊരു നേട്ടം കൈവരിക്കാനായതും ഏറെ ധന്യത പകരുന്നു. വിവിധ പ്രദേശങ്ങളിലായി ഇതോടകം കാരിത്താസ് അഞ്ച് ആശുപത്രികള്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിപ്പിക്കുക വഴി പരമാവധി സേവനം ഗ്രാമീണമേഖലയിലും ഉറപ്പാക്കാന്‍ ശ്രമിക്കുന്നതായി കാരിത്താസ് ആശുപത്രി ഡയറക്ടര്‍ റവ. ഡോ. ബിനു കുന്നത്ത് സ്വാഗതപ്രസംഗത്തില്‍ പറഞ്ഞു.
കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപി, ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് പി.എ. ബാബു പറമ്പടത്തുമലയില്‍, ഏറ്റുമാനൂര്‍ നഗരസഭാധ്യക്ഷ ലൗലി ജോര്‍ജ് പടിക്കര, കാരിത്താസ് ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ.ബോബി എന്‍. എബ്രഹാം എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. മാതാ ആശുപത്രി മാനേജ്മെന്റിനെ ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട് ആദരിച്ചു. കോഫി ടേബിള്‍ ബുക്ക് പ്രകാശനം മാര്‍ ജോസഫ് പണ്ടാരശേരില്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് എംപിക്ക് കോപ്പി നല്കി നിര്‍വഹിച്ചു. വിവിധ ആശുപത്രികളുടെ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുത്തു.