കടുത്തുരുത്തി സെന്റ് മൈക്കിള്‍സ് സ്‌കൂളിലെ അധ്യാപകരുടെ നേതൃത്വത്തില്‍ സ്‌കൂളും പരിസരവും പൊതുവഴിയും വൃത്തിയാക്കിക്കൊണ്ട് ശ്രമദാനം ചെയ്തുകൊണ്ടാണ് അധ്യാപക ദിനം കൊണ്ടാടിയത്. പുല്ലു വെട്ടിത്തെറിച്ച് റോഡ് വൃത്തിയാക്കുകയും, ജൈവ- അജൈവ മാലിന്യങ്ങളെ വേര്‍തിരിച്ച് സംസ്‌കരിക്കുകയും ചെയ്തു.
വൃത്തിയാക്കിയ സ്ഥലത്ത് അധ്യാപകരുടെ നേതൃത്വത്തില്‍ ഫലവൃക്ഷതൈകള്‍ നട്ടു പിടിപ്പിക്കുകയും ചെയ്തു. മാത്രമല്ല, സ്‌കൂളിലെ പൂര്‍വ്വ അധ്യാപകന്‍ വി വര്‍ഗീസ് സാറിനെ വീട്ടില്‍ ചെന്ന് കണ്ട് ആദരിക്കുകയും സാറുമായി ആശയവിനിമയം നടത്തുകയും ചെയ്തു.
‘വൃത്തിയുള്ളതാവട്ടെ അകവും പുറവും ‘ എന്ന സന്ദേശം അധ്യാപകദിനത്തില്‍ നല്‍കി കൊണ്ടാണ് അധ്യാപകര്‍ വ്യത്യസ്തമായ രീതിയില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചത്. സാമൂഹ്യ സേവനത്തിന്റെ വ്യത്യസ്ത മാതൃക നല്‍കിയ അധ്യാപകരെ വിദ്യാര്‍ഥികളും മാതാപിതാക്കളും നാട്ടുകാരും അഭിനന്ദിച്ചു.