തെങ്ങിന്റെ നല്ല ചങ്ങാതിയായി ചാമക്കാലാക്കാരന്‍ ബെന്നി കെ. തോമസ്

സെപ്റ്റംബര്‍ 2 ലോക നാളികേര ദിനം
കോട്ടയം: സെപ്റ്റംബര്‍ 2 ലോക നാളികേര ദിനമായി ആചരിക്കുമ്പോള്‍ തെങ്ങിന്റെ നല്ല ചങ്ങാതിയായി മാറിയ കഥയാണ് കോട്ടയം ജില്ലയിലെ ചാമക്കാല സ്വദേശി കുഴിക്കാട്ട് വീട്ടില്‍ ബെന്നി കെ. തോമസ്സിന് പറയുവാനുള്ളത്. 12 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ബെന്നി കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി നാളികേര വികസന ബോര്‍ഡുമായി സഹകരിച്ച് നടപ്പിലാക്കിയ തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതിയില്‍ പങ്കാളിയായത്. ആറ് ദിവസത്തെ വിദഗ്ദ്ധ പരിശീലനത്തോടൊപ്പം സൗജന്യമായി ലഭ്യമാക്കിയ തെങ്ങ് കയറ്റ മെഷീനും പിന്നീട് തുടര്‍ന്നുള്ള ബെന്നിയുടെ ജീവിതത്തിന് വഴികാട്ടിയായി മാറി. ഇന്ന് കോട്ടയം ജില്ലയിലും പത്തനംതിട്ട, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളിലെ വിവിധ പ്രദേശങ്ങളിലും നാളികേര സംബന്ധമായ ആവശ്യങ്ങള്‍ക്ക് ബെന്നിയുടെ സേവനം ലഭ്യമാണ്. പ്രതിദിനം 1800 മുതല്‍ 2500 രൂപാ വരെ തെങ്ങ് കയറ്റത്തിലൂടെ വരുമാനം കണ്ടെത്തുവാന്‍ സാധിക്കുന്നുവെന്ന കാര്യം ബെന്നി സന്തോഷത്തോടെ അനുസ്മരിക്കുന്നു. തെങ്ങ് ഒരുക്കുവാനും കിടങ്ങളില്‍ നിന്നും തെങ്ങിനെ സംരക്ഷിക്കുവാനുമുള്ള മരുന്ന് പ്രയോഗം ഉള്‍പ്പെടെ ഉള്ള സേവനങ്ങള്‍ ബെന്നി ലഭ്യമാക്കി വരുന്നു. കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ പുരുഷ സ്വാശ്രയസംഘത്തിലെ അംഗവും ഫെഡറേഷന്‍ പ്രതിനിധിയുമായ ബെന്നി കെ.എസ്.എസ്.എസിന്റെ എല്ലാ പ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ്. കൂടാതെ ചൈതന്യ കാര്‍ഷികമേളയോടനുബന്ധിച്ച് നടത്തപ്പെടുന്ന കോക്കനട്ട് ഒളിമ്പിക്‌സ് മത്സരത്തിലെ സ്ഥിരം മത്സരാര്‍ത്ഥിയുമാണ് ബെന്നി.

ഫോണില്‍ വിളിച്ച് ബുക്ക് ചെയ്യുന്നവര്‍ക്ക് പതിവായി തന്റെ സേവനം ബെന്നി ഉറപ്പുവരുത്തുകയും ചെയ്യുന്നു. തെങ്ങുകയറ്റ മേഖലയിലെ തൊഴിലാളി ക്ഷാമം പരിഹരിക്കുവാന്‍ വിഭാവനം ചെയ്ത തെങ്ങിന്റെ ചങ്ങാതിക്കൂട്ടം പദ്ധതി ഇന്ന് തന്റെ ജീവിതത്തിന് കൂടുതല്‍ വെളിച്ചം പകരുന്നു എന്ന കാര്യം ബെന്നി സന്തോഷത്തോടെ അനുസ്മരിക്കുന്നു. ഒപ്പം കെ.എസ്.എസ്.എസിന്റെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന തെങ്ങ് കയറ്റ പരിശീലന പരിപാടിയുടെ മാസ്റ്റര്‍ ട്രെയിനര്‍ കൂടിയാണ് ബെന്നി. ബെന്നിയെപ്പോലെ നൂറ് കണക്കിന് ആളുകള്‍ക്ക് തെങ്ങ് കയറ്റത്തിലൂടെ ഉപവരുമാന സാധ്യതകളോടൊപ്പം നാളികേര കൃഷി മേഖലയ്ക്ക് പുതുജീവന്‍ നല്‍കുവാന്‍ കോട്ടയം സര്‍വ്വീസ് സൊസൈറ്റിക്ക് സാധിച്ചുവെന്നത് ഏറെ ചാരുതാര്‍ത്ഥ്യം നിറഞ്ഞ കാര്യമാണെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. സുനില്‍ പെരുമാനൂര്‍ പറഞ്ഞു. അങ്ങനെ ബെന്നി തുടരുകയാണ് തന്റെ ജീവിത യാത്ര.. തെങ്ങിന്റെ നല്ല ചങ്ങാതിയായി..

Previous Post

പി കെ എം കോളേജ് നേതൃത്വത്തില്‍ ദേശീയ കായികദിനാഘോഷം

Next Post

 ഫ്രാന്‍സിസ് മാര്‍പാപ്പ അജപാലനയാത്ര ആരംഭിച്ചു

Total
0
Share
error: Content is protected !!